കക്കിരി വിപണി ഉഷാറായി
കാക്കനാട്: വേനല്‍ ചൂട് കനത്തതോടെ കക്കിരിക്ക് വിപണിയില്‍ പ്രിയമേറുകയാണ്. ചൂടില്‍ നിന്നും സംരക്ഷണം തരുന്ന കക്കിരി തീരപ്രദേശങ്ങള്‍ക്കൊപ്പം നഗരങ്ങളിലും വ്യാപകമായിക്കഴിഞ്ഞു.
പഴവെള്ളരിയെന്നും പൊട്ടുവേള്ളരിയെന്നും അറിയപ്പെടുന്ന കക്കിരി സാധാരണയായി കൃഷി ചെയ്തു വരുന്നത് ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളിലാണ്. ചൂടുകാലത്ത് പച്ചയ്ക്ക് കക്കിരി കഴിക്കാനാണ് ആളുകള്‍ക്ക് ഇഷ്ടം.
കടുത്ത ചൂടുല്‍ നിന്നും ആശ്വാസം കിട്ടും എന്നതുതന്നെ കാരണം.കക്കിരിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ തോത് നിയന്ത്രിക്കും. ചൂടുകാലത്ത് ശരീരത്തില്‍ നിന്നും കൂടുതലായി ജലം നഷ്ടപ്പെടും.
കക്കിരി കഴിക്കുന്നതിലൂടെ വേണ്ടത്ര ജലാംശം ശരീരത്തില്‍ എത്തും. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് കക്കിരിക്ക് ആവശ്യക്കാര്‍ ഏറെയാണ്. കേരളത്തില്‍ പ്രധാനമായും തൃശൂര്‍, എറണാകുളം ജില്ലകളിലാണ് കക്കിരി കൂടുതലായും കൃഷി ചെയ്യുന്നത്. കക്കിരിത്തൈകള്‍ പൂവിട്ടതിന് 47 മുതല്‍ 57 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ലാഭം ലഭിക്കും എന്നതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് ആളുകള്‍ വ്യാപകമായി കക്കിരി കൃഷി ചെയ്യാറുണ്ട്.
വിപണിയില്‍ ഒരു കിലോ കക്കിരിക്കക്ക് ശരാശരി 30 മുതല്‍ 40 രൂപ വരെ വില ലഭിക്കും. പൊട്ടിച്ച കക്കിരി 3 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ സാധിക്കില്ല.
ആലുവ, പുത്തന്‍ചിറ, കഴുവിലങ്ങ് , എമ്മാട്, എടവില ങ്ങ്, ശ്രീനാരായണപുരം, വെള്ളൂര്‍!, മാണിയംകാവ് തുടങ്ങിയ പ്രദേശങ്ങളിലാണ് കക്കിരി കൂടുതലായും കൃഷി ചെയ്തു വരുന്നത്. ഇവിടങ്ങളില്‍ പ്രതിദിനം ആയിരത്തോളം കിലോ കക്കിരി വില്‍പ്പന നടക്കാറുണ്ട്. വേനല്‍ക്കാലത്ത് കക്കിരി വിവിധ രീതികളില്‍ കഴിക്കാറുണ്ട്. അതില്‍ ഏറ്റവും രുചികരം കക്കിരി ജ്യൂസാണ്. പഴുത്തു പൊട്ടിയ കക്കിരി ഉടച്ചു ശര്‍ക്കരയും നാളികേരവും മിക്‌സ് ചെയ്യുന്നതാണ് കക്കിരി ജ്യൂസ്. വേനല്‍ക്കാലമായതോടെ റോഡരികിലും മറ്റുമായി ഇത്തരത്തിലുള്ള ജ്യൂസ് സ്റ്റാളുകള്‍ സജീവമായിക്കഴിഞ്ഞു.
കടുത്ത വേനല്‍ച്ചൂടില്‍ ശരീരത്തിനും മനസിനും തണുപ്പേകാന്‍ കക്കിരിയോളം മികച്ച വേറൊരു പച്ചക്കറി ഇനം ഇല്ലെന്നതാണ് സത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."