കൊവിഡ് 19: സംസ്ഥാനത്തെ നാല് മേഖലകളാക്കി നിയന്ത്രണം- ഇളവുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഇളവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കൊവിഡ് ബാധിത മേഖലകളെ നാലായി തിരിച്ച് കര്‍ശന നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍. ട്രെയിന്‍, വിമാനയാത്ര, മെട്രോ, പൊതുഗതാഗതം തുടങ്ങി ആകെ ബാധകമായ നിയന്ത്രണങ്ങള്‍ക്കുള്ള നിരോധനം പൂര്‍ണമായി തുടരും. സംസ്ഥാനത്തിനകത്തേക്കോ പുറത്തേക്കോ ആര്‍ക്കും സഞ്ചരിക്കാനാകില്ല. ജില്ലകളുടെ കാര്യത്തിലും അതുതന്നെയാകും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമാശാലകള്‍ തുടങ്ങി ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുള്ള എല്ലാറ്റിനും നിയന്ത്രണമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാല് ജില്ലകള്‍ ഹോട്ട്‌സ്‌പോട്ട്
കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളായി കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. കൊവിഡ് 19 ബാധിതരായവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം ഹോട്ട്‌സ്‌പോട്ടുകള്‍ നിശ്ചയിച്ചിട്ടുള്ളത്. കാസര്‍കോട് 61, കണ്ണൂരില്‍ 45, മലപ്പുറത്ത് ഒന്‍പതു പേരും കൊവിഡ് പോസിറ്റീവാണ്. ഒന്‍പത് പേര്‍ക്ക് അസുഖം ബാധിച്ച കോഴിക്കോടുകൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ നിര്‍ദേശം. ഈ നാല് ജില്ലകളെ ചേര്‍ത്ത് ഒരു മേഖല രൂപീകരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.
ഈ ജില്ലകളില്‍തന്നെ തീവ്രബാധിതമായ പ്രദേശങ്ങളെ പ്രത്യേകമായി കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിര്‍ത്തി അടച്ചിടും. ഈ വില്ലേജുകളിലേക്ക് പ്രവേശനത്തിനും പുറത്തിറങ്ങുന്നതിനും പ്രത്യേക പോയിന്റുകള്‍ ഉണ്ടാക്കും. പച്ചക്കറിയും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ ഈ മേഖലകളിലേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കും.
രണ്ടാം മേഖലകളില്‍ മൂന്ന് ജില്ലകള്‍
ആരുപേര്‍ രോഗബാധിതരായുള്ള പത്തനംതിട്ട, അഞ്ചുപേരുള്ള കൊല്ലം, മൂന്നുപേരുള്ള എറണാകുളം ജില്ലകളെ ഉള്‍പ്പെടുത്തി രണ്ടാം മേഖല രൂപീകരിക്കും. കേന്ദ്രം ഹോട്ട്‌സ്‌പോട്ടായി നിശ്ചയിച്ചതാണ് പത്തനംതിട്ടയും എറണാകുളവും. രോഗബാധിതരുടെ എണ്ണം കുറവായതിനാലാണ് ആദ്യത്തേതില്‍നിന്നു വ്യത്യസ്തമായി ഈ ജില്ലകളെ പ്രത്യേക മേഖലയാക്കുന്നത്. ഈ ജില്ലകളിലേയും തീവ്രബാധിത മേഖലകളെ കണ്ടെത്തി പൂര്‍ണമായി അടച്ചിടും. ഈ മാസം 24 കഴിഞ്ഞ് അന്നത്തെ സ്ഥിതി വിലയിരുത്തിയ ശേഷം പ്രത്യേക ഇളവുകള്‍ അനുവദിക്കും.
മൂന്നാം മേഖല
കൊവിഡ് ബാധിതരായ മൂന്നുപേരുള്ള ആലപ്പുഴ, രണ്ടുപേര്‍ വീതമുള്ള തിരുവനന്തപുരം, പാലക്കാട്, ഒരാള്‍ വീതമുള്ള തൃശൂര്‍, വയനാട് ജില്ലകളാണ് മൂന്നാമത്തെ മേഖലയില്‍ വരുന്നത്. ഇതില്‍ കേന്ദ്രം ഹോട്ട്‌സ്‌പോട്ടായി കണക്കാക്കിയിട്ടുള്ള തിരുവനന്തപുരവുമുണ്ട്. രോഗബാധിതരായ രണ്ടുപേര്‍ മാത്രമുള്ളതിനാലാണ് തിരുവനന്തപുരത്തെ മൂന്നാമത്തെ വിഭാഗത്തിലാക്കിയത്. ഈ ജില്ലകളില്‍ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ പൊതുനിയന്ത്രണങ്ങള്‍ ഈ ജില്ലകള്‍ക്കും ബാധകമായിരിക്കും. ഈ ജില്ലകളിലേയും ഹോട്ട്‌സ്‌പോട്ടുകളായ പ്രദേശങ്ങള്‍ അടച്ചിടും. ഈ ജില്ലകളില്‍ കടകളും റസ്റ്റോറന്റുകളും രാത്രി ഏഴ് മണിവരെ പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കും.
കൊവിഡ് ബാധിതരില്ലാത്ത ജില്ലകള്‍
കൊവിഡ് ബാധിതരില്ലാത്ത കോട്ടയം, ഇടുക്കി ജില്ലകളേയും മറ്റൊരു മേഖലയാക്കും. സംസ്ഥാനങ്ങളുടെ അതിര്‍ത്തിയായതിനാല്‍ ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത വേണം. ഇവിടുത്തെ അതിര്‍ത്തി പൂര്‍ണമായി അടച്ചിടും. ആവശ്യമായ നിയന്ത്രണത്തോടെ സാധാരണ ജീവിതം അനുവദിക്കും. എങ്കിലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല. ഓരോ ജില്ലകള്‍ക്കും പ്രത്യേകമായ രോഗപ്രതിരോധ പദ്ധതി ഉണ്ടാകണം. ഹോട്ട്‌സ്‌പോട്ടുകളുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."