മുസ്‌ലിം കലണ്ടര്‍ രീതിയെ അവഗണിക്കാമോ?
വിദ്യാലയങ്ങളിലെ മുസ്‌ലിം കലണ്ടര്‍ രീതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തുന്നു. റമദാന്‍ മാസവും വെള്ളിയാഴ്ചയും അവധിദിനങ്ങളാക്കി കൊണ്ടുള്ളതാണല്ലോ മുസ്‌ലിം കലണ്ടര്‍ രീതി. പുണ്യദിനങ്ങളായ റമദാന്‍ മാസവും വെള്ളിയാഴ്ച ദിവസവും വിശ്വാസികള്‍ക്ക് അവധി ലഭിക്കുന്നത് വലിയ അനുഗ്രഹമാണ്. റമദാന്‍ മാസം നോമ്പെടുത്തും ഖുര്‍ആന്‍ പാരായണം ചെയ്തും ഈ ദിനങ്ങളുടെ മഹത്വം മനസ്സിലാക്കി പരിശീലനം നല്‍കുന്നതിന് കുട്ടികള്‍ക്ക് ഈ സമയങ്ങളില്‍ അവധി ലഭിക്കുന്നതുകൊണ്ട് കഴിയുന്നു. എന്നാല്‍ പുതുതലമുറയെ ഈ ദിനങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് പരിശീലിപ്പിക്കുന്നതിന് അവധി ലഭിക്കാത്തത് കാരണം കഴിയുന്നില്ല. നേരത്തെ പള്ളിയിലെത്തുകയോ കര്‍മങ്ങള്‍ യഥാവിധി ചെയ്യുകയോ ചെയ്യുന്നില്ല. വിദ്യാലയങ്ങളില്‍ പ്രത്യേക പരിപാടികള്‍ ഉണ്ടാകുമ്പോള്‍ വെള്ളിയാഴ്ച ദിവസം പള്ളിയില്‍ എത്തുന്നതു പോലുമില്ല.
മുസ്‌ലിം കലണ്ടര്‍ പഠനത്തെ ബാധിക്കുന്നു എന്നൊരു വാദമുണ്ട്. നോമ്പുകാലത്ത് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു പഠനപ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കഴിയുന്നില്ല എന്നാണ് അനുഭവ യാഥാര്‍ത്ഥ്യം. പകല്‍ നോമ്പിന്റെ ക്ഷീണവും രാത്രി നോമ്പുതുറയും മറ്റു കര്‍മങ്ങളുമായതാണ് കാരണം. ഫലത്തില്‍ ഒരു മാസത്തെ അവധിക്ക് തുല്യമാകുകയാണ് ഇവിടെ സംഭവിക്കുന്നത്. ഏപ്രില്‍ മാസത്തെ കാലാവസ്ഥ മറ്റൊരു കാരണമായി പറയുന്നുണ്ട്. അധ്യയനവര്‍ഷത്തിന്റെ അവസാനമായതിനാല്‍ പരീക്ഷകളും മറ്റും മാത്രം നടക്കുന്ന സമയമായതുകൊണ്ട് വലിയ ഒരു പ്രശ്‌നമായി ഇതിനെ കാണാന്‍ കഴിയില്ല.
ആയതിനാല്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ കൂടുതല്‍ പഠിക്കുന്ന എല്‍.പി, യു.പി തുടങ്ങിയ പ്രാഥമിക വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ പഠന പുരോഗതിക്കും മതപരമായ കാര്യങ്ങള്‍ പരിശീലിക്കുന്നതിനും മുസ്‌ലിം കലണ്ടര്‍ രീതിയാണ് കൂടുതല്‍ അഭികാമ്യം.
അതേസമയം സമുദായ പുരോഗതി എന്ന പേരില്‍ എതിര്‍ക്കുന്നവര്‍ മനസ്സിലാക്കേണ്ടത് വിശ്വാസപരമായ മഹത്വം നിസ്സാരവല്‍ക്കരിച്ച് മുന്നോട്ട് പോകുന്നത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്നാണ്. ബഹുമാനാദരവുകള്‍ നല്‍കേണ്ട മതത്തിന്റെ അടയാളങ്ങളെ അവഗണിക്കുന്നത് മതപരമായ അനുഷ്ഠാനങ്ങള്‍ ചെയ്യാതിരിക്കുന്നതിനേക്കാളും വലിയ തിന്മയായി കാണുകയും വേണം. ബംഗാളിലെയും ആസാമിലെയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും മുസ്‌ലിം അവസ്ഥയില്‍നിന്ന് ചില പാഠങ്ങള്‍ പഠിക്കുകയും വേണം.
കെ. ഇല്യാസ് അഹമ്മദ്
കുറ്റ്യാടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."