എട്ടംഗ സംഘം ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ തൊഴിലാളികളെ വെട്ടി പരുക്കേല്‍പ്പിച്ചു
കുന്നംകുളം: വീട്ടില്‍ അതിക്രമിച്ച് കയറി എട്ടംഗ സംഘം ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ തൊഴിലാളികളെ വെട്ടി പരുക്കേല്‍പ്പിച്ചു. ഒരാളുടെ നില ഗുരുതരം. കുന്നംകുളം ആര്.സി ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറിലെ തൊഴിലാളായ എരുമപ്പെട്ടി സ്വദേശി ബാലു(50) മണ്ണാര്‍ക്കാട് സ്വദേശി വിജയന് (40) കൊടുക് സ്വദേശി വിജേഷ്(28) എന്നിവരെയാണ് വെട്ടി പരുക്കേല്‍പ്പിച്ചത്.
പരുക്കേറ്റ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ വാളുകൊണ്ട് പുറത്തും കഴുത്തിലും പരുക്കേറ്റ വിജേഷിന്റെ നില ഗുരുതരമാണ്. ഞായറാഴ്ച പുലര്‍ച്ച 1.30 ഓടെയാണ് സംഭവമുണ്ടായത്. ചിറളയം തെക്കേ അങ്ങാടിയില്‍ തൊഴിലാളികള്‍ വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് ബൈക്കിലെത്തിയ സംഘം അതിക്രമിച്ചു കയറി തൊഴിലാളികളെ വാള് ഉപയോഗിച്ച് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.
ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ വീടുകളില്‍ ലൈറ്റിട്ടതോടെ അക്രമി സംഘം ബൈക്കില്‍ രക്ഷപെട്ടു. തുടര്‍ന്ന് നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അക്രമത്തിനു പിന്നില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു. കഴിഞ്ഞ മാസം 27 ന് ചിറളയത്തുള്ള ഒരു സംഘം യുവാക്കള്‍ ബിയര്‍ കഴിക്കാനായി പാര്ലറിലെത്തിയിരുന്നു. തുടര്‍ന്ന് ബിയര്‍ പാര്‍സല്‍ വേണമെന്ന് ആവശ്യപ്പെട്ട ഇവരോട് പാര്‍സല്‍ നല്‍കാനാവില്ലെന്ന് അറിയിച്ചു.
മദ്യ ലഹരിയിലായ യുവാക്കള്‍ തൊഴിലാളികളുമായി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് സംഘര്‍ശത്തില്‍ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലിസുമായി സംഘം സംഘര്ശമുണ്ടായി. ഈ സംഭവത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. കുന്നംകുളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."