മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ ഗൂഢാലോചന നടത്തിയതായി പൊലിസ്
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതിനു സമാനമായി നരേന്ദ്രമോദിയെയും ഇല്ലാതാക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നതായി പൊലിസ്. ഭീമ- കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് പൂനെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലിസ് ഇത്തരം ആരോപണം ഉന്നയിച്ചത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു ദലിത് മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ മലയാളിയായ റോണാവില്‍സന്റെ ഡല്‍ഹിയിലെ വീട്ടില്‍ നിന്നു കണ്ടെടുത്ത കത്തില്‍ ഇതുസംബന്ധിച്ചു സൂചന ലഭിച്ചുവെന്നും വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലിസ് പറഞ്ഞു.
റോണാവില്‍സന്റെ വീട്ടില്‍ നിന്ന് എം 4 റൈഫിളും നാലുലക്ഷം തിരയും വാങ്ങാന്‍ എട്ട് കോടി രൂപ ആവശ്യമാണെന്നതിനെ കുറിച്ചും സൂചിപ്പിക്കുന്നുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല പവാര്‍ പറഞ്ഞു.
രാജീവ് ഗാന്ധി സംഭവത്തെ പോലെ മറ്റൊന്നിനെ കുറിച്ചുകൂടി ആലോചിക്കുന്നുണ്ട്. ഇത് ആത്മഹത്യാപരമായിരിക്കാം. ഒരുപക്ഷേ പരാജയപ്പെടുകയും ചെയ്യാം. എന്നിരുന്നാലും പാര്‍ട്ടി ഈ പ്രമേയത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് കത്തിലുള്ളതായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ റോഡ് ഷോക്കിടെ അദ്ദേഹത്തെ അപായപ്പെടുത്താനായിരുന്നു ശ്രമം. ഭീമ കൊറേഗാവ് പ്രതിഷേധം കെട്ടടങ്ങിയെന്നും അതിന്റെ തീ അണയാതിരിക്കാന്‍ കേഡര്‍മാര്‍ പ്രയത്‌നിക്കണമെന്നും വില്‍സണ്‍ പ്രകാശ് എന്നയാള്‍ എഴുതിയ മറ്റൊരുകത്തിലുണ്ട്. ബൗദ്ധികമായി ഉയര്‍ന്ന നിലവാരമുള്ള വിദ്യാര്‍ഥികളെ പ്രശസ്ത കോളജുകളില്‍ നിന്നു സംഘടനയ്ക്ക് വേണ്ടി കണ്ടെത്തണമെന്നും കത്തിലുള്ളതായി പൊലിസ് പറഞ്ഞു.
രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കൂട്ടായ്മ (സി.ആര്‍.പി.പി) നേതാവ് കൂടിയായ റോണാവില്‍സനു പുറമെ മറാത്തി മാഗസിന്‍ 'വിരോധി' പത്രാധിപര്‍ സുധീര്‍ ധവാലേ, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്പിള്‍സ് ലോയേഴ്‌സ് ജനറല്‍ സെക്രട്ടറി അഡ്വ. സുരേന്ദ്ര ഗാഡ്‌ലിങ്, നാഗ്പൂര്‍ യൂനിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപിക പ്രൊഫ. ഷോമാ സെന്‍, പ്രധാനമന്ത്രി ഗ്രാമീണ വികസനപദ്ധതി (പി.എം.ആര്‍.ഡി) മുന്‍ ഉദ്യോഗസ്ഥന്‍ മഹേഷ് റാവത്ത് എന്നീ ദലിത് നേതാക്കളെയാണ് കലാപവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലിസ് അറസ്റ്റ്‌ചെയ്തത്. ഇവര്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്നും പൊലിസ് ആവശ്യപ്പെട്ടു. ഇവരെ കോടതി ഈ മാസം 14വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. റോണ വില്‍സന്റെ വീട്ടില്‍നിന്ന് ലഭിച്ച പെന്‍ഡ്രൈവ്, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവ വിശദപരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് അയച്ചിട്ടുണ്ട്.
മറാത്താ ഭരണത്തിന് അവസാനം കുറിച്ച ചരിത്ര യുദ്ധമായ ഭീമ കൊറേഗാവ് അനുസ്മരണത്തിന്റെ ഭാഗമായി ഈ മാസം ഒന്നിനു നടന്ന പരിപാടിയോടനുബന്ധിച്ചുണ്ടായ ദലിത്- മറാത്തി സംഘര്‍ഷത്തില്‍ ഒരുയുവാവ് കൊല്ലപ്പെട്ടിരുന്നു. ഈ പരിപാടിയില്‍ പങ്കാളികളായവരെ കത്തില്‍ അഭിനന്ദിക്കുന്നതായി പൊലിസ് പറഞ്ഞു. കലാപത്തില്‍ അറസ്റ്റിലായ ദലിത് നേതാക്കള്‍ക്കും മാവോയിസ്റ്റുകള്‍ക്കും പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ കത്ത്. ഗഡ്ചിരോളിയില്‍ അടുത്തിടെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ സുരേന്ദ്ര ഗാഡ്‌ലിങ്ങിനു പരോക്ഷ ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് നാഗ്പൂരിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ലഭിച്ച മറ്റൊരു കത്തെന്നും പൊലിസ് പറഞ്ഞു.
അതിനിടെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസിനെയും കുടുംബത്തെയും കൊലപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്നു സൂചനയുള്ള മറ്റൊരു കത്തും ലഭിച്ചതായി പൊലിസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ 40 മാവോയിസ്റ്റുകളെ വെടിവച്ചുകൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഫദ്‌നാവിസിനെ മാവോയിസ്റ്റുകള്‍ ലക്ഷ്യംവച്ചതെന്നാണ് പൊലിസ് പറയുന്നത്.
അതേസമയം, പൊലിസ് റിപ്പോര്‍ട്ടില്‍ സംശയങ്ങളുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിയുമ്പോഴെല്ലാം ഇത്തരത്തില്‍ കൊലപാതക ഗൂഢാലോചന സംബന്ധിച്ച വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടാറുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് നിരുപം പറഞ്ഞു. റിപ്പോര്‍ട്ട് നുണയാണെന്നു പറയുന്നില്ല. പക്ഷേ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇത്തരത്തില്‍ നിരവധി കൊലപാതകശ്രമങ്ങള്‍ ഉണ്ടെന്ന് പൊലിസ് പറഞ്ഞിരുന്നുവെന്നും ഇതൊരു പഴയ തതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ ഗ്രാഫ് ഇടിഞ്ഞ സാഹചര്യത്തില്‍ സഹതാപവോട്ടുകള്‍ക്കായി ബി.ജെ.പി തന്നെ ഉണ്ടാക്കിയതാണ് റിപ്പോര്‍ട്ടെന്ന് ആര്‍.ജെ.ഡി ഉപാധ്യക്ഷന്‍ ശിവാനന്ദ് തിവാരി ആരോപിച്ചു. റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."