കൂടുതല്‍ പ്രതികളെ ഹാജരാക്കിയത് പാലക്കാട് ജില്ലാ ജയില്‍
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് പീപ്പിള്‍ലിങ്ക് വഴി സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചുള്ള വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഏറ്റവുമധികം പ്രതികളെ ഹാജരാക്കിയത് പാലക്കാട് ജില്ലാ ജയില്‍. 204 പ്രതികളെയാണ് ഹാജരാക്കിയത്.
കോഴിക്കോട് ജില്ലാ ജയില്‍ 195 പ്രതികളെ ഹാജരാക്കി. മാര്‍ച്ച് 26 മുതലുള്ള 12 ദിവസങ്ങളില്‍ സംസ്ഥാനത്ത് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ 959 പ്രതികളെയാണ് ഹാജരാക്കിയത്.
പ്രതികളെ കോടതികളില്‍ നേരിട്ട് ഹാജരാക്കണമെന്ന നിയമപരമായ കീഴ്‌വഴക്കത്തിന് മാറ്റംവരുത്താനായിരുന്നു മുഖ്യമന്ത്രി ജനുവരി 10ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തീകരിക്കാനുദ്ദേശിച്ച പദ്ധതി അഞ്ചുജില്ലകളില്‍ പൂര്‍ണ സജ്ജമാക്കി. ബാക്കി ഒന്‍പതു ജില്ലകളിലെ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടയിലുണ്ടായ കൊവിഡ് രോഗ ഭീഷണി തടസം സൃഷ്ടിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജയില്‍വകുപ്പിന് നല്‍കിയ ഉത്തരവില്‍ പരമാവധി വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും അത്തരം സൗകര്യങ്ങളില്ലാത്തയിടങ്ങളില്‍ വിഡിയോ (എന്‍.ഐ.സിയുടെ വിഡിയോ കോണ്‍ഫറന്‍സ് സോഫ്റ്റ്‌വെയര്‍) എന്ന സംവിധാനമുപയോഗപ്പെടുത്തി ഹാജരാക്കണമെന്നും അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ക്കും ജയില്‍ അധികൃതര്‍ക്കും പുതിയ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കിവരുന്നതായി ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രിസന്‍സ് ഋഷിരാജ് സിങ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."