അഫ്ഗാനിസ്താനില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്താന്‍ സര്‍ക്കാരുമായി വെടിനിര്‍ത്തലിന് സന്നദ്ധമായി താലിബാന്‍. പെരുന്നാളിനോടനുബന്ധിച്ചു മൂന്നു ദിവസത്തെ കരാറാണ് സംഘം അംഗീകരിച്ചിരിക്കുന്നത്. 2001ല്‍ യു.എസ് അധിനിവേശത്തെ തുടര്‍ന്ന് അഫ്ഗാന്‍ ഭരണത്തില്‍നിന്നു പുറത്താക്കപ്പെട്ട ശേഷം ഇതാദ്യമായാണ് താലിബാന്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നത്.
ദിവസങ്ങള്‍ക്കു മുന്‍പ് താലിബാന്‍ നേതാക്കളുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്കു മുന്‍പ് ഏകപക്ഷീയമായി താല്‍ക്കാലിക യുദ്ധസന്ധിക്ക് സര്‍ക്കാര്‍ സൈന്യം തയാറാകുകയും ചെയ്തിരുന്നു. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ എല്ലാവിധ അക്രമപ്രവര്‍ത്തനങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുമെന്നാണു കഴിഞ്ഞ ദിവസം താലിബാന്‍ അറിയിച്ചത്. ഏതു ദിവസം മുതലാണ് കരാര്‍ പ്രാബല്യത്തില്‍ വരികയെന്നു വ്യക്തമാക്കിയിട്ടില്ല. താലിബാന്‍ തീരുമാനം മാനിക്കുമെന്ന് യു.എസ് സൈന്യവും സഖ്യകക്ഷികള്‍ പ്രതികരിച്ചു. എന്നാല്‍, വിദേശസൈന്യത്തിനെതിരായ നടപടിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും സംഘം സൂചിപ്പിച്ചു. നിലവില്‍ 15,000ത്തോളം വിദേശ സൈനികര്‍ ഇപ്പോഴും അഫ്ഗാനില്‍ കഴിയുന്നുണ്ട്.
അപ്രതീക്ഷിത തീരുമാനത്തിനു കാരണം താലിബാന്‍ വ്യക്തമാക്കിയിട്ടില്ല. തങ്ങള്‍ക്കെതിരായ ആക്രമണത്തില്‍നിന്ന് പിന്മാറാന്‍ സന്നദ്ധമായാല്‍ യുദ്ധത്തടവുകാരെ മോചിപ്പിക്കാന്‍ തയാറാണെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്. ആക്രമണമുണ്ടായാല്‍ ശക്തമായ പ്രതിരോധമുണ്ടാകുമെന്നും സംഘം മുന്നറിയിപ്പ് നല്‍കി.
താലിബാന്റെ തീരുമാനത്തെ അഫ്ഗാന്‍ പ്രസിഡന്‍ര് അശ്‌റഫ് ഗനി സ്വാഗതം ചെയ്തു. അക്രമപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനമനസുകള്‍ കീഴടക്കാനാകില്ലെന്നും, നേരെ മറിച്ച് അഫ്ഗാന്‍ ജനതയെ അവരില്‍നിനി്‌നു കൂടുതല്‍ അകറ്റുക മാത്രമാണു ചെയ്യുന്നതെന്നും തിരിച്ചറിയാന്‍ ഭീകരവാദികള്‍ ഇതൊരു അവസരമാക്കിയെടുക്കണമെന്ന് ഗനി പറഞ്ഞു. താലിബാന്റെ തീരുമാനം രാജ്യത്തെ സമാധാന ചര്‍ച്ചകളിലേക്കുള്ള ചവിട്ടുപടിയാകുമെന്നാണു പ്രതീക്ഷയെന്ന് അഫ്ഗാനിസ്താനിലേക്കുള്ള പ്രത്യേക യു.എന്‍ ദൂതന്‍ തദാമിച്ചി യമമോട്ടോ പറഞ്ഞു.
ഈ ആഴ്ച ആരംഭത്തില്‍ കാബൂളിലെ പോളിടെക്‌നിക് സര്‍വകലാശാലയില്‍ നടന്ന അഫ്ഗാന്‍ പണ്ഡിതരുടെ സംഗമത്തിന്റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയാറായത്. ഭീകരപ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമികവിരുദ്ധമാണെന്ന് യോഗം ഐക്യകണ്‌ഠ്യേന പ്രഖ്യാപിച്ചിരുന്നു. ഇതേ ചടങ്ങിനു നേരെ ഐ.എസിന്റെ ആക്രമണവുമുണ്ടായിരുന്നു. ഇതില്‍ 14 പണ്ഡിതന്മാര്‍ കൊല്ലപ്പെട്ടു.
അതേസമയം, രാജ്യത്തെ മറ്റു ഭീകവാദികള്‍ക്കെതിരേയുള്ള നടപടിയില്‍ മാറ്റമില്ലെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഐ.എസിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ സ്വാധീനമുണ്ട്. അടുത്തിടെയായി നിരവധി തവണ നയതന്ത്ര കാര്യാലയങ്ങള്‍ക്കുനേരെ അടക്കം ഐ.എസ് ആക്രമണമുണ്ടായിരുന്നു.
ദിവസങ്ങള്‍ക്കു മുന്‍പ് താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 60ഓളം അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."