സുവര്‍ണമൂല്യമുള്ള ഊദിനെക്കുറിച്ച്
സ്വര്‍ണംപോലെ വിലയുള്ള മരക്കഷ്ണമുണ്ടെന്ന് സങ്കല്‍പിക്കാനാവുമോ.
അത്തരം ഒരു മരമാണ് ഊദ്. വിശുദ്ധവും ദൈവികവുമായ ഗന്ധമാണ് ഊദിനെന്നാണ് അറബികള്‍ പറയാറ്.
മലയാളികളും അറബികളുമായുളള ബന്ധത്തിന്റെ മികച്ച കണ്ണികളില്‍ ഒന്നുമാണ് സുഗന്ധദ്രവ്യമായ ഊദ്.
ഏലവും കുരുമുളകും ചുക്കും ഉള്‍പ്പെട്ട സുഗന്ധദ്രവ്യങ്ങളെക്കുറിച്ചാണ് നാം പാഠപുസ്തകങ്ങളിലൂടെ മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍ പണ്ടു കാലം മുതല്‍ ഇന്ത്യന്‍ തീരങ്ങളില്‍നിന്ന് ഊദ് വിദേശങ്ങളിലേക്ക് പായക്കപ്പലുകളില്‍ അറബികളുടെ മേല്‍നോട്ടത്തില്‍ കടല്‍കടന്നിരുന്നുവെന്നത് നമ്മില്‍ പലര്‍ക്കും അറിയില്ല.
ആനക്കൊമ്പും ചന്ദനവും കുങ്കുമവുംപോലെ ഏറെ സവിശേഷപ്പെട്ട ഉല്‍പ്പന്നമായാണ് വിദേശനാടുകള്‍ ഊദിനെ കണ്ടിരുന്നത്. സുഗന്ധദ്രവ്യങ്ങളെ ഏറെ സ്‌നേഹിച്ചവരുടെ ഇഷ്ടവസ്തുക്കളിലും ഊദിന് സ്ഥാനമുണ്ടായിരുന്നതായി ചരിത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടും. അറബ് നാടുകളെക്കുറിച്ചുള്ള എല്ലാവിധ വിചാരങ്ങളും ഉപ്പുവെള്ളത്തിലെ കപ്പലോട്ടങ്ങളുമായി ബന്ധപ്പെട്ടാണ് തുടങ്ങി അവസാനിക്കുന്നത്. ഈന്തപ്പഴവുമായി കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിയ പത്തേമാരികളെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ യാത്ര ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും അനുഭൂതി പകരുന്ന കാര്യമാണ്.
അറബികള്‍ മാത്രമല്ല, മലയാളികളില്‍ പലരും ഊദിനെ സ്വന്തം ജീവിതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യര്‍ക്ക് ക്രയശേഷി വര്‍ധിച്ചതോടെയാണ് നമ്മുടെ ആളുകള്‍ക്കിടയിലും ഊദ് ഉപയോഗിക്കുന്ന ശീലം വളര്‍ന്നത്. വിദേശികള്‍ക്കൊപ്പം നഗരവാസികളായ പലരും മുന്തിയ ഇനം ഊദ് തേടി എത്താറുണ്ടെന്ന് കോഴിക്കോട്ടെ കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
വിയറ്റ്‌നാമിലെ ഫാര്‍മസികളില്‍ അകത്തുകഴിക്കാവുന്ന മരുന്നായി ഊദ് തൈലം വില്‍പ്പന നടത്തുന്നുണ്ട്. ചൈനക്കാര്‍ കരള്‍രോഗം, ശ്വാസകോശത്തെയും വയറിനെയും ബാധിക്കുന്ന അര്‍ബുദം എന്നിവക്ക് ഊദ് എണ്ണ മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വാതം, ദഹനസബന്ധമായ പ്രശ്‌നങ്ങള്‍, തൊലിയിലുണ്ടാവുന്ന വൃണങ്ങള്‍, കുഷ്ഠം തുടങ്ങിയവക്കെല്ലാം ഊദ് ഔഷധമായി ഉപയോഗിക്കാമെന്ന് ആയുര്‍വേദം പറയുന്നു.
