ഫലപ്രദമാകാതെ ആരോഗ്യ ജാഗ്രതാ കാംപയിന്‍: അടിയന്തര നടപടികളുമായി സര്‍ക്കാര്‍
മുക്കം: (കോഴിക്കോട് ): മഴക്കാല പൂര്‍വ ശുചീകരണം എന്ന നിലയില്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ ആരോഗ്യ ജാഗ്രതാ കാംപയിന്‍ നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഫലപ്രദമായില്ല. പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ഭൂരിഭാഗം പ്രാദേശിക ഭരണകൂടങ്ങളും അവഗണിക്കുകയായിരുന്നു.
ആരോഗ്യ വകുപ്പും തദ്ദേശ വകുപ്പും സംയുക്തമായി ഇതര വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെ കാംപയിന്‍ നടപ്പാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പകുതിയിലധികം തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല പൂര്‍വ ശുചീകരണം പേരിനു മാത്രമാണ് നടന്നത്. ഇതോടെ നിപ വൈറസ് അടക്കമുള്ളവയുടെ സാന്നിധ്യം കണ്ടെത്തി.
ഇതിനുശേഷമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
പുതിയ ഭൂരിഭാഗം നിര്‍ദേശങ്ങളും ആരോഗ്യ ജാഗ്രതാ കാംപയിന്‍ പ്രകാരം ആഴ്ചകള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ നല്‍കിയതാണ്.
ഡെങ്കിപ്പനി അടക്കമുള്ളവ പടരുന്നത് തടയാന്‍ ഉടന്‍ തന്നെ ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ച് വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരങ്ങള്‍ സന്ദര്‍ശിച്ച് ഉറവിട നശീകരണം നടത്തണം. പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മതമേലധ്യക്ഷന്മാര്‍,ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍, കരയോഗം പ്രതിനിധികള്‍, വിവിധ ക്ലബ്ബ്, സംഘടനാ പ്രതിനിധികള്‍, വ്യാപാര-വ്യവസായ സംഘടനാ പ്രതിനിധികള്‍, സ്വകാര്യ സ്ഥാപന പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവരുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കണം.
വാര്‍ഡുകളും വീടുകളും കേന്ദ്രീകരിച്ച് ശുചിത്വ സ്‌ക്വാഡുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിവരക്കണക്ക് ശേഖരിച്ച് ഒരാഴ്ചക്കകം സര്‍ക്കാരിന് സമര്‍പ്പിക്കണം.
തദ്ദേശ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓരോ പകര്‍ച്ചവ്യാധിയുടെയും ഹോട്ട് സ്‌പോട്ടുകള്‍ (പകര്‍ച്ചപ്പനി കൂടുതലായി പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍) കണ്ടെത്തി ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ചികിത്സ തേടിയവരുടെ വിശദാംശങ്ങള്‍ പ്രാദേശിക ഭരണകൂട സെക്രട്ടറിമാര്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യണം. അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ പരിശോധിച്ച് പകര്‍ച്ചവ്യാധിക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ആരോഗ്യ വിഭാഗം ജീവനക്കാരും പൂര്‍ണമായും സജ്ജമായിരിക്കണം.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ ഇതുമായി ബന്ധപ്പെട്ടവര്‍ക്കോ വരുന്ന മൂന്നു മാസത്തേക്ക് അവധി നല്‍കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."