മകീര്യം പുറപ്പാട് ഭക്തിനിര്‍ഭരം
തൃപ്രയാര്‍: പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായുള്ള തൃപ്രയാര്‍ തേവരുടെ മകീര്യം പുറപ്പാട് ഭക്തിനിര്‍ഭരം. തേവരുടെ മകീര്യം പുറപ്പാട് കാണാന്‍ പൊള്ളുന്ന ചൂടും അവഗണിച്ച് ആയിരങ്ങളാണ് ക്ഷേത്രത്തില്‍ എത്തിയത്.
പാണികൊട്ടി തൃക്കോല്‍ശാന്തി പത്മനാഭന്‍ എമ്പ്രാന്തിരി തെളിയിച്ച കൊടിവിളക്കിന് മുന്‍പിലെ മണ്ഡപത്തിലേക്ക് തേവരുടെ തിടമ്പ് എഴുന്നള്ളിച്ചു.
ഈസമയം പാരമ്പര്യ കഴകക്കാരനായ രാമന്‍കുട്ടി നമ്പീശന്‍ തേവരെ സ്വീകരിച്ചു. തുടര്‍ന്ന് തേവര്‍ക്ക് മണ്ഡപത്തില്‍ പറയും, ബ്രാഹ്മണി പാട്ടും സമര്‍പ്പിച്ചു. ബ്രാഹ്മണി പാട്ട് കഴിഞ്ഞതോടെ തേവരെ മണ്ഡപത്തിന്റെ വടക്കുഭാഗത്തെ വാതില്‍ വഴി പുറത്തേക്ക് എഴുന്നള്ളിച്ചു.
തേവരെ പിഷാരടിമാര്‍ പറ നല്‍കിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് തേവരുടെ സ്വര്‍ണക്കോലം ദേവസ്വം ബലരാമന്‍ വഹിച്ചു. ഈ സമയം തൃപ്രയാര്‍ തേവരുടെ വരവറിയിച്ച് ക്ഷേത്രാങ്കണത്തില്‍ 1501 കതിനകള്‍ മുഴങ്ങി. തുടര്‍ന്ന് മൂന്നാനകളോടെ തേവര്‍ പുറത്തേക്ക് എഴുന്നള്ളി. പടിഞ്ഞാറെ നടയില്‍ തേവര്‍ക്ക് മേളത്തോടെയാണ് സ്വീകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."