HOME
DETAILS

കൊവിഡ് പ്രതിരോധം; നൂറ്റാണ്ട് പിന്നിട്ടിട്ടും നിയമം ദുര്‍ബലം

  
backup
April 12 2020 | 01:04 AM

weak-law-covid-2020

 


19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഹോങ്കോങ്ങില്‍ നിന്ന് ബ്രിട്ടിഷ് ഇന്ത്യയിലെ ബോംബെ പ്രവിശ്യയില്‍ പടര്‍ന്നുപിടിച്ച മാരകമായ പ്ലേഗ് രോഗം തടയാന്‍ ഗവര്‍ണര്‍ ജനറല്‍ കൗണ്‍സില്‍ പാസാക്കി നടപ്പാക്കിയ നിയമമാണ് 1897ലെ എപിഡമിക് ഡിസീസ് ആക്ട്. വെറും നാലു വകുപ്പുകളുള്ള ഈ ചെറിയ നിയമമാണ് ആഗോള ഭീഷണിയായി മാറിയ കൊവിഡിനെ നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രയോഗിക്കുന്നത്. നിയമം നടപ്പില്‍ വന്ന് 123 വര്‍ഷം പിന്നിട്ടിട്ടും സ്വാതന്ത്ര്യം നേടി 72 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും മാരകമായ സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാന്‍ പര്യപ്തമായ നിയമ നിര്‍മാണം നടത്താന്‍ നാം മറന്നു. രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ ഈ കൊളോണിയല്‍ നിയമത്തില്‍ വളരെ അപ്രധാനമായ ഭേദഗതികള്‍ വരുത്തിയതൊഴിച്ചാല്‍ 123 വര്‍ഷം പിന്നിട്ട നിയമം കാലത്തിന്റെ മാറ്റങ്ങള്‍ക്കും ആവശ്യകതകള്‍ക്കുമനുസരിച്ച് പൊളിച്ചെഴുതാന്‍ നമുക്ക് സാധിച്ചിട്ടില്ല. 2009ല്‍ പൂനെയില്‍ സ്വിന്‍ ഫ്‌ളൂ പടര്‍ന്നുപിടിച്ചപ്പോഴും 2015ല്‍ ചണ്ഡീഗഡില്‍ ഡെങ്കിപ്പനിയുടെ വ്യാപനം ഉണ്ടായപ്പോഴും 2018ല്‍ ഗുജറാത്തില്‍ കോളറ വ്യാപകമായി പടര്‍ന്നുപിടിച്ചപ്പോഴുമെല്ലാം രോഗ പ്രതിരോധത്തിനായി ഭരണകര്‍ത്താക്കള്‍ ഈ നിയമമായിരുന്നു പ്രയോഗിച്ചിട്ടുണ്ടായിരുന്നത്.


രാജ്യത്ത് ഏതെങ്കിലും പ്രദേശത്ത് ഒറ്റപ്പെട്ടോ വ്യാപകമായോ ഏതെങ്കിലും സാംക്രമിക രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും നിലവിലെ നിയമങ്ങള്‍ രോഗത്തെ പ്രതിരോധിക്കാന്‍ അപര്യാപ്തമാണെന്നു സംസ്ഥാന സര്‍ക്കാരിനു ബോധ്യപ്പെടുകയും ചെയ്താല്‍ അത്തരം രോഗം 1897ലെ എപിഡമിക് ഡിസീസസ് ആക്ട് രണ്ടാം വകുപ്പനുസരിച്ച് വിജ്ഞാപനം ചെയ്യപ്പെട്ട നിലയില്‍ യുക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിയമം അധികാരം നല്‍കുന്നു. രോഗ വ്യാപനത്തിനെതിരേയുള്ള നടപടികള്‍ക്കുള്ള ചെലവുകള്‍ തീരുമാനിക്കുന്നതിനും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ണയിക്കുന്നതിനും സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകളടങ്ങിയതാണ് ഈ പഴയ നിയമം. മാത്രമല്ല, റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം ഉപയോഗപ്പെടുത്തി യാത്രചെയ്യുന്നവരെ പരിശോധിക്കുന്നതിനും അത്തരം യാത്രക്കാരെ രോഗപ്രതിരോധ നടപടിയുടെ ഭാഗമായി മാറ്റിനിര്‍ത്താനും മാറ്റിതാമസിപ്പിക്കാനും നിയമ വ്യവസ്ഥയനുസരിച്ച് അധികാരികള്‍ക്കു സാധിക്കുന്നതാണ്. രോഗ പ്രതിരോധത്തിന്റെ ഭാഗമായി സ്ത്രീകളെ പുരുഷന്‍മാരായ ആരോഗ്യ പ്രവര്‍ത്തകര്‍ ദേഹപരിശോധനയുടെ ഭാഗമായി അപമാനിച്ചുവെന്ന പരാതി ബ്രിട്ടിഷ് ഭരണകാലത്ത് വ്യാപകമായിരുന്നു.


