നിരീക്ഷണത്തില്‍ 9 പേര് മാത്രം
കോഴിക്കോട്: നിപായുടെ 'അസുഖ' മില്ലാത്ത ആറാം ദിനവും പിന്നിടുന്നതോടെ കോഴിക്കോടിന് ആശ്വാസവും പ്രതീക്ഷയും. ആകെ ഒന്‍പത് പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ നാലുപേര്‍ മരിച്ച രോഗികളുടെ രക്ഷിതാക്കളാണ്. എന്നാല്‍ ഇവരില്‍ ആരിലും നിപായില്ല. ഒരു റിസള്‍ട്ട് മാത്രമാണ് ഇനി കിട്ടാനുള്ളത്. 271 പേരുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ 253 ഉം നെഗറ്റീവാണ്.
ഇന്നലെ നിരീക്ഷണത്തിന്റെ ഭാഗമായുള്ള സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ വരെ ആകെ 2536 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. സാധാരണ പനിയുടെയും ഡെങ്കിയുടെയും ലക്ഷണങ്ങളുള്ളവര്‍ ഭയംകാരണം ചികിത്സ തേടാതെ വീട്ടിലിരിക്കരുതെന്നു ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. നിപ രോഗികളുടെ ചില ബന്ധുക്കളെ ഒറ്റപ്പെടുത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ശക്തമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്നലെ സംശയാസ്പദമായി മൂന്നുപേരെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് നിപായുടെ രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍ സരിത വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (എന്‍.സി.ഡി.സി) ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജയ്കിരണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."