കണ്‍സ്യൂമര്‍ഫെഡ് സഹകരണ റമദാന്‍ വിപണിക്ക് നാളെ തുടക്കമാവും
കോഴിക്കോട്: സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡ് സഹകരണ റമദാന്‍ വിപണിക്ക് നാളെ തുടക്കമാവും. കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലാണ് റമദാന്‍ വിപണി ഉണ്ടാവുക. നിപാ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ റമദാന്‍ വിപണിക്കു പകരം നാലു മൊബൈല്‍ ത്രിവേണി സര്‍വിസ് നടത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റമദാന്‍ കാലത്ത് പൊതുവിപണിയില്‍ വിലക്കയറ്റം തടഞ്ഞുനിര്‍ത്തുകയാണ് 13 വരെ നീണ്ടുനില്‍ക്കുന്ന സഹകരണ റമദാന്‍ വിപണിയുടെ ലക്ഷ്യം. പൊതുവിപണിയെ അപേക്ഷിച്ച് 10 മുതല്‍ 60 ശതമാനം വരെ വിലക്കുറവിലാണ് റമദാന്‍ വിപണിയില്‍ സാധനങ്ങള്‍ ലഭ്യമാക്കുക. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിനു തിരുവനന്തപുരം സ്റ്റാച്യുവില്‍ സെക്രട്ടേറിയറ്റിനു എതിര്‍വശത്തെ ഗ്രൗണ്ടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
കോഴിക്കോട് ജില്ലയില്‍ മലയോര, തീരദേശ മേഖലകള്‍ക്കു പ്രാധാന്യം നല്‍കിയാണ് നാലു മൊബൈല്‍ ത്രിവേണി സര്‍വിസ് നടത്തുക. നിപാ ഭീഷണി നിലനില്‍ക്കുന്ന പേരാമ്പ്ര, ബാലുശേരി എന്നിവിടങ്ങളില്‍ സര്‍വിസ് നടത്തുന്ന കാര്യം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടശേഷം തീരുമാനിക്കും. ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിനാണ് ഇവിടെ മൊബൈല്‍ സര്‍വിസിനു നിയന്ത്രണം വച്ചിട്ടുള്ളത്. മൊബൈല്‍ സര്‍വിസിന്റെ ഉദ്ഘാടനം ഒന്‍പതിനു വൈകിട്ട് നാലിന് കുറ്റിച്ചിറയില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റമദാന്‍ വിപണിയില്‍ റേഷന്‍ കാര്‍ഡ് മുഖേന നിയന്ത്രിത അളവില്‍ ഒരു ദിവസം 1000 പേര്‍ക്കാണ് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കുക. ഒരു കാര്‍ഡില്‍ അഞ്ചു കിലോ അരി, രണ്ടു കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ, 500 ഗ്രാം വീതം ചെറുപയര്‍, കടല, വന്‍പയര്‍, തുവരപരിപ്പ്, ഉഴുന്ന്, മുളക്, മല്ലി എന്നിവ ലഭിക്കും. അരി കുറുവ, ജയ ഇനങ്ങള്‍ക്ക് 25 രൂപയും മട്ടയ്ക്ക് 24 രൂപയുമാണ് വില. 800 രൂപ പൊതുവിപണിയില്‍ വില വരുന്ന സാധനങ്ങള്‍ 482 രൂപയ്ക്കാണ് സഹകരണ റമദാന്‍ വിപണിയില്‍ ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സബ്‌സിഡിയില്ലാത്ത ആട്ട, മൈദ, റവ, ബിരിയാണി അരി എന്നിവയും ഇവിടെ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."