ട്രോളിങ് നിരോധനം നാളെ മുതല്‍; മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുടെ നാളുകള്‍
ഫറോക്ക്: മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം നാളെ ആരംഭിക്കുന്നതോടെ ജില്ലയുടെ തീരദേശം ഇനി വറുതിയുടെ നാളുകളിലേക്ക്. ഓഖി ദുരന്തം വിതച്ച കനല്‍പാടുകളുമായാണ് ഈ മത്സ്യബന്ധന കാലയളവ് അവസാനിക്കുന്നത്. ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നിവിടങ്ങളിലായി മത്സ്യബന്ധനം നടത്തുന്ന 800ലധികം യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് ഇനി ഒന്നര മാസക്കാലം കരയില്‍ വിശ്രമം. ബോട്ടില്‍ തൊഴിലെടുക്കുന്നവരും അനുബന്ധ തൊഴിലാളികളുമായ ആയിരങ്ങള്‍ക്ക് ഇല്ലായ്മയുടെയും വറുതിയുടെ കാലം കൂടിയാണ് നിരോധന കാലയളവ്.
കഴിഞ്ഞവര്‍ഷം 47 ദിവസമായിരുന്നു ട്രോളിങ് നിരോധനം. എന്നാല്‍ ഇത്തവണ ഇത് അഞ്ചുദിവസം കൂട്ടി 52 ദിവസമാക്കിയിരിക്കുകയാണ്. രണ്ടു മാസമാണ് കേന്ദ്രനിയമം പ്രകാരം മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം വേണ്ടത്. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി കേരളത്തിന്റെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് ഒന്നരമാസമാണ് ഇവിടെ നിരോധനം ഏര്‍പ്പെടുത്തുന്നത്.
ഈ കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകളൊന്നും കടലിലിറങ്ങാന്‍ പാടില്ല. കാരിയര്‍ വള്ളങ്ങളില്‍ പോയി മത്സ്യബന്ധനം നടത്തുന്നതിനു ഇത്തവണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി എല്ലായിടത്തും ബോട്ടുകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് അടുപ്പിച്ചുകഴിഞ്ഞു. അവശേഷിക്കുന്നവ നാളെയോടെ കരയ്ക്കടുപ്പിക്കും.
മത്സ്യങ്ങളുടെ ദൗര്‍ലഭ്യവും ഓഖി ദുരന്തവും ബോട്ടുടമകളുടെയും തൊഴിലാളികളുടെയും നടുവൊടിച്ച കാലയളവായതിനാല്‍ നിരോധനകാലം തൊഴിലാളികള്‍ക്ക് കൂടുതല്‍ കടുപ്പമാകും.
മലബാറിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ ബേപ്പൂര്‍ ഉള്‍പ്പെടെയുളള കേന്ദ്രങ്ങളില്‍ ബോട്ടുകളിലെ തൊഴിലാളികള്‍ പകുതിയലധികവും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവരിലേറെയും ഇന്നും നാളെയുമായി സ്വദേശത്തേക്കു തിരിക്കും.
അതേസമയം പരമ്പരാഗത വള്ളങ്ങളില്‍ നിയമാനുസൃതമായി രീതിയില്‍ മീന്‍ പിടിത്തത്തിലേര്‍പ്പെടാനാകുമെങ്കിലും കാലാവസ്ഥ തിരച്ചടിയാകുമെന്ന ആശങ്കയുമുണ്ട്. ഐസ് ഫാക്ടറിയിലെ ജോലിക്കാര്‍, വാഹനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, തുറമുഖത്തെ കയറ്റിറക്കുകാര്‍, ഏജന്റുമാര്‍, കയറ്റുമതി ഷെഡ്യൂളുകളിലെ തൊഴിലാളികള്‍ക്കെല്ലാം ഈ കാലയളവ് ദുരിതമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."