പോളിടെക്നിക് അധ്യാപകര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കും: മന്ത്രി
കടുത്തുരുത്തി :പോളിടെക്‌നിക് കോളജുകളിലെ അധ്യാപകരുടെ മികവ് വര്‍ധിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
കടുത്തുരുത്തി പോളിടെക്‌നിക്കില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ജിനീയറിങ് കോളജുകളില്‍ ഇവര്‍ക്കായി എം.ടെക് പഠനത്തിന് 20 സീറ്റുകള്‍ സംവരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുടെ അക്കാദമിക -കായിക കഴിവുകളും സര്‍ഗ്ഗശേഷിയും മികച്ചതാക്കുന്നതിന് അധ്യാപകരുടെ കഴിവുകള്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്.
അന്താരാഷ്ട്രതലത്തില്‍ മത്സരിച്ച് വിജയിക്കുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതില്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. 199 പുതിയ അധ്യാപകരെ പോളിടെക്‌നിക്കുകളില്‍ ഒറ്റയടിക്ക് നിയമിച്ചിട്ടുണ്ട്.
അടുത്തഘട്ടത്തില്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ കച്ചവടത്തിന്റെ രക്തസാക്ഷിയായി പ്രവര്‍ത്തനം മന്ദീഭവിച്ച പോളിടെക്‌നിക് കോളജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
കടുത്തുരുത്തി പോളിടെക്‌നിക്കില്‍ 18 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍ സുധര്‍മ്മന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പുത്തന്‍കാല, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി സുനില്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കടുത്തുരുത്തി എം.എല്‍.എ അഡ്വ. മോന്‍സ് ജോസഫ് സ്വാഗതവും പ്രിന്‍സിപ്പല്‍ പി.എസ് ബിന്ദു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."