മയക്കുമരുന്ന് കടത്തിയെന്ന കുറ്റം: ദോഹ ജയിലിലുള്ള നാല് യുവാക്കളുടെ പ്രശ്‌നം ഗൗരവമുള്ളതെന്ന് ഹൈക്കോടതി
കൊച്ചി: മയക്കുമരുന്നു കടത്തിയെന്ന കുറ്റത്തിന് ദോഹയില്‍ ജയിലിലായ മലയാളികളായ യുവാക്കളുടെ പ്രശ്‌നം ഗൗരവമുള്ളതാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ദോഹയിലെ ജയിലില്‍ കഴിയുന്ന നാല് യുവാക്കള്‍ക്കു വേണ്ടി അമ്മമാര്‍ നല്‍കിയ ഹരജിയില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ പൊലിസ് മേധാവികളോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പത്ത് ദിവസത്തിനകം മറുപടി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
മക്കളുടെ കേസില്‍ വിചാരണ ഈ മാസം പൂര്‍ത്തിയാകും. കെണിയൊരുക്കിയ ഏജന്റുമാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നത് മക്കളുടെ ജയില്‍ മോചനത്തിന് വഴിയൊരുക്കുമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ കുര്യന് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കു കൂടി തട്ടിപ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിളിച്ചു വരുത്തി പരിശോധിക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു. മക്കളുടെ മോചനത്തിനുള്ള നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എറണാകുളം മൂക്കന്നൂര്‍ സ്വദേശിനി കെ.വി ഉഷാകുമാരി, കോട്ടയം ഏയ്ഞ്ചല്‍വാലി സ്വദേശിനി റോസമ്മ മാത്യു, ചെങ്ങന്നൂര്‍ സ്വദേശിനി കെ.ആര്‍. ഇന്ദിരാദേവി, എറണാകുളം ചേലാമറ്റം സ്വദേശിനി രമ ശശി എന്നിവരാണ് ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. വിസ ശരിയാക്കി നല്‍കിയ ഏജന്റുമാരുടെ കെണിയില്‍പ്പെട്ടാണ് മക്കള്‍ ജയിലിലായതെന്ന് ഇവരുടെ ഹരജിയില്‍ പറയുന്നു.
ഹരജിക്കാരുടെ മക്കളായ ആഷിക് ആഷ്‌ലി (22), കെവിന്‍ മാത്യു (26), ആദിത്യ മോഹനന്‍ (21), ശരത് ശശി (24) എന്നിവരാണ് ദോഹയിലെ ദുഹൈല്‍ ജയിലില്‍ ശിക്ഷ കാത്ത് കഴിയുന്നത്. കുടുംബം പോറ്റാനാണ് ഇവര്‍ ജോലി തേടി വിദേശത്തേക്ക് പോയത്. ഷാനി, റഫീസ്, റഷീദ്, ജയേഷ് എന്നിവരാണ് വിസ ശരിയാക്കി നല്‍കിയതെന്നും മയക്കുമരുന്ന് റാക്കറ്റിലുള്‍പ്പെട്ട ഇവര്‍ മക്കളെ ചതിക്കുകയായിരുന്നെന്നും അമ്മമാര്‍ ആരോപിക്കുന്നു. മക്കളുമായി ചങ്ങാത്തം സ്ഥാപിച്ച ഏജന്റുമാര്‍ അവരെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. അവിടെ വച്ച് ദോഹയിലുള്ള ബന്ധുക്കള്‍ക്ക് നല്‍കണമെന്ന നിര്‍ദേശത്തോടെ ബാഗുകള്‍ കൈമാറി.
ദോഹയിലെ എയര്‍പോര്‍ട്ടിലെത്തി ബന്ധുക്കള്‍ ബാഗുകള്‍ വാങ്ങുമെന്നും പറഞ്ഞിരുന്നു. പിന്നീട് ദോഹ എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ ബാഗുകളില്‍ മയക്കുമരുന്ന് കണ്ടെത്തിയതോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്നു വിസ ഏജന്റുമാര്‍ക്കെതിരേ പരാതി നല്‍കിയെങ്കിലും ഫലപ്രദമായ അന്വേഷണമുണ്ടായില്ലെന്ന് ഹരജിക്കാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."