പോര്‍ച്ചുഗല്‍, ഉറുഗ്വെ, ഇംഗ്ലണ്ട് വിജയിച്ചു
ലണ്ടന്‍: ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ, അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടങ്ങളില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കി യൂറോ ചാംപ്യന്മാരായ പോര്‍ച്ചുഗല്‍, മുന്‍ ലോക ചാംപ്യന്‍മാരായ ഉറുഗ്വെ, ഇംഗ്ലണ്ട് ടീമുകള്‍.
പോര്‍ച്ചുഗല്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അള്‍ജീരിയയേയും ഉറുഗ്വെ ഇതേ സ്‌കോറിന് ഉസ്‌ബെകിസ്ഥാനെയും പരാജയപ്പെടുത്തി. ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലോകകപ്പിനായി തയ്യാറെടുക്കുന്ന കോസ്റ്റ റിക്കയെയാണ് വീഴ്ത്തിയത്. അതേസമയം കന്നി ലോകകപ്പ് കളിക്കാനൊരുങ്ങുന്ന ഐസ്‌ലന്‍ഡിനെ ഘാന 2-2ന് സമനിലയില്‍ തളച്ചു.
പോര്‍ച്ചുഗല്‍- അള്‍ജീരിയ
സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രാജ്യത്തിനായി 150ാം മത്സരത്തിനിറങ്ങിയ പോരിലാണ് പോര്‍ച്ചുഗല്‍ അനായസ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് വല ചലിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും നായകന്റെ സാന്നിധ്യം ടീമിന് പ്രചോദനമായി. ഗോണ്‍സാലൊ ഗ്വഡസ് നേടിയ ഇരട്ട ഗോളുകളാണ് പോര്‍ച്ചുഗല്‍ വിജയത്തിന്റെ കാതല്‍.
കളി തുടങ്ങി 17ാം മിനുട്ടില്‍ തന്നെ ഗ്വഡസ് ടീമിനെ മുന്നിലെത്തിച്ചു. 37ാം മിനുട്ടില്‍ ബ്രുണോ ഫെര്‍ണാണ്ടസ് രണ്ടാം ഗോളും നേടി. രണ്ടാം പകുതി തുടങ്ങി 55ാം മിനുട്ടിലെത്തിയപ്പോള്‍ ഗ്വഡസ് തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും വലയിലിട്ട് പട്ടിക തികച്ചു.
ഉറുഗ്വെ- ഉസ്‌ബെകിസ്ഥാന്‍
ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ ഉറുഗ്വെ ആധികാരികമായി തന്നെ വിജയിച്ച് ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി. ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളും വലയിലാക്കിയാണ് ഉറുഗ്വെ വിജയിച്ചത്. 32ാം മിനുട്ടില്‍ അരസ്‌ക്കേറ്റയിലൂടെ ഉറുഗ്വെ ലീഡെടുത്തു. 54ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി സുരക്ഷിതമായി വലയിലാക്കി ലൂയീസ് സുവാരസ് രണ്ടാം ഗോളും 73ാം മിനുട്ടില്‍ സ്‌കോര്‍ ചെയ്ത് ജിമെനെസ് ടീമിന്റെ മൂന്നാം ഗോളും ഉറപ്പിച്ചു.
ഇംഗ്ലണ്ട്- കോസ്റ്റ റിക്ക
ലോകകപ്പില്‍ മികച്ച പോരാട്ടത്തിനായി തയ്യാറെടുക്കുന്ന ഇംഗ്ലണ്ടിന് ആത്മവിശ്വാസം പകരുന്നതാണ് കോസ്റ്റ റിക്കയ്‌ക്കെതിരായ വിജയം. ഇരു പകുതികളിലായി റാഷ്‌ഫോര്‍ഡ്, ഡാനി വെല്‍ബെക്ക് എന്നിവര്‍ നേടിയ ഗോളുകളാണ് ടീമിന് വിജയമൊരുക്കിയത്. കളിയുടെ 13ാം മിനുട്ടിലാണ് റാഷ്‌ഫോര്‍ഡ് വല ചലിപ്പിച്ചത്. 76ാം മിനുട്ടില്‍ വെല്‍ബെക്ക് പട്ടിക പൂര്‍ത്തിയാക്കി.
ഐസ്‌ലന്‍ഡ്- ഘാരണ്ട് ഗോളുകള്‍ നേടി മുന്നില്‍ നിന്ന ശേഷമാണ് ഐസ്‌ലന്‍ഡ് രണ്ട് ഗോളുകള്‍ വഴങ്ങി ഘാനയോട് സമനിലയില്‍ കുരുങ്ങിയത്. കളിയുടെ ആറാം മിനുട്ടില്‍ തന്നെ എസ്‌ലന്‍ഡ് ഘാനയെ ഞെട്ടിച്ചു. അര്‍നസനാണ് ടീമിന് ലീഡൊരുക്കിയത്. 40ാം മിനുട്ടില്‍ ഫിന്‍ബോഗ്‌സനിലൂടെ രണ്ടാം ഗോളും വലയില്‍. എന്നാല്‍ 66, 87 മിനുട്ടുകളില്‍ ഘാന രണ്ട് ഗോളുകള്‍ മടക്കി ഐസ്‌ലന്‍ഡിനെ ഒപ്പം പിടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."