മലപ്പുറത്ത് നിരോധനാജ്ഞ മെയ് മൂന്ന് വരേ നീട്ടി
മലപ്പുറം: രാജ്യത്ത് ലോക്ക് ഡൗൺ നീട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ ഇന്ന് അവസാനികേണ്ട നിരോധനാജ്ഞ മെയ് മൂന്ന് വരേ നീട്ടി. ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സി.ആര്‍.പി.സി) സെക്ഷന്‍ 144 പ്രകാരം മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലിക്കാണ് ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച് ജില്ലയില്‍ ഏതെങ്കിലും സ്ഥലത്ത് അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കാൻ പാടില്ല എന്നതുൾപ്പടെ നിർദേശങ്ങളും പുറത്തിറക്കി.
കൊവിഡ് 19 ബാധിതരായി പത്തൊൻപത് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ എട്ടു പേരും അസുഖം ഭേദമായി മഞ്ചേരി മെഡിക്കൽ കോളെജിൽ നിന്നും വീടുകളിലേക്ക് മടങ്ങി. 11 പേരാണ് നിലവില്‍ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നു മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.ഇതുവരെ 1,405 പേരുടെ പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 23 പേരുടെ പരിശോധ ഫലങ്ങളാണ് ലഭിക്കാനുള്ളത്. മലപ്പുറത്ത് നിലവിൽ ആശുപത്രിയില്‍ നിരീക്ഷണത്തിൽ കഴിയുന്നവർ 23 പേര്‍ മാത്രമാണ്. വീടുകളിൽ 12,102 പേരും 64 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.632 പേരെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളിലെ പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഇന്നു ഒഴിവാക്കി.
കൊവിഡ് ജാഗ്രതയുടെ ഭാഗമായി ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ലോക്ക് ഡൗൺ തുടക്കം മുതൽ തന്നെ തുടരുന്നത്. പോലീസ് പെട്രോളിംഗ് , ഡ്രോൺ പരിശോധന എന്നിവയും സജീവമാണ്. നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ ഇതുവരേ 1542 കേസും 2045 അറസ്റ്റും പൊലീസ് രജിസ്റ്റർ ചെയ്തു. ഇന്നു വിവിധ സ്റ്റേഷനുകളിലായി
44 കേസുകളും 49 അറസ്റ്റും രേഖപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം പറഞ്ഞു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 35 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.ജില്ലയിലാകെ ഇതുവരെ 690 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."