എവിടെയാണോ അവിടെ തുടരണം; പ്രവാസികളെ ഇപ്പോള്‍ തിരികെ എത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രിംകോടതിയും
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോള്‍ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രിംകോടതി. യാത്രാനുമതി നല്‍കുന്നത് ലോക്ഡൗണിന്റെ ലംഘനമാകും. എവിടെയാണോ ഉള്ളത് അതാതിടത്ത് തുടരണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
എം.കെ. രാഘവന് എം.പിയും പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുമാണ് ഗള്‍ഫിലെ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്. ഹരജികള്‍ കോടതി ഒരു മാസത്തേക്ക് മാറ്റിവെച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പിന്നീട് എന്തുകൊണ്ടാണ് ഇത്തരത്തില്‍ പരാതിയെന്ന് ജസ്റ്റിസ് എസ് നാഗേശ്വര റാവു ആരാഞ്ഞു.
അതേസമയം, ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുളള ഹരജിയില്‍ മറുപടി നല്കാന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി സമയം അനുവദിച്ചു. ഹരജി അടുത്ത തിങ്കളാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."