ഗുണമേന്മയുള്ള മുന്തിയ ഇനം ഊദിന് കിലോക്ക് ഒരു ലക്ഷം രൂപയോളം വിലയുണ്ട്. 10 ഗ്രാം ഊദ് ഓയലിന്(അത്തര്‍ എന്നാണ് ഇത് പൊതുവില്‍ അറിയപ്പെടുന്നത്) വിപണി വില 3,500 ആണ്. അസമിലെ നാഗോണ്‍ ജില്ലയിലെ ഹോജായി എന്ന ചെറിയ ഒരു പ്രദേശത്തുള്ള ഏതാനും കുടുംബങ്ങള്‍ക്കായിരുന്നു ആദ്യകാലത്ത് ഈ മരത്തിന്റെ മൂല്യവും ഊദെന്ന അമൂല്യവസ്തു ശേഖരിക്കുന്നതിന്റെ അറിവും ഉണ്ടായിരുന്നത്.
പണ്ട്, പോസിറ്റീവ് എനര്‍ജിയെക്കുറിച്ചോ മാനസിക രോഗങ്ങളെക്കുറിച്ചോ വൈദ്യശാസ്ത്രം സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുന്നതിനും മുമ്പ് ഒരു തടിക്കഷ്ണം പുകച്ചാല്‍ മനസിനും ശരീരത്തിനും ഉന്മേഷം കിട്ടുമെന്ന് നമ്മുടെ
പൂര്‍വികര്‍ കണ്ടുപിടിച്ചു. ആ തടിക്കഷ്ണമാണ് ഊദ്. ടിബറ്റുകാര്‍ പൗരാണിക കാലംമുതല്‍ പ്രാര്‍ഥിക്കാന്‍ ഊദ് പു കക്കുമായിരുന്നു. പ്രാര്‍ഥന മനസിന് ഊര്‍ജം പകരുമ്പോള്‍ ഊദിന്റെ സുഗന്ധം ആത്മീയമായ ഉണര്‍വുനല്‍കുമെന്ന് ബുദ്ധമതം പറയുന്നു. ദൈവത്തിന്റെ സ്വന്തം മരം എന്നാണ് ഊദ് അറിയപ്പെടുന്നത്.
വിലയില്‍ ഒന്നാമനായി ഇന്ത്യന്‍ ഊദ്
അറബി ഭാഷയില്‍ നിന്നാണ് ഊദ് എന്ന വാക്ക് രൂപപ്പെട്ടത്. 'വിറക്', 'കൊള്ളി' എന്നെല്ലാമാണ് അറബിയില്‍ ഈ പദത്തിന് അര്‍ഥം. ഉറുദുവിലും ഹിന്ദിയിലും അഖര്‍ എന്നാണ് അറിയപ്പെടുന്നത്. സംസ്‌കൃത പദമായ അഖ്‌രുവില്‍ നിന്നാണ് ഉത്ഭവിച്ചത്. ഇംഗ്ലീഷില്‍ അഗര്‍വുഡെന്നാണ് അറിയപ്പെടുന്നത്. 17 വിഭാഗത്തില്‍പെട്ട ഊദ് മരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരുന്നുണ്ട്. ഇതില്‍ എട്ടെണ്ണത്തില്‍ നിന്ന് മാത്രമാണ് ഊദ് ലഭിക്കുന്നത്.
ഏറ്റവും മുന്തിയ ഇനം ഊദ് ഇന്ത്യയില്‍ നിന്നുള്ളതാണ്. കിലോക്ക് 30,000 മുതല്‍ നാലു ലക്ഷം രൂപവരെയാണ് കേരളത്തിലെ വില. ഊദ് എണ്ണക്ക് 12 മില്ലിഗ്രാമിന് 3,000 മുതല്‍ 22,000 വരെയാണ് വില. എണ്ണയുടെ കട്ടിയും കടുത്ത നിറവുമാണ് ഏറ്റവും മുന്തിയവയെ തിരിച്ചറിയാന്‍ ഇടയാക്കുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസമിലും മണിപ്പൂരിലുമാണ് ഊദ് മരങ്ങള്‍ വളരുന്നത്. കേരളത്തിലെ മലമ്പ്രദേശങ്ങളിലും ഊദ് മരങ്ങള്‍ പലരും പരീക്ഷിച്ചിട്ടുണ്ട്...... ആഗോളതലത്തില്‍ ഏറ്റവും അധികം ഉല്‍പാദിപ്പിക്കുന്നത് സിംഗപ്പൂര്‍, ഇന്തോനേഷ്യ, കംബോഡിയ, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളാണ്.
ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്റ്, ചൈന, ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, കംബോഡിയ, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ് ഊദ് മരങ്ങള്‍ കൂടുതലായി വളരുന്നത്. വിലയിലും ഗുണത്തിലും ഒന്നാം സ്ഥാനത്ത് ഇന്ത്യയില്‍ നിന്നുള്ളതാണ്. വില ഏറ്റവും ഉയര്‍ന്നതായതിനാല്‍ ഇന്ത്യന്‍ ഊദെന്ന പേരില്‍ വ്യാജ ഉത്പന്നങ്ങളും വിപണിയില്‍ സജീവമാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു.
ആയുര്‍വേദം, യൂനാനി, ടിബറ്റന്‍ ചൈനീസ് പാരമ്പര്യ ചികിത്സാരീതികള്‍ എന്നിവയില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള പ്രാധാന ഔഷധമായി പറയുന്നത് ഊദാണ്.
എട്ടാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ മൃതദേഹങ്ങള്‍ മമ്മിയാക്കാനും ഊദ് വാറ്റിയ തൈലം ഉപയോഗിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധഭിക്ഷുക്കളും സൂഫിവര്യന്മാരും ഇത് ഉപയോഗിച്ചിരുന്നു. ജപ്പാനില്‍ നടത്തിയ ശാസ്ത്രീയമായ പരീക്ഷണങ്ങളില്‍ ചില പ്രത്യേക ഔഷധഗുണങ്ങള്‍ ഉണ്ടെന്നു കണ്ടെത്തി. ഊദ് മാനസികമായി ഉണര്‍വും ശാന്തതയും നല്‍കുകയും ഡിപ്രഷന്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. നെഗറ്റീവ് എനര്‍ജി മനുഷ്യശരീരത്തില്‍നിന്നു ഇല്ലാതാവുന്നു. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ഉത്സാഹം കൂട്ടുകയും ചെയ്യും. നാഢീസംബന്ധമായ അവ്യവസ്ഥകള്‍ പരിഹരിക്കുന്നതോടൊപ്പം ശരീരത്തിലെ നാഢീഞരമ്പുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുകയും ചെയ്യുന്നു.
അപസ്മാരം, സന്ധിവാതം, പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങള്‍, ശ്വസനസംബന്ധിയായ പ്രശ്‌നങ്ങള്‍, ആസ്മ, കാന്‍സര്‍, കരള്‍രോഗം, വാര്‍ധക്യ പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് ഊദ് മരുന്നായി ഉപയോഗിച്ചിരുന്നു. വിവിധ ത്വക്കുരോഗങ്ങള്‍ക്ക് ഇന്നും അറബികള്‍ ഊദ് പുകക്കാറുണ്ട്. ഊദ് പുകക്കുന്ന ആരാധനാലയങ്ങള്‍ ആത്മീയത മാത്രമല്ല ഒരാളിന്റെ ശരീരത്തെയും മനസിനെയും സ്വാധീനിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആത്മാവിനുള്ള ഭക്ഷണമാണ് ഊദ് എന്നാണ് ഇസ്‌ലാമിക വിശ്വാസം. മനസ്സിനെ നിയന്ത്രിക്കാനും ചിത്തഭ്രമംപോലും ഇല്ലാതാക്കാനും ഊദിനു കഴിയുമെന്ന് വിശുദ്ധഗ്രന്ഥങ്ങള്‍ പറയുന്നു.
ശരീരത്തില്‍ ഊദിന്റെ അത്തര്‍ ഉപയോഗിക്കുന്നത് പ്രൗഢിയുടെ അടയാളമായാണ് അറബികള്‍ ഗണിക്കുന്നത്. പ്രത്യേകം തയാറാക്കിയ കുന്തിരിക്കവും മറ്റും പുകക്കാനുപയോഗിക്കുന്നതരം പാത്രങ്ങളിലാണ് ഊദ് പുകയ്ക്കുക. അറബികള്‍ തങ്ങളുടെ വീടിനുള്‍വശവും പരിസരവുമെല്ലാം ഊദ് പുകച്ച് സുഗന്ധമുള്ളതാക്കാറുണ്ട്. പ്രത്യേകിച്ചും വിശേഷാവസരങ്ങളില്‍. ഗള്‍ഫിലേക്കു സ്വപ്‌നങ്ങളും പേറി മലയാളി മക്കള്‍ കുടിയേറ്റം തുടങ്ങിയ അറുപതുകളുടെ ഒടുവില്‍ തന്നെയാണ് കോഴിക്കോട്ടും ഊദിന്റെ ആഗമനമുണ്ടായത്.
