യു.എസ്-ഉ.കൊറിയ ഉച്ചകോടി കിമ്മും ട്രംപും ഞായറാഴ്ച സിംഗപ്പൂരിലെത്തും
പ്യോങ്‌യാങ്: ചരിത്രപരമായ യു.എസ്-ഉ.കൊറിയ ഉച്ചകോടിക്കായി കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും ഞായറാഴ്ച തന്നെ സിംഗപ്പൂരിലെത്തുമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി നാളെ കിം സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ എത്തുമെന്ന് ഉ.കൊറിയന്‍ വൃത്തം അറിയിച്ചു.
ഉച്ചകോടിയില്‍ കൊറിയന്‍ ഉപഭൂഖണ്ഡത്തിന്റെ സമ്പൂര്‍ണ ആണവനിര്‍വ്യാപനം തന്നെയാകും പ്രധാന അജന്‍ഡയാകുക. ഉ.കൊറിയയെ ആണവ-മിസൈല്‍ പരീക്ഷണങ്ങളില്‍നിന്നു പിന്തിരിപ്പിക്കാന്‍ അമേരിക്ക പലവുരു ശ്രമിച്ചിരുന്നെങ്കിലും ഒന്നും വിജയം കണ്ടിരുന്നില്ല. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ അനുകൂലമായി വന്ന സാഹചര്യത്തില്‍ ആണവ നിരായുധീകരണം വീണ്ടും വീണ്ടും ആവശ്യപ്പെട്ട് ഉ.കൊറിയയെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് യു.എസ് വൃത്തങ്ങള്‍. ആണവ നിരായുധീകരണം എന്ന് ഇനി പ്രയോഗിക്കില്ലെന്നും ഇരുരാജ്യങ്ങളും സൗഹാര്‍ദപരമായ ചര്‍ച്ചക്കാണ് ഒരുങ്ങുന്നതെന്നും വ്യാഴാഴ്ച ട്രംപ് തന്നെ നേരിട്ടു വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, ഉച്ചകോടി വിജയകരമാണെങ്കില്‍ കിമ്മിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് അറിയിച്ചു. ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ നല്ല പോലെ നടക്കുന്നുണ്ടെന്നും എന്നാല്‍ മുന്നൊരുക്കങ്ങളല്ല, നല്ല പെരുമാറ്റവും കാര്യങ്ങള്‍ നടത്താനുള്ള സന്നദ്ധതയുമാണു വേണ്ടതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. കിമ്മിന്റെ സുഹൃത്തും നിരവധി തവണ ഉ.കൊറിയ സന്ദര്‍ശിച്ചയാളുമായ യു.എസ് ബാസ്‌ക്കറ്റ് ബോള്‍ താരം ഡെന്നിസ് റോഡ്മാനെ ഉച്ചകോടിയിലേക്കു ക്ഷണിച്ചതായുള്ള വാര്‍ത്തകള്‍ ട്രംപ് തള്ളിക്കളഞ്ഞു. അദ്ദേഹത്തെ താനിഷ്ടപ്പെടുന്നുണ്ട്. നല്ല വ്യക്തിയുമാണ് അദ്ദേഹം. എന്നാല്‍, ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല-ട്രംപ് അറിയിച്ചു. എന്നാല്‍, സുഹൃത്തുക്കള്‍ക്കു വേണ്ട എന്തു സഹായവും നല്‍കാന്‍ താന്‍ സിംഗപ്പൂരിലേക്കു തിരിക്കുകയാണെന്ന് പിന്നീട് റോഡ്മാന്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."