നല്ലളം ഡീസല്‍ വൈദ്യുതി പ്ലാന്റ്: പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് തൊഴിലാളികള്‍
ഫറോക്ക്: ഉല്‍പാദനം നിലച്ച നല്ലളം ഡീസല്‍ വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനു സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നു തൊഴിലാളികള്‍. മലബാറുകാര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഡീസല്‍ വൈദ്യുതി നിലയമാണു പൂര്‍ണമായും നിശ്ചലമായിരിക്കുന്നത്. സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമം നേരിട്ട കാലത്തു നാടിനു വെളിച്ചമേകുന്നതിന് ആശ്രയിച്ച പ്ലാന്റാണിത്.
ഡീസല്‍ പ്ലാന്റിലെ ജനറേറ്ററുകളുടെ തകരാറാണു വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവയ്ക്കാന്‍ കാരണം. 4,601 മെഗാ യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്ന പ്ലാന്റ് കഴിഞ്ഞ മെയ് മാസത്തോടെയാണു പൂര്‍ണമായും നിശ്ചലമായത്. കേടുവന്ന രണ്ട് ജനറേറ്ററുകള്‍ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേടുവന്ന ഒരു ജനറേറ്റര്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്നും ഇതിലൂടെ 16 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നും തൊഴിലാളികള്‍ പറയുന്നു.
ഇപ്പോള്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് കെ.എസ്.ഇ.ബിക്ക് 10 കോടി രൂപയാണു ചെലവു വരുന്നത്. അതേസമയം, 20 കോടി രൂപ ചെലവഴിച്ച് ജനറേറ്റര്‍ നന്നാക്കിയാല്‍ 160 കോടി രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നാണു കണക്കുകൂട്ടല്‍. കര്‍ണാടകയില്‍ നിന്നാണ് ഇപ്പോള്‍ മലബാര്‍ ഭാഗത്തേക്കു വൈദുതി വാങ്ങുന്നത്. കര്‍ണാടകയിലെ പ്ലാന്റിലെ അപകടത്തെ തുടര്‍ന്നു വൈദ്യുതി വരവു നിലച്ച സാഹചര്യത്തില്‍ നല്ലളം പ്ലാന്റില്‍ ഭാഗികമായി ഉല്‍പാദനം ആരംഭിച്ചിരുന്നു. ഈ സമയത്ത് 52 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചതായി തൊഴിലാളികള്‍ പറയുന്നു.
സംസ്ഥാനത്തെ മറ്റു വൈദ്യുതി പ്ലാന്റുകളെ അപേക്ഷിച്ച് ഏറ്റവും ചുരുങ്ങിയ ദിവസ വേതനം പറ്റുന്നവരാണ് നല്ലളം പ്ലാന്റിലെ തൊഴിലാളികള്‍. കരാര്‍ തൊഴിലാളികളെയാണ് പ്ലാന്റ് നിശ്ചലമായതു സാരമായി ബാധിച്ചിരിക്കുന്നത്. പ്ലാന്റിന്റെ ആരംഭകാലം തൊട്ടേ ഇവിടെ ജോലിക്കാരായിരുന്ന വിദഗ്ധ കരാര്‍ തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്ന തീരുമാനത്തില്‍ നിന്ന് മാനേജ്‌മെന്റ് പിന്തിരിയണമെന്ന് കോഴിക്കോട് ഡീസല്‍ പവര്‍ പ്രൊജക്ട് കോണ്‍ട്രാക്റ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."