കെവിന് വധം: പ്രതിയുടെ വിഡിയോ കോളിങ് അന്വേഷിക്കുന്നു
കോട്ടയം: കെവിന് കൊലക്കേസിലെ പ്രതി കോടതി പരിസരത്ത് വച്ച് വിഡിയോ കോളിങ് നടത്തിയതിനെക്കുറിച്ച് അന്വേഷിക്കുന്നു. സംഭവത്തില്‍ പൊലിസിന് വീഴ്ചപറ്റിയോ എന്ന കാര്യം പരിശോധിക്കാന്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയതായി കോട്ടയം എസ്.പി ഹരിശങ്കര്‍ അറിയിച്ചു.
24 മണിക്കൂറിനകം അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. വിഡിയോ കോള്‍ നടത്താന്‍ കോടതി അനുമതി നല്‍കിയോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കെവിന്റെ കൊലപാതകക്കേസ് അന്വേഷണത്തിനായി രാസപരിശോധനാഫലവും മെഡിക്കല്‍ സംഘത്തിന്റെ റിപോര്‍ട്ടും കാത്തിരിക്കുകയാണെന്നും എസ്.പി പറഞ്ഞു. കെവിന് കൊലക്കേസിലെ പ്രതികളെ എസ്.ഐ, എ.എസ്.ഐ ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ സഹായിച്ചെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ സംഭവം. വെള്ളിയാഴ്ച വൈകിട്ട് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഏഴാം പ്രതി ഷെഫിന് പൊലിസ് വാഹനത്തിലിരുന്ന് ബന്ധുവിന്റെ ഫോണ്‍വഴി വിഡിയോ കോളിലൂടെ വീട്ടുകാരെ കണ്ട് സംസാരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സഹിതം പുറത്തുവന്നതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം പ്രഖ്യാപിച്ചത്. വൈകിട്ട് നാലരയ്ക്കാണ് കസ്റ്റഡി കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ 10 പ്രതികളെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നത്.
കോടതി വളപ്പില്‍ നില്ക്കുമ്പോള് ബന്ധുവായ യുവതി ഷെഫിനെ കാണാനെത്തി. ഷെഫിനോടു സംസാരിച്ചുതുടങ്ങിയ യുവതി സ്വന്തം ഫോണില്‍ ഷെഫിന്റെ വീട്ടുകാരെ വിളിച്ചു. ഇവരുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തിലിരുന്നു ഷെഫിന് സംസാരിക്കുകയായിരുന്നു.
വിഡിയോ കോളില്‍ സംസാരിക്കുമ്പോള്‍ പൊലിസ് ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായിരുന്നു. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഇന്നോവ കാറും പോലിസ് കോടതിയില്‍ കൊണ്ടുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."