1897ലെ എപിഡമിക് ഡിസീസസ് ആക്ട് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച റഗുലേഷന്‍ അനുസരിച്ചാണു നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ സംസ്ഥാന വ്യാപകമായി പൊലിസ് നടപടികള്‍ കൈക്കൊണ്ടുവരുന്നത്. റഗുലേഷന്‍ അനുസരിച്ചുള്ള ഉത്തരവുകള്‍ ലംഘിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 188ാം വകുപ്പ് അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്. പ്രസ്തുത ഉത്തരവുകള്‍ അനുസരിക്കാതിരിക്കുക വഴി ഏതെങ്കിലും ആള്‍ക്കു തടസമോ ക്ഷതമോ ഉണ്ടാവുന്നത് ഒരുമാസത്തെ തടവുശിക്ഷയോ 200 രൂപ പിഴയോ വിധിക്കാവുന്ന കുറ്റമാണ്. മേല്‍വിവരിച്ച പ്രകാരമുള്ള ഉത്തരവുകള്‍ അനുസരിക്കാതിരിക്കുക വഴി മനുഷ്യ ജീവനോ ആരോഗ്യത്തിനോ അപായമുണ്ടാക്കുകയോ ഉണ്ടാക്കുവാന്‍ പ്രവണതയുള്ളതായിരിക്കുകയോ ലഹളയോ അക്രമങ്ങള്‍ ഉണ്ടാക്കുകയോ ഉണ്ടാക്കുവാന്‍ പ്രവണതയുള്ളതായിരിക്കുകയോ ചെയ്യുന്നുവെങ്കില്‍ ആറുമാസം വരെ തടവുശിക്ഷയോ 1000 രൂപ പിഴയോ വിധിക്കാവുന്ന കുറ്റമാണ്.


ഇന്ത്യന്‍ ശിക്ഷാനിയമം 188ാം വകുപ്പ് പ്രകാരം പൊലിസ് പ്രഥമവിവര റിപ്പോര്‍ട്ട് നല്‍കിയതുകൊണ്ടു മാത്രം ഒരു കോടതിയും കേസ് ഫയലില്‍ സ്വീകരിക്കുന്നതല്ല. ഏതു പൊതുസേവകന്റെ ഉത്തരവാണോ ലംഘിക്കപ്പെടുന്നത് ആ പൊതുസേവകനോ അല്ലെങ്കില്‍ ആ പൊതുസേവകന്റെ കീഴുദ്യോഗസ്ഥന്‍ നേരിട്ട് ഓരോ കേസിനും പ്രത്യേകം പ്രത്യേകം ലിഖിതമായ പരാതി നല്‍കിയാല്‍ മാത്രമേ കോടതി കേസ് ഫയലില്‍ സ്വീകരിച്ച് കുറ്റവിചാരണ നടത്താന്‍ പാടുള്ളൂവെന്നാണു ക്രിമിനല്‍ നടപടി സംഹിത 195 (എ) വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് സംസ്ഥാന വ്യാപകമായി ആയിരക്കണക്കിനു കേസ് രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യത്തില്‍ ഓരോ കേസിനും ലിഖിതമായ പരാതി കോടതിയില്‍ ബോധിപ്പിക്കുകയെന്നത് ഒരിക്കലും പ്രായോഗികമല്ല. അതുകൊണ്ടു തന്നെ ഉത്തരവുകള്‍ ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമം 188ാം വകുപ്പ് ചുമത്തി രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല.


