സ്പിംഗ്ളർ കമ്പനിയെ മാറ്റിയെന്ന വാര്‍ത്ത ശരിയോ? 'എനിക്കിപ്പോള്‍ അതിന്റെ പിന്നാലെ പോകാന്‍ സമയമില്ല', ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി ഐ.ടി വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ്-19 വിവര ശേഖരണത്തിന് അമേരിക്ക ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയെ ഉപയോഗിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വൈകുന്നേരം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് നിരന്തരം ചോദ്യങ്ങളുന്നയിച്ചെങ്കിലും മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.
ഈ കമ്പനിയെ മാറ്റിയെന്ന വാര്‍ത്ത ശരിയാണോയെന്ന ചോദ്യത്തിനു പോലും മുഖ്യമന്ത്രി ഉത്തരം പറഞ്ഞില്ല. പകരം, അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവര്‍ തന്നെ തരുമെന്നായിരുന്നു മറുപടി. അവര്‍ ആരെന്ന ചോദ്യമുന്നയിച്ചതോടെ, ഐ.ടി വകുപ്പെന്നായിരുന്നു മറുപടി.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്ത വരുത്തുമെന്നാണ് ഐ.ടി വകുപ്പ് പറയുന്നതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, എനിക്കിപ്പോള്‍ അതിന്റെ പിറകെ പോവാന്‍ സമയമില്ലെന്നായിരുന്നു മറുപടി.
സര്‍ക്കാര്‍ വെബ്‌സൈറ്റിലേക്ക് മാറുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി സ്പിംഗ്ലർ തന്നെ ഡൊമൈന്‍ പേര് മാറ്റിയതിനെക്കുറിച്ചും ചോദ്യമുയര്‍ന്നു. അപ്പോഴുള്ള പ്രതികരണം ഇങ്ങനെ: 'അതൊക്കെ ആദ്യമേയുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്. അതിന്റെ കാര്യങ്ങള്‍ വിശദമായിട്ട് അവരുമായി ബന്ധപ്പെട്ടാല്‍ മതി'.
ഡാറ്റ ചോരുക, സ്വകാര്യത തുടങ്ങിയ കാര്യങ്ങളില്‍ സംശയമില്ലേയെന്ന ചോദ്യത്തിന്, ഇതുമായി ബന്ധപ്പെട്ട മറ്റു സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
ഇന്ന് ഉച്ച മുതല്‍ ബന്ധപ്പെടുന്നുണ്ടെന്നും ഐ.ടി സെക്രട്ടറിക്ക് ഇതില്‍ മറുപടിയില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കാണ് ഐ.ടി വകുപ്പിന്റെ ചുമതല എന്നതിനാല്‍ ചോദിക്കുകയാണ്. ഇതില്‍ എന്തെങ്കിലും കരാറുണ്ടായിരുന്നോ എന്നായിരുന്നു അടുത്ത ചോദ്യം.
ഞാന്‍ പറയേണ്ടിടത്തോളം പറഞ്ഞു. ഇനി മറ്റു കാര്യങ്ങള്‍ നിങ്ങള്‍ ആ ചോദ്യങ്ങളൊക്കെ കഴിഞ്ഞിട്ട് വരൂ.. ഞാന്‍ പറയാം.. എന്നായിരുന്നു ഈ ചോദ്യത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത് നിര്‍ത്തിവച്ചു.
Read more at: സ്പിംഗ്ലറിനെ ഉപയോഗിച്ചുള്ള വിവരശേഖരണം നിര്‍ത്തിയെന്ന വാര്‍ത്ത ശരിയോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."