കൊച്ചിയുടെ ജെട്ടി പാലം കടക്കണമെങ്കില്‍ ഇരുട്ടിനെയും സമൂഹവിരുദ്ധരെയും ഭയക്കണം
ഹരിപ്പാട്: സന്ധ്യക്ക് ശേഷം കൊച്ചിയുടെ ജെട്ടി പാലം വഴി യാത്രചെയ്യുന്നവര്‍ ഇരുട്ടിനെയും സമൂഹവിരുദ്ധരെയും ഭയക്കണം. ഒറ്റ വൈദ്യുതി വിളക്കുപോലും തെളിയാത്ത പാലം വഴിയുളള രാത്രി യാത്ര ഭീതിജനകമാണ്.
2010 മാര്‍ച്ചില്‍ നിര്‍മിച്ച പാലത്തില്‍ ഒരുവര്‍ഷം മാത്രമാണ് വിളക്കുകള്‍ തെളിഞ്ഞത്. കായംകുളം കായലിന് കുറുകേ കൊച്ചിയുടെ ജെട്ടിയെയും പെരുമ്പളളിയേയും ബന്ധിപ്പിച്ച് നിര്‍മിച്ച പാലത്തിന് 380മീറ്റര്‍ നീളമാണുളളത്. പാലത്തിന്റെ ഇരു വശങ്ങളിലുമായി 60 വിളക്കുകളുണ്ട്. ഇതില്‍ ഒന്നുപോലും തെളിയുന്നില്ലെന്ന പരിതാപകരമായ സ്ഥിതിയാണ് നിലവിലുളളത്. രാത്രികാലമായാല്‍ പാലം പൂര്‍ണമായും ഇരുട്ടിലാകും. പാലത്തിന്റെ അപ്പ്രോച്ച് റോഡില്‍ പോലും നേരിയവെളിച്ചമില്ല. ഇതുമൂലം പാലത്തിലൂടെയുള്ള യാത്ര ഭീതിയുളവാക്കുന്നതും അപകടകരവുമാണ്.
മുന്‍പ് മാധ്യമ വാര്‍ത്തയെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിളക്ക് തെളിയിക്കാന്‍ ഉത്തരവിട്ടിരുന്നു. നിര്‍ബന്ധിതരായ പഞ്ചായത്ത് ഭരണസമിതി കുറേയേറെ വിളക്കുകള്‍ കത്തിക്കുകയും ചെയ്തു. എന്നാല്‍, മാസങ്ങള്‍ക്കുളളില്‍ തന്നെ വിളക്കുകള്‍ വീണ്ടും അണഞ്ഞു. പിന്നീട് അധികാരത്തിലെത്തിയ പഞ്ചായത്ത് ഭരണസമിതി തനതുഫണ്ട് വിനിയോഗിച്ച് വിളക്കുകള്‍ തെളിക്കാന്‍ ശ്രമം നടത്തിയെങ്കിലും അധികനാള്‍ കഴിയുന്നതിനു മുന്‍പുതന്നെ സ്ഥിതി പഴയപടിയിലായി.
എന്‍.ടി.പി.സി. സാമൂഹിക പ്രതിബദ്ധതാ പദ്ധതി പ്രകാരം 35ലക്ഷം രൂപ മുടക്കി പാലത്തില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിരുന്നു. പിന്നീടിത് നടക്കാതെപോയി. പാലത്തില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിന് പി.ഡബ്ലിയു.ഡി.യുടെ അനുമതി വാങ്ങി നല്‍കുന്നതില്‍ മുന്‍ ഭരണസമിതി കാട്ടിയ അലംഭാവമാണ് നടക്കാതെ പോകാന്‍ കാരണമെന്ന് അക്ഷേപമുയര്‍ന്നിരുന്നു. സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിന് പുതിയഭരണസമിതിയുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.
നിരവധിപേര്‍ സന്ധ്യയോടെ പാലത്തില്‍ നിന്ന് തീരത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ കുടുംബങ്ങളോടെ എത്തുമായിരുന്നു. ഇരുട്ടുവീണു കഴിഞ്ഞാല്‍ ഇപ്പോള്‍ പാലവും പരിസര പ്രദേശങ്ങളും സാമൂഹ്യ വിരുദ്ധര്‍ കൈയടക്കും. ഇവരെ ഭയന്ന് അധികമാരും ഇപ്പോള്‍ ഇവിടേക്ക് വരാറില്ല.
തൃക്കുന്നപ്പുഴ പൊലിസിന്റെ പരിധിയിലാണ് കായലും കൊച്ചിയുടെ ജെട്ടി പാലവും. പൊലിസ് സ്‌റ്റേഷന്‍ ഇവിടെ നിന്ന് 13 കിലോമീറ്ററോളം അകലെയാണ്. അതിനാല്‍ എപ്പോഴും അവര്‍ക്ക് എത്താന്‍ കഴിയില്ല. പരിഹാരമായി വലിയഴീക്കലില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനും ഇതുവരെ നടപ്പിലായില്ല. തൊട്ടടുത്തുളള കനകക്കുന്ന് പോലീസിന്റെ പരിധിയിലാണ് പാലത്തിന്റെ കിഴക്കേക്കര. ഇവിടം കഞ്ചാവു ലോബിയുടെ കേന്ദ്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."