ഒന്നുകില്‍ പിഴ; അല്ലെങ്കില്‍ ജലനഷ്ടം
തൊടുപുഴ: ആഭ്യന്തര വൈദ്യുതി ഉല്‍പാദനം ഉയര്‍ത്താനും താഴ്ത്താനും കഴിയാതെ സംസ്ഥാന വൈദ്യുതി ബോര്‍ഡ് കടുത്ത ആശയക്കുഴപ്പത്തില്‍. ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തി ഡാമുകളിലെ ജലനിരപ്പ് കുറച്ചില്ലെങ്കില്‍ അടുത്ത മണ്‍സൂണില്‍ സംഭരണ ശേഷി പെട്ടെന്ന് കവിഞ്ഞ് വെള്ളം തുറന്നുവിടേണ്ടി വരും. കരാര്‍ പ്രകാരമുള്ള പുറം വൈദ്യുതി എടുത്തില്ലെങ്കില്‍ കോടികള്‍ പിഴ നല്‍കേണ്ടിയും വരും. ഒന്നുകില്‍ പിഴ, അല്ലെങ്കില്‍ ജലനഷ്ടം എന്ന അസാധാരണ സാഹചര്യമാണ് കെ.എസ്.ഇ.ബി ഇപ്പോള്‍ നേരിടുന്നത്.
ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 600-750 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് വൈദ്യുതി ബോര്‍ഡിന്റെ ജലവിനിയോഗ തത്വമനുസരിച്ച് ഉണ്ടാകേണ്ടത്. മണ്‍സൂണിലെ വെള്ളം ശേഖരിക്കാന്‍ അണക്കെട്ടുകളെ സജ്ജമാക്കാന്‍ വേണ്ടിയാണിത്. 1961.25 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് നിലവില്‍ എല്ലാ സംഭരണികളിലുമായി ഉള്ളത്. ഈ ജലവര്‍ഷം അവസാനിക്കാന്‍ ഇനി 50 ദിവസങ്ങളാണ് അവശേഷിക്കുന്നത്.
ശരാശരി 15 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രതിദിന ആഭ്യന്തര ഉല്‍പാദനം. ഈ നില തുടര്‍ന്നാല്‍ 50 ദിവസം കൊണ്ട് 750 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഉപയോഗിക്കാന്‍ കഴിയുക.
വേനല്‍മഴ മൂലമുള്ള 50 ദിവസത്തെ നീരൊഴുക്ക് കൂടി പരിഗണിച്ചാല്‍ ജൂണ്‍ ഒന്നിന് അണക്കെട്ടുകളില്‍ ഏകദേശം 1400 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ടാകും. മുന്‍ വര്‍ഷങ്ങളിലെ പോലെ മണ്‍സൂണ്‍ ശക്തമായാല്‍ അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറന്നുവിടേണ്ട സാഹചര്യം സംജാതമാകും. രാജ്യം ലോക്ക് ഡൗണിലായതിനാല്‍ ഡിമാന്‍ഡില്ലാതെ പവര്‍ എക്‌സ്‌ചേഞ്ചില്‍ വൈദ്യുതി വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
അതിനാല്‍ ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തി പവര്‍ എക്‌സ്‌ചേഞ്ചിന് നല്‍കല്‍ നഷ്ടക്കച്ചവടമാകും. ദീര്‍ഘകാല പവര്‍ പര്‍ച്ചേഴ്‌സ് എഗ്രിമെന്റ് പ്രകാരമുള്ളതും എന്‍.ടി.പി.സി, കൂടംകുളം അടക്കം കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദ്യുതിയും ഒരു കാരണവശാലും ഒഴിവാക്കാന്‍ കഴിയില്ല. ഈ എജന്‍സികളില്‍നിന്ന് മിനിമം പവര്‍ വാങ്ങാന്‍ കെ.എസ്.ഇ.ബി നിര്‍ബന്ധിതരാണ്.
അല്ലാത്തപക്ഷം കേന്ദ്ര നിയമപ്രകാരം കോടികള്‍ പിഴയടക്കേണ്ടി വരും. സെന്‍ട്രല്‍ റെഗുലേറ്ററി കമ്മിഷനാണ് ഇത് നിശ്ചയിക്കുന്നത്. ലോക്ക് ഡൗണ്‍ മൂലം ശരാശരി 20 ദശലക്ഷം യൂനിറ്റിന്റെ കുറവാണ് പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ സംസ്ഥാനത്തുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."