ജീവന് അപായകരമായ രോഗത്തിന്റെ പകര്‍ച്ച വ്യാപിപ്പിക്കുവാന്‍ ഇടയുള്ള ഉപേക്ഷാപൂര്‍വകമായ കൃത്യം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 269, 270 വകുപ്പുകളനുസരിച്ചുള്ള കുറ്റമാണ്. 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടും കൊവിഡ് പ്രതിരോധ നടപടികള്‍ക്കു ഫലപ്രദമായ നിയമമല്ല. പ്രസ്തുത നിയമമനുസരിച്ച് പൊലിസിനു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമില്ല. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടില്‍ വിവരിച്ചിരിക്കുന്ന കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥരെയോ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥരുടെയോ ആജ്ഞകളോ ഉത്തരവുകളോ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നതു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണെങ്കിലും നാഷണല്‍ അതോറിറ്റി, സ്‌റ്റേറ്റ് അതോറിറ്റി, ജില്ലാ അതോറിറ്റി, കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട അധികാരികള്‍ ലിഖിതമായ പരാതികള്‍ നേരിട്ടു കോടതിയില്‍ ബോധിപ്പിക്കാന്‍ മാത്രമേ സാധിക്കൂവെന്ന 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടിലെ 59, 60 വകുപ്പുകളിലെ വ്യവസ്ഥ ഫലപ്രദമായ നിയമനടപടികളെ ദുര്‍ബലമാക്കും.
രാജ്യത്ത് ഫലപ്രദമായ സാംക്രമിക രോഗ പ്രതിരോധ നിയമത്തിന്റെ അഭാവം കൊവിഡ് കാലത്ത് നാം ശരിക്കും അനുഭവിക്കുകയാണ്. മനുഷ്യരാശിയെ വെല്ലുന്ന ഈ മാരക രോഗത്തെ നേരിടാന്‍ ഫലപ്രദമായതും ഏകീകൃതവുമായ രോഗപ്രതിരോധ നിയമം അനിവാര്യമാണ്. ഒന്നാം മോദി ഭരണത്തിന്റെ അവസാന നാളുകളില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2017ലെ പബ്ലിക് ഹെല്‍ത്ത് (പ്രിവന്‍ഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് മാനേജ്‌മെന്റ് ഓഫ് എപിഡമിക്, ബയോ ടെററിസം ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ്) ബില്‍ മൂന്നുവര്‍ഷം പിന്നിട്ടിട്ടും ഇനിയും വെളിച്ചം കണ്ടില്ല. പൗരത്വ നിയമ ഭേദഗതി പോലുള്ള രാഷ്ട്രീയ നിറമുള്ള നിയമ നിര്‍മാണങ്ങള്‍ ധൃതിപിടിച്ച് പാസാക്കി നടപ്പാക്കുന്നതിനിടയില്‍ മനുഷ്യജീവനെ ബാധിക്കുന്ന പരമപ്രധാന നിയമ നിര്‍മാണങ്ങള്‍ സര്‍ക്കാര്‍ വിസ്മരിച്ചു. സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാന്‍ ഫലപ്രദമായ നിരവധി വകുപ്പുകളുള്ള പ്രസ്തുത ബില്ലിലെ പല വ്യവസ്ഥകളും കൊവിഡ് പ്രതിരോധങ്ങള്‍ക്കു വളരെ അനിവാര്യമെന്നു ബോധ്യപ്പെടും.


