കോടിയേരിയുടെ പ്രസ്താവന പിണറായിക്കുള്ള കൂര്‍ത്ത പാര: പി.സി.ജോര്‍ജ്
കോഴിക്കോട്: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ വിലയിരുത്തലാവുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പിണറായി വിജയനുള്ള കൂര്‍ത്ത പാരയാണെന്ന് പി.സി.ജോര്‍ജ്ജ് എം.എല്‍.എ. സ്വതന്ത്ര ബസ്‌തൊഴിലാളി യൂണിയന്റെ ബഹുജനകണ്‍വന്‍ഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം ഒരു നല്ല സ്ഥാനാര്‍ത്ഥിയെപോലും നിര്‍ത്താത്ത മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പാണെന്നിരിക്കെ പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുകയെന്ന കോടിയേരിയുടെ പറച്ചിലിന് വ്യക്തമായൊരു രാഷ്ട്രീയമുണ്ടെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.
സ്വിസ് കമ്പനിയില്‍ നിന്നും കമ്മീഷന്‍ ലഭിക്കാന്‍ വേണ്ടിയാണ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് വേണ്ടി മുന്‍മന്ത്രി പി.ജെ.ജോസഫ് നാടകം കളിച്ചത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സ്വിസ് കമ്പനിയുമായി മുന്‍ജലവിഭവവകുപ്പ് മന്ത്രി പി.ജെ.ജോസഫ് ആയിരം കോടിയുടെ എസ്റ്റിമേറ്റുണ്ടാക്കിയിരുന്നു. കേരള കോണ്‍ഗ്രസ്(എം)മുന്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് എ.വി.മാണിയ്‌ക്കൊപ്പം സിറ്റ്‌സര്‍ലാന്റില്‍ പോയി ഇതിനായി കച്ചവടമുറപ്പിച്ച് കമ്മീഷന്‍ കൈപ്പറ്റിയ ശേഷം തിരിച്ചെത്തി സ്വയം അഭിനയിക്കുകയും കുട്ടിയെ കരയിപ്പിച്ച് പടമെടുക്കുകയുമാണ് ജോസഫ് ചെയ്തത്. വാങ്ങിയ കമ്മീഷന്‍ തിരിച്ചുകൊടുത്ത് ജോസഫ് ഇപ്പോള്‍ മൗനീബാബയെപ്പോലെ ഇരിക്കുകയാണ്.
ഉമ്മന്‍ചാണ്ടി, കെ.എം.മാണി, കുഞ്ഞാലിക്കുട്ടി മുക്കോണമുന്നണിയില്‍ മൂന്നുപേരും നല്ല കച്ചവടക്കാരാണ്. അടുത്തകാലത്തൊന്നും സംസ്ഥാനത്ത് ഭരണംകിട്ടി മന്ത്രി പദവിയിലെത്തില്ലെന്ന തിരിച്ചറിവ് കൊണ്ടാണ് കുഞ്ഞാലിക്കുട്ടി എം.പിയാവാന്‍ ഒരുങ്ങിയത്. യു.ഡി.എഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ രമേശ് ചെന്നിത്തലയ്ക്കാണ് സാധ്യതയെന്നിരിക്കെ ഉമ്മന്‍ചാണ്ടിയ്ക്ക് കേന്ദ്രത്തിലേക്ക് പോവേണ്ടിവരും.
എ.കെ.ശശീന്ദ്രന്‍ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. തെഹല്‍കയെ റിപ്പോര്‍ട്ടിംഗിനെ പിന്തുണച്ച മാധ്യമങ്ങള്‍ക്ക് ശശീന്ദ്രന്റെ കാര്യത്തില്‍ നടന്ന മാധ്യമ ഇടപെടലിനെ വിമര്‍ശിക്കാനുള്ള അവകാശമില്ലന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്ര ബസ്‌തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് ഷാജി എടപ്പാള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോര്‍ജ് മേച്ചേരി, മുഹമ്മദ് സക്കീര്‍, ജോയ് വളവില്‍, രതീഷ് മേനോന്‍,സാബു.പി.ഡി, മധു.പി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."