സഊദിയില്‍ പാകിസ്താനി ഡ്രൈവറുടെ പരാക്രമം; പരുക്കേറ്റവരില്‍ ഇന്ത്യക്കാരനും
ജിദ്ദ: മക്കയിലെ കഅ്കിയ ഡിസ്ട്രിക്ടില്‍ ഷെവല്‍ ഡ്രൈവറുടെ പരാക്രമം. 22 വാഹനങ്ങളും തെരുവ് വിളക്കുകാലുകളും കരുതിക്കൂട്ടി കേടുവരുത്തിയ സംഭവത്തില്‍ പ്രതി പാകിസ്താനിയായ മനോരോഗിയാണെന്ന് മക്ക പ്രവിശ്യ പൊലിസ് അറിയിച്ചു. പരാക്രമത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഷെവല്‍ കവര്‍ന്നായിരുന്നു പരാക്രമം. രണ്ടു സഊദി പൗരന്മാര്‍ക്കും ഒരുഇന്ത്യക്കാരനുമാണ് പരുക്കേറ്റത്. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ഇവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ അല്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെവല്‍ ഡ്രൈവറെ നിറയൊഴിച്ചാണ് സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തത്. മാനസിക രോഗിയായ 39 കാരനാണ് അറസ്റ്റിലായത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. മക്കയിലെ കഅ്കിയയില്‍ കാറുകളും മിനി ലോറിയും ടാങ്കറും അടക്കം 22 വാഹനങ്ങള്‍ തകര്‍ത്തത്. ഏതാനും തെരുവ് വിളക്കു കാലുകളും ഷെവല്‍ ഉപയോഗിച്ച് യുവാവ് തകര്‍ത്തു. ചില കാറുകള്‍ ഷെവല്‍ ഉപയോഗിച്ച് യുവാവ് കീഴ്‌മേല്‍ മറിച്ചിട്ടു. മറ്റു ചില വാഹനങ്ങള്‍ ഷെവല്‍ ഉപയോഗിച്ച് തകര്‍ത്തു. വെടിവച്ച് ഷെവലിന്റെ ടയര്‍ പഞ്ചറാക്കിയും കാലിന് വെടിവച്ച് പരുക്കേല്‍പ്പിച്ചുമാണ് പ്രതിയെ പോലിസുകാര്‍ അറസ്റ്റ് ചെയ്തത്. കാറുകളും വൈദ്യുതി പോസ്റ്റുകളും കരുതിക്കൂട്ടി തകര്‍ത്ത് ഷെവലുമായി പരാക്രമം നടത്തുന്ന ഡ്രൈവറെ കുറിച്ച് പോലിസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. ട്രാഫിക് പോലിസും പെട്രോള്‍ പോലിസും റെഡ് ക്രസന്റും സിവില്‍ ഡിഫന്‍സ് യൂനിറ്റുകളും സ്ഥലത്ത് കുതിച്ചെത്തി.
ഉച്ചഭാഷിണിയിലൂടെ ഷെവല്‍ നിര്‍ത്തുന്നതിന് പോലിസുകാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഇത് അവഗണിച്ച് വാഹനങ്ങളും വൈദ്യുതി പോസ്റ്റുകളും തകര്‍ക്കുന്നത് പാകിസ്താനി തുടര്‍ന്നു. ഇതോടെ ഷെവലിന്റെ ടയര്‍ പോലിസുകാര്‍ വെടിവച്ചു പഞ്ചറാക്കി. ഇതിനു ശേഷവും പരാക്രമം തുടര്‍ന്നതോടെയാണ് പ്രതിയുടെ വലതു കാലിന് പോലിസുകാര്‍ നിറയൊഴിച്ചത്. കാലിന് വെടിയേറ്റതോടെ ഷെവല്‍ നിര്‍ത്തിയ യുവാവിനെ പോലിസുകാര്‍ കീഴടക്കി. ഷെവലും സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."