സര്‍ക്കാരിന്റെ നിര്‍മാണനയം പുതിയ അഭിരുചികള്‍ക്ക് പ്രാധാന്യം നല്‍കുന്നത്: മന്ത്രി
തിരുവനന്തപുരം: പുതിയ സാങ്കേതികവിദ്യകളിലൂന്നിയതും പുതിയ അഭിരുചികള്‍ക്ക് പ്രാധാന്യം നല്‍കുന്നതുമാണ് സര്‍ക്കാരിന്റെ നിര്‍മാണ നയമെന്ന് മന്ത്രി ജി. സുധാകരന്‍. സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ പുതുതായി നിര്‍മിച്ച ഹെറിറ്റേജ് മോഡല്‍ ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2010 ല്‍ മൂന്നുകോടി മുപ്പതു ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് പാരമ്പര്യ ചരിത്ര സ്മാരകങ്ങളുടെ നിര്‍മാണവിദ്യ ഉപയോഗിച്ചാണ്. പുതിയ തലമുറയുടെ പ്രൊഫഷനലിസത്തിന് ഇണങ്ങുന്നതും പാരമ്പര്യത്തെ മാനിക്കുന്നതുമായ നിര്‍മാണരീതി ഹെറിറ്റേജ് കെട്ടിടത്തിന്റെ നിര്‍മാണത്തിലും ഉപയോഗിച്ചിട്ടുണ്ട്. കലയിലും സാഹിത്യത്തിലും താല്‍പരരായ ഭരണാധികാരികള്‍ ഇരുനൂറ് വര്‍ഷം മുമ്പ് പണികഴിച്ച ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറിയായ സെന്‍ട്രല്‍ ലൈബ്രറി കെട്ടിടത്തിന് ജനാധിപത്യകേരളം പുതുതായി കൂട്ടിച്ചേര്‍ത്ത ആസ്തിയാണ് ഹെറിറ്റേജ് കെട്ടിടമെന്നും മന്ത്രി പറഞ്ഞു. 1391 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ റഫറന്‍സ് സെക്ഷന്‍, കാഴ്ച പരിമിതിയുള്ളവര്‍ക്കുള്ള ബ്രെയ്‌ലി ലൈബ്രറി, ടെക്‌നിക്കല്‍ സെക്ഷന്‍, ലൈബ്രേറിയന്‍ റൂം, ഒന്നാം നിലയില്‍ ഇംഗ്ലീഷ് പുസ്തകങ്ങളുടെ ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, രണ്ടാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, എക്‌സിബിഷന്‍ ഹാള്‍ എന്നിവ ക്രമീകരിച്ചിരിട്ടുണ്ട്.
വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ വി.കെ പ്രശാന്ത്, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, ലൈബ്രറി ഉപദേശക സമിതി അംഗങ്ങളായ ജോര്‍ജ് ഓണക്കൂര്‍, എം.ആര്‍ തമ്പാന്‍, ബി. മുരളി, അഹമ്മദ് കുഞ്ഞ്, സ്റ്റേറ്റ് ലൈബ്രേറിയന്‍ പി.കെ ശോഭന, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ജ്യോതി, ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയന്‍ എം.ബി ഗംഗാപ്രസാദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."