100 വയസ് പിന്നിട്ട ആദിവാസി മുത്തശ്ശി; വൈദ്യ പരിശോധനാ ക്യാംപിലെ വി.വി.ഐ.പി
കാളികാവ്: മലയോര മേഖലയിലെ പ്രായം കൂടിയ ആദിവാസി മുത്തശ്ശി ചെറിയ കുറുമ്പി വൈദ്യപരിശോധന ക്യാംപിനെത്തിയത് കൗതുകമായി. ആധുനിക ചികിത്സാരീതി യോട് മുഖം തിരിഞ്ഞു നില്ക്കാറുള്ളവരാണ് ആദിവാസികള്‍. ആദിവാസികളുടെ ചികിത്സയോടുള്ള മനോഭാവം മാറ്റാനായി സംഘടിപ്പിച്ച ക്യാംപിലാണ് ആദിവാസി മുത്തശ്ശി ചെറിയ കുറുമ്പി ഉള്‍പ്പടെ ചികിത്സ തേടിയെത്തിയത്. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ചോക്കാട് നാല്പത് സെന്റില്‍ കാളികാവ് പോലിസ് പെവുംതറ കോസ്മോസ്, ചോക്കാട് സ്പാര്‍ക്ക് ക്ലബുകളുകളുമായി ചേര്‍ന്നാണ് ക്യാംപ് നടത്തിയത്. ചേനപ്പാടി കോളനിയില്‍ നിന്ന് താമസം മാറ്റിയതിലുള്ള പ്രതിഷേധം അധികൃതരെ അറിയിച്ചാണ് ചെറിയ കുറുമ്പിയെത്തിയത്.
ക്യാംപിന് നേതൃത്വം നല്കിയ വണ്ടൂര്‍ സി.ഐ ജോണ്സണ്, കാളികാവ് എസ്.ഐ കെ.പി സുരേഷ് ബാബു എന്നിവരോടാണ് ചെറിയ കുറുമ്പി തുറന്നടിച്ചത്. കണ്ണിന് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍ പറയുന്നുണ്ട്. ആശുപത്രിയില്‍ കൂടെ നില്ക്കാന് ആളില്ലാത്തതിനാല്‍ ചെയ്യുന്നില്ലെന്നും ചെറിയ കുറുമ്പി പൊലിസിനോട് പറഞ്ഞു. പരുത്തിപ്പെറ്റയില് വീടു ലഭിച്ചുവെന്നല്ലാതെ കുടിവെള്ള സൗകര്യം ഇതേവരെ അധികൃതര്‍ എത്തിച്ചിട്ടില്ലെന്നും അവര്‍ പരാതിപ്പെട്ടു. 90 വയസ് കഴിഞ്ഞെന്നും കാഴ്ചയും കേള്‍വിയും കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറയുഞ്ഞു. മാവോവാദി ഭീഷണിയുള്ള പ്രദേശത്ത് കനത്ത സുരക്ഷയോടെയാണ് ക്യാംപ് നടത്തിയത്.
കാളികാവ് സ്റ്റേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രഥമ ചികിത്സാ ക്യാംപാണ് ചോക്കാട് കോളനിയില്‍ നടത്തിയതെന്ന് എസ്.ഐ കെ.പി സുരേഷ് ബാബു പറഞ്ഞു. എസ്.ഐ ഇ.വി സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ശിവശങ്കരന്, രവികുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ വിനോദ്, ബിന്ദു മോള് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."