തോന്നക്കലിലെ വൈറോളജി ഗവേഷണ കേന്ദ്രം: നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി
കഠിനംകുളം: നിപാ വൈറസ് കാരണമുള്ള പനിമരണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തോന്നക്കലില്‍ നിര്‍മിച്ച് കൊണ്ടിരിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി എത്രയും പെട്ടെന്ന് പ്രവര്‍ത്തനം തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കം പുരോഗമിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി കെ.എസ്.ഐ.ഡി.സി ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കെട്ടിട സമുച്ചയത്തിനു സമീപം തന്നെ ഒരു പ്രീ ഫാബ് ബില്‍ഡിങ് നിര്‍മിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.
കേരളത്തില്‍ വര്‍ധിച്ചു വരുന്ന സാംക്രമിക രോഗങ്ങളുടെയും വൈറസ് മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളുടേയും പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംവിധാനമാണ് നിലവില്‍ തോന്നക്കലില്‍ വരാന്‍ പോകുന്നത്. അന്താരാഷ്ട്ര വൈറോളജി നെറ്റ് വര്‍ക്ക് സ്ഥാപനങ്ങളുടേതിന് സമാനവും ആ ശൃംഖലയില്‍പ്പെടുന്നതുമായിരിക്കും നിര്‍മിക്കപ്പെടുന്ന പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാനത്തോ, രാജ്യത്തോ അത്തരം ശൃംഖലയില്‍ കണ്ണികളായിട്ടുള്ള ഒരു സ്ഥാപനവും നിലവില്‍ ഇല്ല. രോഗകാരണം കണ്ടെത്തുകയും രോഗകാരികളെ മനസിലാക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നതിലുപരി രോഗം പിടിപെടാനും പടരാനുമുള്ള സാധ്യത മുന്‍കൂട്ടി കാണുകയും മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി സംസ്ഥാനം അഭിമുഖീകരിക്കുന്ന ഡെങ്കു, എച്ച് വണ്‍ എന്‍ വണ്‍, ചിക്കന്‍ ഗുനിയ തുടങ്ങിയ വിവിധ പനികളുടെ രോഗഹേതു വൈറസുകളായതിനാലും രോഗനിര്‍ണയത്തിനും കൂടുതല്‍ പരിശോധനകള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാലും സംസ്ഥാനത്ത് ഒരു ഗവേഷണ വികസന കേന്ദ്രം വേണമെന്ന ആശയം, ലോകപ്രശസ്ത ഭിഷഗ്വരന്മാരായ ഡോ. എം.വി പിള്ള, ഡോ. ശാര്‍ങ്ങധരന്‍ എന്നിവരാണ് മുന്നോട്ടു വച്ചത്.
2017 ഏപ്രിലില്‍ സംസ്ഥാനത്തെ പ്രമുഖ വൈറോളജി ഗവേഷകരുടെ ഒരു കൂട്ടായ്മ രൂപീകരിക്കുകയും വെല്ലൂര്‍ സി.എം.സിയിലെ ഡോ. ടി.ജെ ജോണിന്റെ നേതൃത്വത്തില്‍ ഗവേഷണ കേന്ദ്രത്തിന്റെ കരട് രൂപരേഖയും പ്രവര്‍ത്തന മാനദണ്ഡങ്ങളും നിശ്ചയിച്ചു. ജൂണില്‍ ലോകപ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഗാംഗുലിയുടെ അധ്യക്ഷതയില്‍ ഒരു ദേശീയ വൈറോളജി സംഗമം സംഘടിപ്പിച്ച് സ്ഥാപനത്തിന്റെ രൂപരേഖയും 202 കോടി രൂപയുടെ ബജറ്റും അംഗീകരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് തോന്നയ്ക്കലുള്ള ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കര്‍ സ്ഥലത്താണ് അന്താരാഷ്ട്ര പ്രശസ്തിയുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."