കെട്ടിടം തകരുമ്പോഴും പുനരുദ്ധാരണത്തിന് വനം വകുപ്പ് തയാറാകുന്നില്ല
നിലമ്പൂര്‍: നിലമ്പൂരിലെ ബ്രിട്ടീഷ് ചരിത്ര സ്മാരകമായ ചന്തക്കുന്ന് വനത്തിനുള്ളിലെ ബംഗ്ലാവ് നിലംപൊത്തുന്നു.1846-50 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ ജില്ലാ വനം വകുപ്പ് മേധാവികളുടെ താമസത്തിനായാണ് ഈ ബംഗ്ലാവ് നിര്‍മിച്ചത്. മൈസൂര്‍ സിംഹം ടിപ്പു സുല്‍ത്താന്റെ പടയോട്ടകാലത്ത് ബ്രിട്ടീഷുകാരുടെ പ്രധാന നിരീക്ഷണ കേന്ദ്രമായിരുന്നു ഈ ബംഗ്ലാവ്കുന്ന്. ഭാര്‍ഗവി നിലയം എന്ന പഴയകാല പ്രേത സിനിമയും ഇവിടെയായിരുന്നു ഷൂട്ട് ചെയ്തത്. വന്‍ മരങ്ങള്‍ക്കിടയിലൂടെ ബംഗ്ലാവിലേക്കുള്ള പാത മനോഹരമാണ്.
എന്നാല്‍ വനംവകുപ്പ് പരിപാലിക്കാത്തതുമൂലം ബംഗ്ലാവ് ഇടിഞ്ഞു പൊളിഞ്ഞു നശിച്ചു കൊണ്ടിരിക്കുകയാണ്. ബംഗ്ലാവിന്റെ പുനരുദ്ധാരണത്തിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അഞ്ചുകോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടും വനം വകുപ്പ് നടപടി കൈകൊള്ളാത്തതിനെ തുടര്‍ന്ന് പാഴായിപ്പോയി. കഴിഞ്ഞ വര്‍ഷം അനുവദിച്ച 80 ലക്ഷവും ഉപയോഗിക്കാതെ കിടന്നു. പുരാതന ചരിത്ര സ്മാരകമായ ഈ ബംഗ്ലാവ് കാണാന്‍ നിരവധി സന്ദര്‍ശകര്‍ എത്തുന്നുണ്ടെങ്കിലും പ്രാഥമിക കാര്യങ്ങള്‍ക്ക് ടോയ്‌ലെറ്റ്, കുടിവെള്ളം, ബംഗ്ലാവിനകത്ത് വെളിച്ചം ഇവയൊന്നുമില്ലാത്തതു സഞ്ചാരികള്‍ക്ക് പ്രയാസമാവുകയാണ്. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ 20 രൂപയാണ് പ്രവേശന ഫീസ് ഈടാക്കുന്നത്.
അതിലുപരി സുരക്ഷയില്ലാതെ, ബംഗ്ലാവ് നിലം പൊത്താറായ അവസ്ഥയിലായിട്ടും അറ്റകുറ്റപ്പണി നടത്തി കെട്ടിടം നിലനിര്‍ത്താന്‍ വനംവകുപ്പ് തയാറാകുന്നുമില്ല.
മേല്‍ക്കൂര തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഓടുകള്‍ പലതും കാറ്റില്‍ പറന്നുപോയി. സന്ദര്‍ശകരുടെ തലയില്‍ മേല്‍ക്കൂര നിലംപതിക്കുന്ന അവസ്ഥയാണെന്ന് സഞ്ചാരികള്‍ പറയുന്നു. ഇതു മൂലം മഴക്കാലത്ത് സഞ്ചാരികള്‍ക്ക് ഇവിടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കെട്ടിടം സംരക്ഷിക്കുന്നതിനോ പുരാവസ്തു വകുപ്പിനോ ടൂറിസം വകുപ്പിനോ കൈമാറാനോ വനംവകുപ്പ് ഒരുക്കവുമല്ല. പകല്‍ സമയത്ത് കാവലിന് മൂന്നു വനം വാച്ചര്‍മാര്‍ മാത്രമാണുള്ളത്. രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും ഇവിടെ രൂക്ഷമായിരിക്കുകയാണ്.
മദ്യപ സംഘവും, കഞ്ചാവ്-ലഹരി മാഫിയയും രാത്രികാലങ്ങളില്‍ ബൈക്കുകളിലും മറ്റും ഇവിടെ എത്തുന്നുണ്ട്. വനത്തിനുള്ളിലായതിനാല്‍ പൊലിസിന്റെ പട്രോളിങും ഈ ഭാഗത്തേക്ക് വരാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."