പയ്യോളിയില്‍ പുറംകടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ കോസ്റ്റ് ഗാര്‍ഡ് എത്തിയില്ലെന്ന്
സ്വന്തം ലേഖകന്‍
പയ്യോളി: യന്ത്രത്തകരാര്‍ കാരണം പുറംകടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പയ്യോളി വെള്ളിയാങ്കല്‍ തീരത്തുനിന്ന് ആറു കിലോമീറ്റര്‍ അകലെ പുറംകടലില്‍ കുടുങ്ങിയ ബോട്ടില്‍ 10 തൊഴിലാളികളാണുണ്ടായിരുന്നത്.
ഗിയര്‍ തകരാറിലായതിനെ തുടര്‍ന്നാണ് ബോട്ട് കടലില്‍ കുടുങ്ങിയത്. ശക്തമായ മഴയും കാറ്റും കാരണം ബോട്ട് ആടിയുലയുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലിനാണ് കരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ തഹസില്‍ദാര്‍, ജില്ലാ കലക്ടര്‍ എന്നിവരുമായും കോസ്റ്റ് ഗാര്‍ഡുമായും ബന്ധപ്പെട്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് ആരും എത്താതിരുന്നതിനാല്‍ പുതിയാപ്പയില്‍ നിന്നു രണ്ട് ബോട്ടുകളില്‍ പയ്യോളിയിലെത്തിയ മത്സ്യത്തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കൊയിലാണ്ടി തഹസില്‍ദാര്‍ പി. പ്രേമന്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചിരുന്നെങ്കിലും അഞ്ച് കിലോമീറ്റര്‍ ദൂരം മാത്രമേ കോസ്റ്റ് ഗാര്‍ഡിന് എത്താന്‍ കഴിയുകയുള്ളൂ എന്ന വിവരമാണ് ലഭിച്ചത്. പയ്യോളി പൊലിസും വില്ലേജ് ഓഫിസറും സ്ഥലത്തെത്തിയിരുന്നു. അതേസമയം കണ്‍ട്രോള്‍ റൂമില്‍ വിവരം കിട്ടിയ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഗോള്‍ഡന്‍ എന്ന രക്ഷാപ്രവര്‍ത്തന ബോട്ട് പുറപ്പെട്ടെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ഇവരുടെയടുത്ത് എത്താന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി, ബേപ്പൂര്‍ ഫിഷറീസ് അസി. ഡയരക്ടര്‍ പി.കെ രഞ്ജിനി, റസ് ക്യൂ ഗാര്‍ഡ്മാര്‍ എന്നിവരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലായതെന്നും ബോട്ടില്‍ കുടുങ്ങിയ പത്തു തൊഴിലാളികളും സുരക്ഷിതരാണെന്നും ഫിഷറീസ് അസ്സിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."