കിരണ്‍ ബേദിയും സര്‍ക്കാരും രണ്ടുതട്ടില്‍; പുതുച്ചേരി ഭരണം പ്രതിസന്ധിയില്‍
മാഹി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ലഫ്. ഗവര്‍ണര്‍ ഡോ. കിരണ്‍ ബേദിയും സംസ്ഥാന സര്‍ക്കാരുമായുള്ള നിരന്തര ഏറ്റുമുട്ടല്‍ പുതുച്ചേരി ഭരണത്തെ ത്രിശങ്കുവിലാക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന സര്‍ക്കാരിന് ഈമാസം മുതല്‍ ശമ്പളം പോലും നല്‍കാനാവാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസമാരംഭിച്ച ബജറ്റ് അവതരണത്തില്‍ 350 കോടി രൂപയുടെ കേന്ദ്ര വിഹിതമുള്‍ക്കൊള്ളിച്ചിരുന്നു. പതിവില്‍നിന്ന് വ്യത്യസ്തമായി രാഷ്ടീയ താല്‍പര്യത്തോടെ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ ബജറ്റ് സമ്മേളനം തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ്. ലഫ്റ്റനന്റ് ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി ജനവിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നതായി ഭരണ പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും നേരത്തെ പരാതിപ്പെട്ടിരുന്നു. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ കിരണ്‍ബേദിയും സര്‍ക്കാരും തുറന്ന പോരാട്ടത്തിലാണ്. ഗവര്‍ണര്‍ മന്ത്രിസഭാ തീരുമാനങ്ങളെ മറികടന്ന് ഏകപക്ഷീയമായി മൂന്ന് ബി.ജെ.പിക്കാരെ നോമിനേറ്റഡ് എം.എല്‍.എമാരാക്കുകയുണ്ടായി. എന്നാല്‍ ഇവരെ അസംബ്ലിയിയില്‍ പ്രവേശിപ്പിക്കാന്‍ സ്പീക്കര്‍ സന്നദ്ധനായില്ല. ഇതാണ് ബജറ്റ് അവതരണത്തിന് അനുമതി നിഷേധിക്കാന്‍ കാരണമായത്. കേന്ദ്രഭരണ പ്രദേശമെന്ന നിലയില്‍ പുതുച്ചേരിക്ക് കേന്ദ്രവിഹിതം ലഭിക്കാതെ വന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ഇതിനാല്‍ ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."