പുല്ലൂക്കരയില്‍ കണ്ടെത്തിയത് ഭൂഗര്‍ഭജല മത്സ്യം
ചൊക്ലി (കണ്ണൂര്‍): പുല്ലൂക്കര കുനിയില്പീടികയില് വീട്ടിലെ കിണറില്‍ കണ്ടെത്തിയ ജീവി മോണോപ്റ്റീറസ് എന്ന ഭൂഗര്‍ഭജല മത്സ്യം. മത്സ്യങ്ങളെക്കാള്‍ വിരകളോടും പാമ്പുകളോടും രൂപ സാദൃശ്യമുള്ളതാണു കഴിഞ്ഞദിവസം കണ്ടെത്തിയ മത്സ്യം. മത്സ്യത്തെ കാണാന്‍ നിരവധി പേരാണ് പാറേമ്മല്‍ സ്കൂളിനു സമീപമുള്ള നന്തോത്ത് അല്‍ത്താഫിന്റെ വീട്ടിലേക്ക് എത്തുന്നത്.
ആരല്‍ കുടുംബത്തിലെ ഒരംഗമായ ഈ മത്സ്യം ഭൂമിക്കടിയിലെ ഉറവുചാലുകളിലാണു വസിക്കുന്നതെന്നും ബ്രസീല്‍ പോലുള്ള ചില രാജ്യങ്ങളിലാണ് കണ്ടുവരാറുള്ളതെന്നും വിദഗ്ധര്‍ വ്യക്തമാക്കി. കേരളത്തിലെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട രീതിയില്‍ ഇവയെ കണ്ടുവരുന്നുണ്ട്. ചൂട് കൂടുതലായതിനാല്‍ ശുദ്ധവെള്ളവും നല്ല മണ്ണുമുള്ള കിണറുകളിലേക്കു ചേക്കേറുന്നതാണിത്. ഇതിനു പാമ്പുമായി യാതൊരു ബന്ധവുമില്ല.
ഈ മത്സ്യം കിണറുകളില്‍ കണ്ടാല്‍ വെള്ളം ശുദ്ധമാണെന്ന് അനുമാനിക്കാം. ഭൂഗര്‍ഭജലത്തില്‍ മാത്രം വസിക്കുന്നതിനാല്‍ ഭൗമോപരിതല മത്സ്യങ്ങളുടേതു പോലെ നിറമോ രൂപമോ കൈവന്നിട്ടില്ല.
വെള്ളത്തിലെ ചെറിയ ചലനങ്ങള്‍ പോലും മനസിലാക്കാനും ഇരതേടാനും ഇണയെ കണ്ടെത്താനുമുതകുന്ന ഇന്ദ്രിയങ്ങള്‍ ഇവയ്ക്കുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
ഇവയെക്കുറിച്ചുള്ള വിശദമായ പഠനം ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ ഡോ. വി.വി ബിനോയുടെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഈ മത്സ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ യു.കെ ആസ്ഥാനമായുള്ള റുഫോര്‍ഡ് ഫൗണ്ടേഷന് ഗ്രാന്‍ഡ് അനുവദിച്ചതായും ഗവേഷകര്‍ പറഞ്ഞു. ജനിതകം, ആവാസ വ്യവസ്ഥ, സ്വഭാവം എന്നിവയെക്കുറിച്ച് വിശദമായ പഠനം നടന്നുവരുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
ഈ മത്സ്യങ്ങളെ ലഭിച്ചാല്‍ നിര്‍മലഗിരി കോളജില്‍ സുവോളജി വിഭാഗം ആരംഭിച്ച പുനരധിവാസ കേന്ദ്രത്തില്‍ ഏല്‍പ്പിക്കാം. ഇത്തരം മത്സ്യത്തെ കണ്ടെത്തിയത് അറിയിച്ചാല്‍ സ്ഥലത്തെത്തി ശേഖരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഫോണ്‍: 9400059926.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."