ലാന്‍ഡ് ട്രൈബ്യൂണല്‍ റെക്കോര്‍ഡ് സൂക്ഷിപ്പ് കെട്ടിടത്തിന് പരാധീനതകളേറെ
കോട്ടായി : കുഴല്‍മന്ദം ലാന്‍ഡ് ട്രൈബ്യൂണല്‍ റെക്കോര്‍ഡ് സൂക്ഷിപ്പ് കെട്ടിടത്തിനു കാലങ്ങളായി ദുരിതം മാത്രം. വിലമതിക്കാനാവാത്ത നിരവധി രേഖകളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളതെന്നതിനാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടം ഏതുസമയത്തും നിലംപൊത്താറായ സ്ഥിതിയിലാണ്.
മഴക്കാലമായതോടെ കെട്ടിടം ചോര്‍ന്നൊലിക്കുന്നതിനാല്‍ പലരേഖകളും വെള്ളം നഞ്ഞ് നാശമായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ഒറ്റപ്പാലം സ്‌പെഷല്‍ ലാന്റ് ബോര്‍ഡിന്റെ കീഴില്‍ 1970 മുതലുള്ള ഏഴ് ലക്ഷത്തോളം വരുന്ന പട്ടയങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
വാടക കെട്ടിടത്തിലാണ് ഒഫിസ് പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ ഓഫിസ് ഒഴിയണമെന്നാവശ്യപ്പെട്ട് പലതവണ കത്തു നല്‍കിയിരുന്നതായി ഉടമ പറയുന്നു. എന്നാല്‍ ഇത്രയധികം വരുന്ന പട്ടയങ്ങള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഉദ്ദ്യോഗസ്ഥര്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നുവെങ്കിലും ഒറ്റപ്പാലം സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ശേഷം പട്ടയങ്ങള്‍ മാറ്റാമെന്ന് അറിയിപ്പ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും ഇതുവരെ അനുകൂലമായി ഒന്നും നടന്നിട്ടില്ല.
എത്രയും പെട്ടെന്ന് പട്ടയങ്ങള്‍ മാറ്റുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. 2002-ല്‍ റെക്കോര്‍ഡ്‌റൂം ഏറെക്കാലം അടച്ചിട്ടെങ്കിലും ഒറ്റപ്പാലം ഒഫിസില്‍ പട്ടയങ്ങള്‍ സൂക്ഷിക്കുവാന്‍ സ്ഥലമില്ലാത്തതിനാല്‍ വീണ്ടും തുറക്കുകയായിരുന്നു.
മേശകള്‍ക്ക് മുകളിലും റാക്കുകളിലും സൂക്ഷിച്ചിരിക്കുന്ന പട്ടയങ്ങള്‍ക്ക് കൂട്ടായി എലിയും പാമ്പും മറ്റ് ഇഴജന്തുക്കളുമുണ്ട്. വെള്ളിയാഴ്ചകളില്‍ മാത്രം തുറക്കാറുള്ള ഒഫിസിലെ പല പട്ടയങ്ങളും ചിതലു പിടിച്ച് നശിച്ചു തുടങ്ങിയിരിക്കുന്നു. ചില പട്ടയങ്ങളാകട്ടെ പകുതി എലി കരണ്ടനിലയിലുമാണ്. മഴക്കാലമാരംഭിച്ചതോടെ ഓടിട്ട കെട്ടിടം ചോര്‍ന്നൊലിയ്ക്കുവാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ ഒരു വശം തകര്‍ന്ന നിലയിലുമാണ്.
അടച്ചുറപ്പില്ലാത്ത വാതിലുകളും ജനലുകളും ഉള്ള കെട്ടിടത്തിന് മതിയായ സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിനു തൊട്ടടുത്തായാണ് വര്‍ഷങ്ങളായി സ്വകാര്യ വ്യക്തി ആക്രി കച്ചവടം നടത്തുന്നത്.
ആലത്തൂര്‍ താലൂക്കിലുള്ളവര്‍ പട്ടയങ്ങള്‍ക്കായി ഒറ്റപ്പാലം ലാന്‍ഡ് ട്രൈബ്യൂണല്‍ ഒഫിസിനെ സമീപിക്കേണ്ടി വരുമ്പോള്‍ പട്ടയങ്ങളാകട്ടെ കുഴല്‍മന്ദത്തെ റെക്കോര്‍ഡ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കാലങ്ങളായി ആഴ്ചയില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ഇവിടെ നിന്ന് മാത്രമേ പട്ടയം ലഭിക്കുകയുള്ളു എന്ന സ്ഥിതി നിലനില്‍ക്കെ തകര്‍ന്നു വീഴാറായ കെട്ടിടത്തിന്റെ പരാധീനതകള്‍ പരിഗണിക്കുകയും വിലപിടിപ്പുള്ള പട്ടയം ഉള്‍പ്പെടെ ഉള്ള രേഖകള്‍ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റുകയോ ചെയ്യണമെന്ന ജനകീയാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."