കുപ്രസിദ്ധ ഗുണ്ടാ നേതാവ് 'അലോട്ടി' നാടന്‍ ബോംബുകളുമായി അറസ്റ്റില്‍
ഏറ്റുമാനൂര്‍: കുപ്രസിദ്ധ ഗുണ്ടാ നേതാവും വധശ്രമം, മയക്കുമരുന്ന് , സ്‌ഫോടന കേസുകളിലെ പ്രതിയുമായ ആര്‍പ്പൂക്കര വില്ലൂന്നി കൊപ്രായില്‍ അലോട്ടി എന്ന ജയ്‌സ്‌മോന്‍ ജേക്കബ് (24) പൊലിസ് പിടിയില്‍. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 മണിയോടെ ആര്‍പ്പൂക്കര പനമ്പാലത്തിന് സമീപത്തു നിന്ന് ഗാന്ധിനഗര്‍ എസ്.ഐ അനൂപ് ജോസും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയ് 8ന് എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് പൊടി സ്‌പ്രേ ചെയ്ത ശേഷം സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്നു അലോട്ടി.
അഞ്ചോളം നാടന്‍ ബോംബുകളും വലിയ കത്തിയുള്‍പ്പെടെ മാരകായുധങ്ങളുമായാണ് ഇയാള്‍ പിടിയിലായത്. കോട്ടയത്തുനിന്നും ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. ഇയാളെ പിടികൂടുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് നാടന്‍ബോബുകളും കത്തിയും കണ്ടെടുത്തതെന്ന് പൊലിസ് പറഞ്ഞു. കോട്ടയത്തുനിന്നും എത്തിയ ബോംബ് സ്‌ക്വാഡിന് പരിശോധിക്കാന്‍ സാങ്കേതികപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ എറണാകുളത്തുനിന്നും മറ്റൊരു സംഘത്തെ വിളിച്ചിരിക്കുകയാണ്.
ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റിന് പിന്നിലുള്ള ഇയാളുടെ വീട്ടില്‍ വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ചിരിക്കുന്നതായും കച്ചവടം നടക്കുന്നതായും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് എത്തിയ ഏറ്റുമാനൂരില്‍ നിന്നുള്ള എക്‌സൈസ് സംഘമാണ് ഒരു മാസം മുമ്പ് ആക്രമിക്കപ്പെട്ടത്.
വീടിനുള്ളില്‍ റെയ്ഡ് നടക്കവേ താഴെ വീണ മൊബൈല്‍ എടുക്കാനെന്ന വ്യാജേന കുനിഞ്ഞ് കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന കുരുമുളക് പൊടി സ്‌പ്രേ എടുത്ത് ഉദ്യോഗസ്ഥരുടെ നേരെ പ്രയോഗിക്കുകയായിരുന്നു.
അന്ന് ആക്രമണത്തില്‍ നാല് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം ചിങ്ങവനത്ത് ലോട്ടറികടയില്‍ കള്ളനോട്ട് മാറാന്‍ ശ്രമിക്കവെ പിടിക്കപ്പെടുമെന്നായപ്പോള്‍ കുരുമുളക് പൊടി സ്‌പ്രേ ചെയ്ത് രക്ഷപെടുകയായിരുന്നു അലോട്ടി. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിക്കപ്പെട്ടതത്രേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."