പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അവസരമൊരുക്കണം: സമസ്ത ബഹ്റൈന്‍
മനാമ: കോവിഡ് വൈറസ് ഭീഷണിയുടെ പക്ഷാതലത്തില്‍ ഗള്‍ഫ് പ്രവാസികളനുഭവിക്കുന്ന യാത്രാ പ്രശ്നങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ പരിഹാരം കാണണമെന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് അതിനുള്ള അവസരമൊരുക്കണമെന്നും സമസ്ത ബഹ്റൈന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ രാജ്യാന്തര യാത്രാ വിമാനങ്ങള്‍ നിര്‍ത്തിവെച്ച സാഹചര്യം തുടരുന്നത് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
നിലവില്‍ അറബ് രാജ്യങ്ങള്‍ അടിയന്തര സേവനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ലോക്ഡൗണ്‍ കാരണം യാത്രാ വിമാനങ്ങള്‍ നാട്ടില്‍ ഇറങ്ങാനുള്ള സാഹചര്യമില്ല. ഈ സ്ഥിതി മാറണം.
നാട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രവാസികള്‍ ബോധവാന്മാരാണ്. നാട്ടിലെത്തിയാലും ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദേശിക്കുന്ന സുരക്ഷാ നടപടികളെല്ലാം സ്വീകരിക്കാന്‍ പ്രവാസികള്‍ ഒരുക്കമാണ്.
തങ്ങളുടെ ആരോഗ്യത്തോടൊപ്പം വീട്ടുകാരുടെയും നാട്ടുകാരുടെയും ആരോഗ്യം കൂടി സംരക്ഷിക്കേണ്ടതിന്‍റെ അനിവാര്യത മറ്റാരേക്കാളും ഇന്ന് പ്രവാസികള്‍ക്കറിയാം.
അതു കൊണ്ടു തന്നെ ഗള്‍ഫ് രാഷ്ട്രങ്ങളിലെ കന്പനികള്‍ ലീവ് അനുവദിച്ചിട്ടും നാട്ടിലെത്താന്‍ കഴിയാത്ത അവസ്ഥ മാറണം.
നിലവില്‍ വാര്‍ഷിക അവധി നേരത്തേ എടുത്ത് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ഗള്‍ഫിലെ മിക്ക സ്വകാര്യ കമ്പനികളും ജോലിക്കാര്‍ക്ക് അനുമതി നല്‍കി തുടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നാട്ടിലെത്തി, സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഇടങ്ങളില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി വീട്ടിലെത്താനും കുടുംബത്തോടൊപ്പം കഴിയാനും ആഗ്രഹിക്കുന്നവരാണ് പല പ്രവാസികളും. അവര്‍ക്ക് അതിനുള്ള അവസരം നല്‍കാന്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ തയ്യാറാകണം.
രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ മുഖ്യചാലകമായ പ്രവാസികളുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വിദേശ കാര്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും മുഖ്യ പരിഗണന നല്‍കണം.
നിലവില്‍ അറബ് രാജ്യങ്ങള്‍ അടിയന്തര സേവനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ലോക്ഡൗണ്‍ കാരണമാണ് യാത്രാ വിമാനങ്ങള്‍ സര്‍വ്വീസ് നടത്താത്തത്. ഇത് ഉടന്‍ പരിഹരിക്കണമെന്നും ജന പ്രതിനിധികള്‍ ഇടപെട്ട് അടിയന്തിരപരിഹാരം കാണണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."