ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി പീഡനം; പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കുന്ന പൊലിസുകാര്‍ക്കെതിരേ നടപടിവേണമെന്ന് മുഖ്യമന്ത്രിക്കു പ്രമുഖരുടെ പരാതി
കോഴിക്കോട് : കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ്സുകാരിയെ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ച ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ.കെ ശൈലജക്കും പരാതി നല്‍കി പൗരാവകാശ പ്രവര്‍ത്തകര്‍. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍പ്പെട്ട പാലത്തായിയില്‍ നാലാം ക്ലാസുകാരിയാണ് അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്‍കിയത്.
പോക്സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങള്‍ കഴിഞ്ഞു. ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് കെ.സച്ചിദാനന്ദന്‍, ബി.ആര്‍.പി.ഭാസ്‌കര്‍, കെ.അജിത,എം.എന്‍ കാരശ്ശേരി,ജെ. ദേവിക,
ഡോ. ഖദീജ മുംതാസ്, കെ.ആര്‍ മീര,ടി.ടി ശ്രീകുമാര്‍,പി. ഗീത,സി.എസ് ചന്ദ്രിക, കെ.കെ രമ തുടങ്ങിയ നിരവധിപേര്‍ ഒപ്പിട്ട പാതിയില്‍ പറയുന്നു.
പരാതിയുടെ പൂര്‍ണ്ണ രൂപം താഴെ
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും കൂത്തുപറമ്പ് എം.എല്‍.എ കൂടിയായ ബഹുമാനപ്പെട്ട ആരോഗ്യ, മന്ത്രി കെ.കെ ശൈലജ ടീച്ചറുടെയും അടിയന്തര ശ്രദ്ധക്ക്
താഴെ പറയുന്നവര്‍ സമര്‍പ്പിക്കുന്ന പരാതി
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍പ്പെട്ട പാലത്തായിയില്‍ ഒരു നാലാം ക്ലാസുകാരി പെണ്‍കുട്ടി സ്വന്തം സ്‌കൂളിലെ അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്കി. പോക്‌സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങള്‍ കഴിഞ്ഞു. ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.
ആദ്യം ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ വീട്ടില്‍ വന്ന് മൊഴിയെടുത്തു. പിന്നീട് പാനൂര്‍ പോലീസ് മൊഴിയെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പിറ്റേന്ന് വൈദ്യ പരിശോധന നടത്തുകയും മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുട്ടിയെ ഹാജരാക്കി മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി കൊടുക്കുകയും ചെയ്തു. എന്നാല്‍ പ്രതിയെ അറസ്റ്റു ചെയ്യാതെ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ് പിന്നീടുണ്ടായത്.
ഡി.വൈ.എസ്.പി തന്നെ മാധ്യമങ്ങളോട് പ്രതി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പല പ്രാവശ്യം ഡി.വൈ.എസ്.പിയും സി.ഐയും നാലാം ക്ലാസുകാരിയായ കുട്ടിയെ ചോദ്യം ചെയ്യുകയുണ്ടായി. പിന്നീട് മാര്‍ച്ച് 27 ന് കുട്ടിയുടെ മാനസികനില പരിശോധിക്കണമെന്ന് പറഞ്ഞ് ലോക്ക് ഡൗണ്‍ കാലത്ത് തന്നെ കോഴിക്കോട് പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചത് കേസ് വഴിതിരിച്ചു വിടാനും പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നു.
വിദ്യാര്‍ത്ഥികളുടെ സംരക്ഷകരാകേണ്ട അധ്യാപകന്‍ തന്നെയാണ് പ്രതി സ്ഥാനത്ത് എന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ലോക്ഡൗണിന്റെ പേര് പറഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ എത്രയും വേഗം പ്രതിയെ അറസ്റ്റു ചെയ്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കണമെന്നിരിക്കെ പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലും തയ്യാറാകാത്തത് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് സംശയിക്കുന്നു. വാളയാര്‍
ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണം. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ഇടപെടലുകള്‍ മുഖ്യമന്ത്രിയുടെയും എം.എല്‍.എയുടെയും ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും, പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന പോലിസ് ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."