ഇന്‍ഫോപാര്‍ക്ക് വയലാര്‍ പാലത്തിന്റെ മണ്ണ് പരിശോധന ഫലം അനുകൂലം
പൂച്ചാക്കല്‍: പള്ളിപ്പുറം ഇന്‍ഫോപാര്‍ക്ക് വയലാര്‍ പാലത്തിന്റെ ഡിസൈന്‍ തയാറാക്കല്‍ ജോലികള്‍ തുടങ്ങി. മണ്ണ് പരിശോധനയില്‍ അനുകൂല ഫലമെന്നും അധികൃതര്‍. തിരുനല്ലൂര്‍ എന്‍.എസ്.എസ് കോളജിനു പടിഞ്ഞാറ് കായല്‍ കടവ് മുതല്‍ വയലാര്‍ കടവ് വരെയുള്ള ഭാഗത്താണ് പാലം നിര്‍മിക്കുന്നത്.
2017-2018വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയ്ക്കു 100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേരള ഇന്‍ഫ്രാസ്ടെക്ചര്‍ ഇന്‍വസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) നിന്നുള്ള പണം ഉപയോഗിച്ചു സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പാലത്തിന്റെ നിര്‍മാണത്തോട് അനുബന്ധിച്ചു അടുത്തിടെ മണ്ണ് പരിശോധന നടന്നിരുന്നു. തിരുനല്ലൂര്‍ വയലാര്‍ കായല്‍ ദൂരത്തില്‍ 10 പോയിന്റുകളിലാണ് പരിശോധന നടത്തിയത്. പാലം നിര്‍മാണത്തിന് അനുയോജ്യമായ മണ്ണെന്ന അനുകൂല ഫലമാണ് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് പാലത്തിന്റെ ഡിസൈന്‍ തയാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈന്‍ വിഭാഗത്തോട് നിര്‍ദേശിക്കുകയും അതിന്റെ ജോലികള്‍ തുടങ്ങിയിരിക്കുകയുമാണ്.
ഡിസൈന്‍ ലഭിച്ചാലുടന്‍ വിശദ പദ്ധതി രേഖയും(ഡി.പി.ആര്) അടങ്കലും തയാറാക്കും. ആകെ എത്രരൂപ ചെലവ് വരും, പാലം നിര്‍മാണത്തിനും സമീപന റോഡിനുമായി ഇരു കരകളിലും സ്ഥലം ഏറ്റെടുക്കല്‍ വേണമോ, എപ്പോള്‍ പൂര്ത്തിയാകുംതുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടെ ഡി.പി.ആറില്‍ ഉണ്ടാകും. തുടര്‍ന്ന് ഭരണ സാങ്കേതിക അനുമതികളും നേടിയ ശേഷം പാലം നിര്‍മാണത്തിലേക്കു കടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ഇന്‍ഫോപാര്‍ക്കിന്റെ പുരോഗതിയും ഇവിടേയ്ക്കു വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കു വേഗമെത്താനുള്ള സൗകര്യവും ലക്ഷ്യമാക്കിയാണ് പാലം നിര്‍മിക്കുന്നത്.പ്രദേശത്തെ റോഡുകള്‍ നവീകരിക്കലും പാലം നിര്‍മാണ പദ്ധതിയില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."