മരണത്തിലും അമേരിക്ക മുന്നിലേക്ക്...
വാഷിങ്ടണ്‍: അമേരിക്കയിലെ ആരോഗ്യമേഖലയിലെ വിദഗ്ധരും പിന്നീട് അമേരിക്കന്‍ പ്രസിഡന്റും പറഞ്ഞതുപോലെതന്നെ സംഭവിക്കുന്നു. കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ പ്രയാസമുണ്ടാക്കുന്ന രാജ്യമായി അമേരിക്ക മാറുന്നു. ലോകത്ത് കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ച രാജ്യം അമേരിക്കയായിരുന്നെങ്കിലും മരണസംഖ്യയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇതുവരെ അമേരിക്ക ഉണ്ടായിരുന്നത്. എന്നാല്‍, മരണസംഖ്യ ദിനംപ്രതി ദ്രുതഗതിയില്‍ കൂടി ഇറ്റലിക്കു തൊട്ടുപിറകില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് അമേരിക്ക.
കഴിഞ്ഞ ദിവസം മാത്രം രണ്ടായിരത്തിലേറെ പേര്‍ അമേരിക്കയില്‍ മരിച്ചതായാണ് വിവരം. ഇവിടെ മരണസംഖ്യ 17,055 ആയി ഉയര്‍ന്നിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ച ഇറ്റലിയില്‍ 18,279 ആണ് മരണസംഖ്യ. മരണസംഖ്യയ്ക്കു പുറമേ, അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. കൊവിഡ് കാര്യമായി ബാധിച്ച മറ്റു രാജ്യങ്ങളിലെല്ലാം ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെങ്കില്‍ അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലേമുക്കാല്‍ ലക്ഷമാണ്. 4,75,237 പേര്‍ക്കാണ് അമേരിക്കയില്‍ മാത്രം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ കാല്‍ ലക്ഷത്തിലേറെ പേര്‍ മാത്രമാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, സ്‌പെയിനില്‍ ഇന്നലെ 605 പേര്‍കൂടി രോഗം ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 15,843 ആയി ഉയര്‍ന്നു. ഇവിടെ 1,57,022 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും അര ലക്ഷത്തിലേറെ പേര്‍ ഗോഗമുക്തി നേടുകയും ചെയ്തിട്ടുമുണ്ട്. ഇറ്റലിയില്‍ 18,279 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. 1,43,626 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍, മുപ്പതിനായിരത്തോളം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇറ്റലിയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇന്നലെ ഒരു മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 3,336 ആയി. ഇവിടെ 81,907 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതില്‍ 77,455 പേരും രോഗമുക്തി നേടിയിട്ടുണ്ട്.അതേസമയം, ബ്രിട്ടനും ജര്‍മനിയും ഇറാനുമടക്കമുള്ള രാജ്യങ്ങളില്‍ മരണസംഖ്യ ഉയരുകയാണ്. ബ്രിട്ടനില്‍ 7,978 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 65,077 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 12,210 പേര്‍ മരിച്ചു. ജര്‍മനിയില്‍ 1,18,235 പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 2,607 പേര്‍ മരണത്തിനു കീഴടങ്ങി. ഇറാനില്‍ 4,232 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 122 പേര്‍ മരിച്ചു. ഇവിടെ 68,192 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ബെല്‍ജിയത്തില്‍ കഴിഞ്ഞ ദിവസം 496 പേര്‍ക്കൂടി മരിച്ചതോടെ മരണസംഖ്യ 3,019 ആയി ഉയര്‍ന്നു. 26,667 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സില്‍ 2,396 പേര്‍ മരിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ 908, സ്വിറ്റ്‌സര്‍ലന്‍ഡില്‍ 968, കാനഡയില്‍ 509, ബ്രസീലില്‍ 957, പോര്‍ച്ചുഗലില്‍ 409, ഓസ്ട്രിയയില്‍ 319, റഷ്യയില്‍ 94, ദക്ഷിണകൊറിയയില്‍ 208, ഇസ്‌റാഈലില്‍ 92, സ്വീഡനില്‍ 793, അയര്‍ലന്‍ഡില്‍ 263, ആസ്‌ത്രേലിയയില്‍ 53, ജപ്പാനില്‍ 99, പാകിസ്താനില്‍ 66, മലേഷ്യയില്‍ 70, ഫിലിപ്പൈന്‍സില്‍ 221, ഇന്തോനേഷ്യയില്‍ 306 എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവയല്ലാത്ത രാജ്യങ്ങളിലും മരണസംഖ്യയും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."