രോഗ പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ ലംഘിച്ചാല്‍ ആദ്യത്തെ ലംഘനത്തിനു 10,000 രൂപയും ലംഘനം ആവര്‍ത്തിച്ചാല്‍ 25,000 രൂപയും പിഴശിക്ഷയാണു നിര്‍ദിഷ്ട ബില്ലനുസരിച്ചുള്ള ശിക്ഷാ വ്യവസ്ഥകള്‍. ബോധപൂര്‍വമായ നിയമലംഘനത്തിനു ബില്ലിലെ വ്യവസ്ഥയനുസരിച്ച് 50,000 രൂപ ആദ്യലംഘനത്തിനും തുടര്‍ന്നുണ്ടാവുന്ന ആവര്‍ത്തന ലംഘനത്തിന് ഒരുലക്ഷത്തില്‍ കവിയാത്ത പിഴശിക്ഷയും രണ്ടുവര്‍ഷം വരെ തടവുശിക്ഷയും വ്യവസ്ഥ ചെയ്ത നിര്‍ദിഷ്ട ബില്‍ പരിശോധിച്ചാല്‍ പല വകുപ്പുകളും കൊവിഡ് വ്യാപനം മുന്നില്‍ക്കണ്ട് രൂപകല്‍പന ചെയ്ത നിയമമാണെന്നു തോന്നിപ്പോകും. ബില്ലിലെ 2 (എന്‍) വകുപ്പനുസരിച്ച് ഒന്നാം പട്ടികയില്‍ വിജ്ഞാപനം ചെയ്യപ്പെട്ട മാരകമായ സാംക്രമിക രോഗങ്ങളുടെ കൂട്ടത്തില്‍ പക്ഷിപ്പനി, ചിക്കന്‍ ഗുനിയ, കോളറ, ഡെങ്കിപ്പനി, ജപ്പാന്‍ ജ്വരം, മലേറിയ, നിപാ, പ്ലേഗ്, മഞ്ഞപ്പനി തുടങ്ങി രാജ്യാന്തര തലത്തില്‍ പടര്‍ന്നുപിടിക്കാനിടയുള്ള സാംക്രമിക രോഗങ്ങളുടെ ഗണത്തില്‍പ്പെട്ട 35 ഇനം രോഗങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്, ബില്ലിലെ രണ്ടാം പട്ടികയനുസരിച്ച് സാംക്രമിക രോഗം പടര്‍ന്നുപിടിക്കാനിടയുള്ള 36 ഇനങ്ങളില്‍പെട്ട ബാക്ടീരിയ, പങ്കി, വൈറസ്, ടോക്‌സിന്‍ എന്നിവയും ഉള്‍പ്പെട്ടതാണ്. കൊവിഡിനെ തുടര്‍ന്നു രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ മുന്തിയ പരിഗണന നല്‍കി പ്രസ്തുത ബില്‍ നിയമമാക്കാന്‍ തയാറാവണം.

കേരള എപിഡമിക്
ഡിസീസസ് ഓര്‍ഡിനന്‍സ് 2020


കൊവിഡ് വ്യാപനം ഫലപ്രദമായി തടയാന്‍ ഉദ്ദേശിച്ച് 2020 മാര്‍ച്ച് 26നു ഗവര്‍ണര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പരിശോധിച്ചാല്‍ 123 വര്‍ഷം മുമ്പ് ബ്രിട്ടിഷ് ഭരണാധികാരികള്‍ പാസാക്കി നടപ്പാക്കിയ നിയമത്തില്‍ നിന്ന് വ്യത്യസ്തമായ കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ഫലപ്രദമായ വ്യവസ്ഥകള്‍ യാതൊന്നും തന്നെയില്ലെന്നു മാത്രമല്ല, ബ്രിട്ടിഷ് നിയമത്തിലുണ്ടായിരുന്ന നഷ്ടപരിഹാരമെന്ന വ്യവസ്ഥ പുതിയ ഓര്‍ഡിനന്‍സില്‍ നിന്ന് വിട്ടുകളഞ്ഞുവെന്നതു വളരെ ശ്രദ്ധേയമാണ്.


