പൊള്ളാച്ചി പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന ആവശ്യം ശക്തമാവുന്നു
ഒലവക്കോട് : എട്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ബ്രോഡ്‌ഗേജാക്കി മാറ്റിയ പാലക്കാട് - പൊള്ളാച്ചി റെയില്‍പ്പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന ആവശ്യം ശക്തമാവുന്നു. പഴനിയിലേക്കും മറ്റുമുള്ള തീര്‍ത്ഥാടന യാത്രക്കാരുടെ സൗകര്യത്തിനായി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കണമെന്ന് പാലക്കാട് ആന്‍ഡ് ഊട്ടറ റെയില്‍ പാസഞ്ചേഴ്‌സ് അസോസിയേഷനും രംഗത്തു വന്നിട്ടുണ്ട്.
നിലവില്‍ ഓടുന്ന സ്‌പെഷല്‍ ട്രെയിനുകളെങ്കിലും സ്ഥിരമാക്കി സമയം മാറ്റി ഓടിച്ചാലും മറ്റ് റൂട്ടുകളിലൂടെ ഓടുന്ന ഏതാനും ട്രെയിനുകള്‍ ഈ റൂട്ടില്‍ ഓടിച്ചാലും യാത്രക്കാര്‍ക്കു പ്രയോജനപ്പെടും. നിലവില്‍ രാവിലെ 4.30-ന് പാലക്കാട് ടൗണില്‍ നിന്നു പുറപ്പെടുന്ന തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ഒരു മണിക്കൂര്‍ വൈകി 5.30നു പാലക്കാട് ജംഗ്ഷനില്‍ നിന്നു പുറപ്പെട്ടാല്‍ മംഗളൂരു ചെന്നൈ മെയിലില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്കു പഴനി, മധുര തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകാം. രാവിലെ 8.05ന് പൊള്ളാച്ചിയിലെത്തുന്ന അമൃത എക്‌സ്പ്രസ് മറ്റൊരു നമ്പറില്‍ പാസഞ്ചര്‍ ട്രെയിനായി മധുര വരെ നീട്ടുകയാണെങ്കില്‍ യാത്രക്കാര്‍ക്കു ഏറെ ആശ്വാസകരമാണ്.
ഉച്ച കഴിഞ്ഞ് 2.30 ന് ഇതേ ട്രെയിന്‍ മധുരയില്‍ നിന്നു തിരിച്ചാല്‍ രാത്രി എട്ടിനു പാലക്കാട് ജംഗ്ഷനില്‍ എത്തിച്ചേരാനാകും. മധുര പൊള്ളാച്ചി പാസഞ്ചര്‍ പാലക്കാട് വരെ നീട്ടുകയും തിരുച്ചെന്തൂരില്‍ നിന്നു പുറപ്പെട്ട് രാത്രി 10.15-ന് പാലക്കാട്ട് എത്തിച്ചേരുന്ന പാസഞ്ചര്‍ 9.30-ന് എത്തിയാല്‍ യാത്രക്കാര്‍ക്കു കൂടുതല്‍ സഹായകരമാകും. ചെന്നൈ പൊള്ളാച്ചി എക്‌സ്പ്രസും പാലക്കാട് വരെ നീട്ടിയാല്‍ യാത്രക്കാര്‍ക്കു സഹായകമാകും.
ഗുരുവായൂര്‍ ചെന്നൈ എഗ് മോര്‍ എക്‌സ്പ്രസ് പാലക്കാട് - പൊള്ളാച്ചി വഴിയിലൂടെ ഓടിയാല്‍ ഏഴു മണിക്കൂര്‍ യാത്ര ലാഭിക്കാം. നിലമ്പൂര്‍ തിരുവനന്തപുരം രാജ്യറാണി എക്‌സ്പ്രസ് അമൃതയില്‍ നിന്നു സ്വതന്ത്രയാക്കിയാല്‍ തൃശൂരില്‍ നിന്നു തിരുവനന്തപുരത്തേക്കു പകരം ട്രെയിനുമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."