പ്രമുഖ വ്യാപാരിയായ അത്തര്‍വാല എം. ശൈഖ് ഇബ്‌റാഹീം സാഹിബാണ് ഊദിന്റെ കച്ചവടത്തിന് കോഴിക്കോട്ട് തുടക്കമിട്ടത്. ലണ്ടനും പാരിസും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സുഗന്ധദ്രവ്യ കമ്പനികളും തങ്ങളുടെ മുഖ്യ അസംസ്‌കൃത വസ്തുക്കളില്‍ ഒന്നായി ഊദിനെ പരിഗണിക്കുന്നു. കേരളത്തില്‍ ഗള്‍ഫുമായി നേരിട്ട് ബന്ധപ്പെട്ട് വളര്‍ന്നുവന്ന വ്യാപാരത്തില്‍ പ്രഥമ സ്ഥാനമാണ് ഊദിനും ഊദിന്റെ അത്തറിനുമുള്ളത്.
ഇന്ത്യയില്‍ മുംബൈ കേന്ദ്രീകരിച്ചാണ് ഊദിന്റെ മുഖ്യ വ്യാപാരം. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലും ഊദും ഊദിന്റെ അത്തറും വിപണനം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടുത്തകാലത്തായി ധാരാളമായി ഉയര്‍ന്നുവന്നിട്ടുണ്ട്. മലയാളികളുടെ ഗള്‍ഫ് നാടുമായുള്ള അടുപ്പമാണ് ഇതിന് ഇടയാക്കിയത്. അറബ് വാണിജ്യത്താല്‍ പ്രസിദ്ധമായ ഉത്തരമലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ടു മാത്രം എഴുപതില്‍ അധികം ഊദ് വില്‍പനകേന്ദ്രങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്തോനേഷ്യയെയും മറ്റും അപേക്ഷിച്ച് കാഴ്ചക്ക് അത്രഭംഗിയുള്ളതല്ല വിലയിലും ഗുണത്തിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യന്‍ ഊദ്. ഇന്ത്യന്‍ ഊദ് ഇനങ്ങള്‍ക്ക് തടിക്ക് ഗന്ധം കുറവായിരിക്കും.
ചൂടുകൂടിയതും കോഴിക്കോട് വിമാനത്താവളത്തിലെ സര്‍വിസ് കുറച്ചതുമെല്ലാം ബിസിനസിനെ ബാധിച്ചിട്ടുണ്ടെന്ന് കോഴിക്കോട് മര്‍കസ് കോംപ്ലക്‌സില്‍ ഊദ് മാള്‍ എന്ന സ്ഥാപനം നടത്തുന്ന മാഹി സ്വദേശി പൊന്നമ്പത്ത് അമീര്‍ അലി വ്യക്തമാക്കി. അറബികള്‍ കൂടുതലായും മഴക്കാലത്താണ് ഊദ് തേടി കോഴിക്കോട്ടേക്ക് എത്തുക. അസമിലെ കാടുകളിലാണ് ഏറ്റവും മുന്തിയ ഇനം ഊദ് വളരുന്നത്. കച്ചവടം പ്രധാനമായും പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. കത്തിച്ചുനോക്കി ഗന്ധത്തിലൂടെ ഗുണമേന്മ മനസിലാക്കിയാണ് ഉപഭോക്താക്കള്‍ ഊദ് വാങ്ങുക. എല്ലാവസ്തുക്കളിലുമെന്നപോലെ ഊദിലും വ്യാജന്‍മാര്‍ വെല്ലുവിളിയാണെന്നും അമീര്‍ പറഞ്ഞു.
