അടവുകള്‍ പഠിക്കാന്‍ നീലകണ്ഠനും സുരേന്ദ്രനും സൂര്യയും മുതുമലയിലേക്ക്
സുല്‍ത്താന്‍ ബത്തേരി: നീലകണ്ഠനും സുരേന്ദ്രനും സൂര്യയും കുങ്കിയാനകളുടെ പരിശീലനത്തിനായി മുതുമല ആന ക്യാംപിലേക്ക്.
മൂന്ന് മാസത്തോളം മുതുമലയില്‍ പ്രത്യേക പരിശീലനമാണ് നല്‍കുന്നത്. പരിശീലനം 14ന് ആരംഭിക്കും. മുത്തങ്ങ ആന ക്യാംപിലെ സൂര്യക്കൊപ്പം കോന്നിയിലെ നീലകണ്ഠനും കോടനാടുള്ള സുരേന്ദ്രനുമാണ് മുതുമലയിലേക്ക് തിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശപ്രകാരമാണ് പരിശീലനത്തിനായി കൊണ്ടുപോകുന്നത്. നീലകണ്ഠനേയും സുരേന്ദ്രനേയും മുത്തങ്ങയിലേക്ക് കൊണ്ടുവരുന്നതിനായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം യാത്രതിരിച്ചു. പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയ ലോറിയിലാണ് ഇവരെ മുത്തങ്ങയിലെത്തിക്കുക.
സുരേന്ദ്രനെ കോന്നിയിലെത്തിച്ചശേഷം നീലകണ്ഠനേയും കൂട്ടിയാണ് സംഘം മുത്തങ്ങയിലെത്തുക. നാളെ മുത്തങ്ങയിലെത്തും. 13ന് മൂവരേയും മുതുമലയിലേക്ക് കൊണ്ടുപോകും. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാജനാണ് കോഡിനേറ്റര്‍. നിലവില്‍ കുഞ്ചുവും പ്രമുഖയുമാണ് കുങ്കിയാനകളായി മുത്തങ്ങ ആനപന്തിയിലുള്ളത്. കൃഷിയിടങ്ങളിലിറങ്ങുന്ന ആനകളെ വനത്തിലേക്ക് തുരത്താനും മറ്റുമായി ഈ ആനകളെയാണ് ഉപയോഗിക്കുന്നത്. ഇതിനായി പ്രത്യേക പരിശീലനം കുഞ്ചുവിനും പ്രമുഖക്കും ലഭിച്ചിട്ടുണ്ട്. വടക്കനാട് പ്രദേശത്ത് പ്രശ്‌നക്കാരനായ കോളര്‍ കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ മെരുക്കിയതും ഇവരാണ്. 24കാരനായ സൂര്യക്ക് പരിശീലനം സിദ്ധിച്ചുകഴിയുമ്പോള്‍ മുത്തങ്ങ ക്യാംപില്‍ കുങ്കിയാനകള്‍ മൂന്നാവും. പരിശീലനം കഴിയാത്തതിനാല്‍ സൂര്യയെ ക്യാംപില്‍ നിന്ന് പുറത്തിറക്കുന്നത് അപൂര്‍വമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."