മലയോരത്ത് ജാഗ്രതാ നിര്‍ദേശം
കുന്നുംകൈ: മലയാരത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു അടിയന്തിര നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി വെസ്റ്റ് എളേരി പഞ്ചായത്ത് ഹാളില്‍ മഴക്കാലരോഗ ജാഗ്രതായോഗം ചേര്‍ന്നു. എ.ഡി.എം ദേവീദാസ് ഉദ്ഘാടനം ചെയ്തു. ആദ്യം പഞ്ചായത്ത് പരിസരം ശുചിയാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചത് കൈയടികളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. പഞ്ചായത്ത് ഹാളില്‍ ഇരുന്നു കൊതുക് കടി കൊണ്ടു പൊറുതിമുട്ടിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
പ്ലാസ്റ്റിക്-ഖര മാലിന്യം വേര്‍തിരിച്ചു സംസ്‌കരിക്കാനുള്ള സംവിധാനമുണ്ടാവണമെന്നും നിര്‍ദേശിച്ചു. വെസ്റ്റ് എളേരിയില്‍ ഒന്‍പതിനു വാര്‍ഡ്തല ശുചീകരണത്തിനും 17നു പഞ്ചായത്തില്‍ അവലോകന യോഗം നടത്താനും തീരുമാനിച്ചു. എല്ലാ വാര്‍ഡിലും അതാത് അംഗങ്ങള്‍ നേതൃത്വം നല്‍കും. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ കൃഷ്ണന്‍ അധ്യക്ഷയായി . ജില്ലാ ശുചിത്വ മിഷനില്‍ നിന്നു വി. സുകുമാരന്‍, മലേറിയ ഓഫിസര്‍ വി. സുരേശന്‍,ഡോ. രാഹുല്‍ എന്നിവര്‍ സംസാരിച്ചു. ബളാല്‍ പഞ്ചായത്തില്‍ ചേര്‍ന്ന അടിയന്തിര ജാഗ്രതാ യോഗം നിലവിലുള്ള സാഹചര്യം വിലയിരുത്തി. 229 പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ട പഞ്ചായത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു വാര്‍ഡുകള്‍ തോറും അഞ്ചംഗ കമ്മിറ്റിയെ രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കൂടാതെ ഹെല്‍ത്ത് വിജിലന്‍സ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്താനും തീരുമാനിച്ചു. ബളാല്‍ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗം ആര്‍.ഡി.ഒ സി. ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷയായി. ഡെപ്യൂട്ടി ഡി.എം.ഒ മോഹനന്‍, രാജു കട്ടക്കയം, ലാലി മാണി, മെഡിക്കല്‍ ഓഫിസര്‍ സി. സുകു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."