കൊല്ലം-ചെന്നൈ പാതയില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിക്കണമെന്ന്
കൊല്ലം: നിര്‍മാണം പൂര്‍ത്തിയാക്കിയ പുനലൂര്‍ ചെങ്കോട്ട ബ്രോഡ്‌ഗേജ് പാതയുടെ ഉദ്ഘാടനം നടക്കുന്നതോടെ കൊല്ലം - ചെന്നൈ പാതയില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
ഈ പാതയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കൊണ്ടിരുന്ന താംബരം കൊല്ലം എക്‌സ്പ്രസ് ഇനി ദിവസവും സര്‍വിസ് നടത്തും. നേരത്തെ മീറ്റര്‍ ഗേജ് പാതയില്‍ കൊല്ലത്തു നിന്നും ചെന്നൈ എഗ്‌മോര്‍ വരെയാണ് എക്‌സ്പ്രസ് ട്രെയിന്‍ ഓടിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ താംബരം വരെ മാത്രം എക്‌സ്പ്രസ് ട്രെയിന്‍ ഓടിക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്ന് എം.പി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരേയും, ചീഫ് ഓപറേഷന്‍ മാനേജരേയും അറിയിച്ചു. ചെന്നൈ എഗ്‌മോറിന് പകരം താംബരം വരെയായി വെട്ടിച്ചുരുക്കാനുള്ള നടപടി പുനഃപരിശോധിക്കണമെന്നും കൊല്ലം താംബരം ട്രെയിന്‍ ദിവസേന ആക്കി മാറ്റുമ്പോള്‍ താംബരത്തുനിന്നും തുടങ്ങുന്നതിന് പകരം ചെന്നൈ എഗ്‌മോറില്‍ നിന്നും സര്‍വിസ് തുടങ്ങണമെന്നും എം.പി ആവശ്യപ്പെട്ടു.
താംബരത്ത് നിന്ന് തുടങ്ങുന്നതിന് പകരം എഗ്‌മോറില്‍ നിന്ന് ട്രെയിന്‍ ഓടിയാല്‍ മാത്രമേ കേരളത്തിലെ യാത്രക്കാര്‍ക്ക് തടസം കൂടാതെ ചെന്നൈയില്‍ എത്തിച്ചേരാന്‍ കഴിയൂ. താംബരത്ത് ഇറങ്ങുന്ന യാത്രക്കാര്‍ക്ക് രൂക്ഷമായ ട്രാഫിക്ക് തടസം മൂലം ചെന്നൈ നഗരത്തിലെത്തിച്ചേരാന്‍ താമസിക്കുന്നു. അതിനാല്‍ എഗ്‌മോറില്‍ നിന്ന് തന്നെ ട്രെയിന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുള്ള കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നിര്‍ദ്ദേശത്തിന് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പ് നല്‍കി.
നാഗൂരില്‍ നിന്നും ട്രെയിന്‍ സര്‍വിസ് ഉടന്‍ തുടങ്ങണമെന്നും, കൊല്ലത്തിന് പകരം ഈ ട്രയിന്‍ ചെങ്ങന്നൂര്‍ കോട്ടയം വഴി എറണാകുളത്തേക്ക് നീട്ടണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."