പുതിയ ഓര്‍ഡിനന്‍സിലെ മൂന്നാം വകുപ്പനുസരിച്ച് കൊവിഡ് ഒരു സാംക്രമിക രോഗമായി വിജ്ഞാപനം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ഓര്‍ഡിനന്‍സ് അനുസരിച്ചുള്ള കൊവിഡിനെതിരേയുള്ള പ്രതിരോധ നടപടികളുടെ നിയമ സാധുത നിലനില്‍ക്കുന്നതല്ല. സംസ്ഥാനത്ത് ഇപ്പോള്‍ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ട്, തിരുവിതാംകൂര്‍ കൊച്ചി പബ്ലിക് ഹെല്‍ത്ത് ആക്ട് എന്നീ നിയമങ്ങളനുസരിച്ചാണ് കൊവിഡ് ഒരു സാംക്രമിക രോഗമായി വിജ്ഞാപനം ചെയ്തത്. പ്രസ്തുത വിജ്ഞാപനങ്ങള്‍ 2020ലെ കേരളാ എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് അനുസരിച്ചുള്ള നടപടികള്‍ക്കു നിയമസാധുത നല്‍കില്ല.


കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് ഉപേക്ഷിക്കുമെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരേ പിഴചുമത്തി വാഹനം വിട്ടുകൊടുക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന വിസ്മയം ജനിപ്പിക്കുന്നതാണ്. വാഹനം കോടതിയില്‍ ഹാജരാക്കാതെ പിഴ ചുമത്താന്‍ ആര്‍ക്കാണ് അധികാരമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. ക്രിമിനല്‍ നടപടി നിയമ സംഹിതയിലോ പുതിയ ഓര്‍ഡിനന്‍സിലോ വ്യവസ്ഥ ചെയ്യാത്ത പിഴചുമത്താനുള്ള അധികാരം പൊലിസിന് എങ്ങനെ ലഭിക്കുന്നുവെന്നത് ഇനിയും വ്യക്തമല്ല. പിഴതുക നിശ്ചയിക്കാന്‍ പൊലിസിന്, ഇല്ലാത്ത അധികാരം നല്‍കിയാല്‍ അത്തരം നടപടികളെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നതും അത്തരമൊരധികാരം പൊലിസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്നതു വന്‍ അഴിമതിക്കു കാരണമാകുമെന്നതും തീര്‍ച്ച. പുതിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളനുസരിച്ച് സംസ്ഥാന അതിര്‍ത്തി അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരവും ഭരണഘടനാപരമായി നിലനില്‍ക്കില്ല.


1897ലെ എപിഡമിക് ഡിസീസസ് ആക്ട് 2, 3, 4 വകുപ്പുകള്‍ അനുസരിച്ച് 2020 മാര്‍ച്ച് 21നു സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ കേരള എപിഡമിക് ഡിസീസസ് കൊവിഡ് - 19 റഗുലേഷന്‍ 2020, പുതുക്കി 2020ലെ കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 3, 4 വകുപ്പുകളനുസരിച്ച് പുനര്‍വിജ്ഞാപനമിറക്കാത്ത പക്ഷം പുതിയ ഓര്‍ഡിനന്‍സ് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ എന്താണോ ലക്ഷ്യംവയ്ക്കുന്നത് അതു നടക്കാതെ പോവും. കൂടാതെ, വിജ്ഞാപനമില്ലാതെ പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് കൈക്കൊണ്ട എല്ലാ നടപടികളും നിയമ പ്രാബല്യമില്ലാതാവുകയും ചെയ്യും.

(മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ്
പ്രോസിക്യൂഷനും ഹൈക്കോടതിയിലെ
മുതിര്‍ന്ന അഭിഭാഷകനുമാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  24 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago