പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കി പരിസ്ഥിതിസംരക്ഷണത്തില്‍ പങ്കുചേരാന്‍ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. ദൈനംദിന ജീവിതത്തില്‍ പ്ലാസ്റ്റിക് ബാഗുകള്‍ സാര്‍വത്രികമായതോടെ തുണിസഞ്ചിയും പേപ്പര്‍ ബാഗും നാട്ടിന്‍പുറത്ത് ലഭ്യമാകുന്ന വസ്തുക്കള്‍കൊണ്ടുള്ള കുട്ടകളുമെല്ലാം പിന്‍വാങ്ങി.
പണ്ടൊക്കെ തുണിസഞ്ചിയിലും ചണസഞ്ചിയിലും കടലാസുകെട്ടുകളിലുമായാണ് നിത്യാപയോഗസാധനങ്ങളും പലചരക്കും വാങ്ങിയിരുന്നത്. മത്സ്യം വാങ്ങാന്‍ ഉപയോഗിച്ചിരുന്നത് മീന്‍കൊട്ട എന്നുപേരുള്ള പച്ചോല കൊണ്ടുണ്ടാക്കുന്ന കുട്ടയായിരുന്നു. ഇന്ന് പ്ലാസ്റ്റിക് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. പരിസ്ഥിതിയെ സാരമായി ബാധിക്കുന്ന സാന്നിധ്യമായി പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ മണ്ണില്‍ കുമിഞ്ഞു കൂടുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ കൂട്ടായശ്രമം വേണം.
അതില്‍ ഓരോരുത്തരുടേയും ഇടപെടലും ജാഗ്രതയും പ്രധാനമാണ്. തദ്ദേശ ഭരണവകുപ്പ് പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധദിനം ആചരിക്കുമ്പോള്‍, ഒരു വര്‍ഷത്തിനകം സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരിബാഗ് മുക്തമാക്കാനുള്ള സംരംഭത്തില്‍ എല്ലാ ജനങ്ങളുടെയും ആത്മാര്‍ഥമായ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."