പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പട്ടിക 29ന് അവസാനിക്കുന്നു; ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍
തൊടുപുഴ: പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് റാങ്ക് പട്ടികയുടെ കാലാവധി ഈ മാസം 29ന് അവസാനിക്കാനിരിക്കേ, നിയമനം ഇഴയുന്നത് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നു. 2015 ജൂണ്‍ 30നു നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിന്ന് ഇതുവരെ 512 ഓപ്പണ്‍ നിയമനങ്ങള്‍ മാത്രമാണു നടന്നിട്ടുള്ളത്.
കേസും മറ്റു പല കാരണങ്ങളും മൂലം 19 മാസത്തോളം ഈ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം തടസ്സപ്പെട്ടതും ഉദ്യോഗാര്‍ഥികള്‍ക്കു തിരിച്ചടിയായി. 2186 പേര്‍ ഉള്‍പ്പെട്ട പട്ടികയില്‍ 980 പേര്‍ മെയിന്‍ ലിസ്റ്റിലും 1125 പേര്‍ സപ്ലിമെന്ററി ലിസ്റ്റിലും 81 പേര്‍ ഭിന്നശേഷിക്കാരുമാണ്.
നിലവിലുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച സമയത്തു മുന്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാര്‍ നല്‍കിയിരുന്ന കേസിനെത്തുടര്‍ന്നു നിയമനം നാലു മാസത്തോളം വൈകിയതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ആദ്യ റാങ്ക് ജേതാവിനുപോലും നാലുമാസത്തിനുശേഷമാണു നിയമനം ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മൂന്നു മാസത്തോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ യോഗ്യതാ പരിഷ്‌കരണം മൂലവും റാങ്ക് പട്ടികയ്ക്കു നാലുമാസം നഷ്ടമായതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു. 36 മാസം നിയമനങ്ങള്‍ നടക്കണമെന്നിരിക്കേ, ഇത്തരത്തില്‍ പല കാരണങ്ങളാല്‍ 19 മാസം ഈ റാങ്ക് പട്ടികയ്ക്കു കാലാവധി നഷ്ടമായി.
നിലവില്‍ മാസത്തില്‍ രണ്ടുതവണ അഡ്വൈസുകള്‍ അയയ്ക്കണമെന്നു സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും മൂന്നു വര്‍ഷമായി ലിസ്റ്റില്‍ നിന്ന് 24 അഡ്വൈസുകള്‍ മാത്രമാണ് അയച്ചിട്ടുള്ളത്. 25 ശതമാനത്തോളം മാത്രം നിയമനം നടന്ന ഈ ലിസ്റ്റിന്റെ കാലാവധി 22 ദിവസം മാത്രമാണു ശേഷിക്കുന്നത്. ഇതിനിടെ നടന്ന തപാല്‍ സമരവും ലിസ്റ്റിനു തിരിച്ചടിയായി. സമരം നീണ്ടുനിന്നത് ഒഴിവുകള്‍ പി.എസ്.സിയിലേക്കു വരുന്നതിനും അഡൈ്വസുകള്‍ അയയ്ക്കുന്നതിനും തടസ്സമായി. പ്രായപരിധി കഴിഞ്ഞവരും ഇനിയൊരു ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതാന്‍ സാധിക്കാത്തവരും ഉള്‍പ്പെട്ട ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ ഇഴയുമ്പോള്‍ പല വകുപ്പുകളിലും ഒഴിവുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മാറ്റിവയ്ക്കുന്നതായി ആരോപണമുണ്ട്.
ഈ റാങ്ക് പട്ടികയില്‍ നിന്നു വളരെക്കുറച്ചു നിയമനങ്ങള്‍ മാത്രം നടത്തിയിട്ടുള്ള സാഹചര്യത്തില്‍, പിഎസ്‌സി മറ്റൊരു ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷ നടത്തുകയും ജൂണ്‍ 30നു തന്നെ പുതിയ റാങ്ക് പട്ടിക നിലവില്‍വരുമെന്ന് അറിയിച്ചതും നിലവിലെ റാങ്ക് പട്ടികയില്‍ ഇടംനേടി ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവരെ നിരാശയിലാഴ്ത്തുകയാണ്. നിലവിലുള്ള റാങ്ക് പട്ടികയില്‍ നിന്നു പരമാവധി നിയമനങ്ങള്‍ നടത്തണമെന്നും പട്ടികയുടെ കാലാവധി നീട്ടി നല്‍കണമെന്നുമാണു റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആവശ്യം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു 11 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."