കാസര്‍കോട്ടെ ആശുപത്രി നിര്‍മാണം ഉത്തരദേശത്തിന്റെ പ്രതീക്ഷയ്ക്ക് നിറം പകര്‍ന്ന് സമസ്ത
കാസര്‍കോട്: കൊവിഡ് ബാധയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ പൊന്‍ വെളിച്ചം വിതറി സമസ്ത.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും സമസ്ത വൈസ് പ്രസിഡന്റും മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാരും ചേര്‍ന്ന് നടത്തിയ ചടുല നീക്കമാണ് കാസര്‍കോട് ജില്ലയിലെ ജാതി മത ഭേദമന്യേയുള്ള ജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ വഴി തെളിയിക്കുന്നതായത്. കാസര്‍കോട് ജില്ലയില്‍ ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുന്ന ആശുപത്രിക്ക് നിലവില്‍ കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്ന് വന്ന ഘട്ടത്തില്‍ സമസ്തയുടെ കീഴിലുള്ള മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ നാല് ഏക്കറോളം വരുന്ന ഭൂമി ഇതിനായി വിട്ടുനല്‍കാന്‍ നേതാക്കള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിപോലും വന്നില്ല. ആതുര ശുശ്രൂഷാ മേഖലയില്‍ ഇപ്പോഴും ശൈശവാവസ്ഥയില്‍ ഇഴഞ്ഞു നീങ്ങുന്ന ജില്ലയില്‍ വിദഗ്ധ ചികിത്സ തേടി മംഗളൂരുവിലെ ആശുപത്രികളിലേക്ക് പോയവരെ അതിര്‍ത്തി കൊട്ടിയടച്ചു കര്‍ണാടക അധികൃതര്‍ തിരിച്ചയക്കുകയും ചികിത്സ ലഭിക്കാതെ 13 രോഗികള്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇത്തരം ദയനീയ അവസ്ഥയിലാണ് ഇവിടെ അത്യാധുനിക ആശുപത്രി സ്ഥാപിക്കാന്‍ ടാറ്റാ ഗ്രൂപ്പ് രംഗത്തിറങ്ങിയത്. ഇതേ തുടര്‍ന്ന് അധികൃതര്‍ തെക്കില്‍ വില്ലേജിലെ ചട്ടഞ്ചാല്‍ പുതിയ വളപ്പ് പ്രദേശത്തെ കുന്നിന്‍ ചെരിവിലുള്ള റവന്യൂ ഭൂമി ഇതിനായി കണ്ടെത്തിയിരുന്നു. എന്നാല്‍ ടാറ്റ ഗ്രൂപ്പിന്റെ ആളുകള്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ചെങ്കുത്തായ സ്ഥലത്ത് ആശുപത്രി നിര്‍മാണം സാധ്യമല്ലെന്ന നിലപാട് എടുത്തു. തുടര്‍ന്ന് ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് നിലനില്‍ക്കുന്ന ഭൂമി വിട്ടു തരാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു.
ലോക്ക് ഡൗണ്‍ കാരണം യോഗം ചേരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജന. സെക്രട്ടറി യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാരും കമ്മിറ്റിയിലെ അംഗങ്ങളും മറ്റുള്ളവരുമായി ഫോണ്‍ മുഖേന ബന്ധപ്പെട്ടു ആശുപത്രിക്കു വേണ്ടി 3.97 ഏക്കര്‍ സ്ഥലം വിട്ടു കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1993 ലാണ് ചട്ടഞ്ചാല്‍ മാഹിനാബാദില്‍ സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡന്റും, സമസ്ത കേന്ദ്ര മുശാവറ സീനിയര്‍ വൈസ് പ്രസിഡന്റുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ ഉത്തര മലബാറിലെ അത്യുന്നത കലാലയവും അനുബന്ധ സ്ഥാപനങ്ങളും മാഹിനാ ബാദില്‍ സ്ഥാപിച്ചത്. സമസ്ത വിട്ടു കൊടുത്ത ഭൂമിക്കു പുറമെ അനുബന്ധമായി കിടക്കുന്ന റവന്യൂ ഭൂമിയില്‍ നിന്നും 1.03 ഏക്കര്‍ സ്ഥലം കൂടി ഉള്‍പ്പെടുത്തി അഞ്ചേക്കറില്‍ നിര്‍മിക്കുന്ന ആശുപത്രിക്കു 15 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ആശുപത്രിയുടെ നിര്‍മാണം ഒന്നര മാസത്തിനകം പൂര്‍ത്തിയാക്കി ടാറ്റാ ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിന് കൈമാറും. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ഭൂമിയില്‍ നിന്നും വിട്ടു കൊടുത്ത സ്ഥലത്തിന് പകരമായി മറ്റൊരു ഭാഗത്ത് അത്ര തന്നെ റവന്യൂ ഭൂമി മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ ഉടമസ്ഥതയില്‍ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."