പ്രവാസികളായ നിരവധി പേര്‍ അറബികളായ സ്‌പോണ്‍സര്‍മാര്‍ക്കും വിദേശത്തെ സുഹൃത്തുക്കള്‍ക്കും നല്‍കാനായി ഊദും ഊദില്‍ നിന്നു വാറ്റിയെടുക്കുന്ന അത്തറും കൊണ്ടുപോകാറുണ്ടെന്ന് അറബ് അത്തര്‍ ഉടമ സലീം അത്തര്‍വാല പറഞ്ഞു. അസം, നാഗാലാന്റ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ ഊദ് എത്തുന്നത്. 60 വര്‍ഷം മുമ്പ് പിതാവായ അത്തര്‍വാലയാണ് കോഴിക്കോട്ട് ഊദ് വില്‍പന ആരംഭിച്ചത്. വനനശീകരണം ഉള്‍പ്പെടെയുള്ളവ കാരണം മുന്തിയ ഊദിന്റെ ലഭ്യത വളരെ കുറഞ്ഞിട്ടുണ്ട്. കൃഷിചെയ്ത് ഉല്‍പാദിപ്പിക്കാവുന്ന ഒന്നല്ല ഗുണമേന്മയുള്ള ഊദെന്നും സലീം സൂചിപ്പിച്ചു.
ചെറുപട്ടണങ്ങളായ കൊണ്ടോട്ടിയിലും തിരൂരിലും കൊയിലാണ്ടിയിലുമെല്ലാം ഊദ് വില്‍പ്പനക്കായി ധാരാളം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മലബാറിലെ ഭേദപ്പെട്ട പട്ടണങ്ങളിലെല്ലാം ഊദും ഊദിന്റെ അത്തറും ഇവിടെ ലഭിക്കുമെന്ന ബോര്‍ഡുകള്‍ യഥേഷ്ടം കാണാം.
ഊട്ടിയിലും മറ്റും തീര്‍ത്ത മനോഹരമായ ശില്‍പത്തിന്റെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തതാണോയെന്ന് കാഴ്ചക്കാരനില്‍ സംശയം ജനിപ്പിക്കുന്നതാണ് ഊദ്. അത്രയും കൃത്യതയോടെ മിനുക്കിയെടുത്ത് ഏറെക്കുറെ ഒരേ വലിപ്പത്തിലാണ് ഇത് രൂപപ്പെടുത്തുന്നത്.
ഊദ് മരത്തിന്റെ തടിയില്‍ നിന്നു എണ്ണയുടെ അംശം കൂടുതല്‍ നില്‍ക്കുന്ന ഭാഗങ്ങള്‍ സൂക്ഷ്മതയോടെ ചെത്തിയെടുത്ത് മിനുസപ്പെടുത്തിയാണ് മാര്‍ക്കറ്റില്‍ കാണുന്ന രീതിയില്‍ ഊദ് എത്തുന്നത്. ഊദ് മരം വെറുതെ വെട്ടിനുറുക്കി എടുത്താല്‍ ഊദാവില്ലെന്ന് ചുരുക്കം. പണ്ടുകാലത്ത് മരംകൊത്തി ഇനത്തില്‍പെട്ട പക്ഷികള്‍ ഊദ് മരത്തില്‍ ദ്വാരമുണ്ടാക്കുകയും ആ ദ്വാരത്തിലൂടെ മഴവെള്ളം ഒഴുകിയിറങ്ങി മരം നശിക്കുമ്പോള്‍ പൂതലായ ഭാഗത്തു നിന്നു തൊട്ടടുത്ത ഭാഗത്തേക്ക് കയറിപ്പോകുന്ന ഊദ് മരത്തിന്റെ കറ (എണ്ണ)കൂടിയ ഭാഗങ്ങള്‍ വളരെ വൈദഗ്ധ്യത്തോടെ വെട്ടിയെടുത്തായിരുന്നു ഊദ് ഉണ്ടാക്കിയിരുന്നത്.
കാലത്തിന്റെ മുഖമുദ്ര വേഗമായി പരിണമിച്ചതോടെ ശരാശരി മനുഷ്യനു ക്ഷമയും സമയവും മരുന്നിനുപോലും അവശേഷിക്കാതായതോടെ ഊദ് നിര്‍മിച്ചെടുക്കുന്ന കാലദൈര്‍ഘ്യം കൂടിയ പഴയ രീതികള്‍ വഴിമാറി. ഇന്ന് കൃത്രിമമായ മാര്‍ഗങ്ങളിലൂടെ വ്യാവസായികാടിസ്ഥാനത്തില്‍ ഊദ് എണ്ണ നിര്‍മിക്കപ്പെടുന്നു. മരങ്ങളുടെ തടിയില്‍ പൂപ്പല്‍ കുത്തിവെച്ചാണ് ഊദ് ഇന്ന് സാധാരണമായി ഉണ്ടാക്കുന്നത്. ഊദിനെ നീരാവിയാക്കിയാണ് ഊദ് എണ്ണ വേര്‍തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."