സഊദിയിൽ186 ഇന്ത്യക്കാർ കൊവിഡ്-19 വൈറസ് ബാധിതർ, മരണപ്പെട്ട രണ്ടു പേരും മലയാളികൾ, നിലവില്‍ ആളുകളെ സഊദിയിൽ നിന്നും നാട്ടിലേക്കയക്കാന്‍ പദ്ധതിയായിട്ടില്ലെന്നും അംബാസിഡർ
റിയാദ്: സഊദിയിൽ കൊവിഡ്-19 വൈറസ് ബാധിതരിൽ 186 പേർ ഇന്ത്യക്കാരാണെന്നു സ്ഥിരീകരിച്ചു. അംബാസിഡർ ഡോ: ഔസാഫ് സഈദ് ബുധനാഴ്ച്ച നടത്തിയ ഓൺലൈൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു ഇന്ത്യക്കാരാണ് ഇത് വരെ മരണപ്പെട്ടതെന്നും അംബാസിയർ അറിയിച്ചു. ഇവർ രണ്ടു പേരും മലയാളികളാണ്. റിയാദ്, മദീന എന്നിവിടങ്ങളിലാണ് മരണം സ്ഥിരീകരിച്ചത്. ഇന്ത്യക്കാരെ സഹായിക്കാന്‍ സേവനം വിപുലപ്പെടുത്തിയതായി ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ് വ്യക്തമാക്കി.നിലവില്‍ ആളുകളെ സഊദിയിൽ നിന്നും നാട്ടിലേക്കയക്കാന്‍ പദ്ധതിയായിട്ടില്ലെന്നും വിമാന സര്‍വീസ് തുടങ്ങുന്ന മുറക്കേ ഇത് സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് എംബസി ജീവനക്കാര്‍ക്കാണ് നിലവില്‍ കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാനും സേവനത്തിനുമുള്ള അനുമതിയുള്ളതെന്നും അംബാസിഡർ പറഞ്ഞു.
സഊദി അറേബ്യ ആവശ്യപ്പെടാതെ പ്രത്യേക മെഡിക്കല്‍ സംഘത്തെ ഇന്ത്യയില്‍ നിന്നും സഊദിയിലേക്ക് അയക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതു പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ സര്‍ക്കാറില്‍ നിന്ന് പാസ് ലഭിക്കില്ലെങ്കിലും സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് എംബസി ലെറ്റര്‍ നല്‍കിയിട്ടുണ്ട്. ഇതുപയോഗപ്പെടുത്തി സേവനങ്ങള്‍ നല്‍കാന്‍ ഇവര്‍ക്കാകുമെന്നാണ് കരുതുന്നത്. 26 ലക്ഷ്യം ഇന്ത്യക്കാരാണ് നിലവില്‍ സഊദിയിലുള്ളത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളേയും ഉള്‍പ്പെടുത്തി വാട്ട്സ് അപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ പിന്തുടരുന്നതായും അംബാസിഡര്‍ അറിയിച്ചു.
എംബസിക്ക് കീഴില്‍ ആംബുലന്‍സ് സേവനവും എംബസി വാഹനങ്ങളും ഉപയോഗിക്കുവാനുമുള്ള നടപടിക്രമങ്ങള്‍ക്കായി മന്ത്രാലയത്തില്‍ നിന്നുള്ള അനുമതിക്ക് ശ്രമം തുടരുകയാണ്. നിലവില്‍ സഊദിയിലെ ഇന്ത്യക്കാരുടെ നേതൃത്വത്തിലുള്ള ആശുപത്രികളിലെ ആംബുലന്‍സുകളും ഹജ്ജിനുപയോഗിക്കുന്ന ആംബലുന്‍സുകളും ഉപയോഗിക്കുവാന്‍ അനുമതി തേടിയിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കാവാനുള്ള സൗകര്യം ഒരുക്കും. ലേബര്‍ ക്യാമ്പുകളുടെ ചുമതലയുള്ളയവരുമായി നിലവില്‍ എംബസി സംസാരിച്ചിട്ടുണ്ട്. എന്തെങ്കിലും ആരോഗ്യ പ്രയാസങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എംബസിയെ അറിയിക്കാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ എംബസിയിലെ ഹെല്‍പ്‌ലൈന്‍ നമ്പറിൽ ഇതുവരെ ആയിരത്തോളം വിളികള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളെന്നത് ഇന്ത്യന്‍ ജനതയുടെ ഇവിടെയുള്ള ബാഹുല്യം വെച്ച് നോക്കുമ്പോള്‍ കുറഞ്ഞ എണ്ണം സൂചിപ്പിക്കുന്നത് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നാണെന്നും അംബാസിഡർ പറഞ്ഞു. ഇന്ത്യന്‍ എംബസി സ്കൂള്‍ ഫീസ് കുറക്കാന്‍ ഉന്നത വിദ്യാഭ്യാസ ബോര്‍ഡില്‍ ആവശ്യപ്പെടും. അതേ സമയം എംബസി ജീവനക്കാരുടേയും സ്കൂള്‍ വാടകയും അടക്കേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ച് ശനിയാഴ്ച ഉച്ചക്ക് ശേഷമോ ഞായറാഴ്ചയോ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."