പനി: സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 11,132 പേര്‍
മലപ്പുറം: മഴ കനത്തതോടെ ജില്ല പനിപ്പേടിയില്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 11,132 പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ചു ചികിത്സ തേടിയത്. ഈ മാസം മാത്രം ഒന്‍പതു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ വര്‍ഷം 62 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്ക്.
മലയോര മേഖലയിലാണ് പനി ബാധിതര്‍ കൂടുതലുള്ളത്. മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. ജില്ലയില്‍ 59 പേര്‍ക്കാണ് ഈ വര്‍ഷം ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ജനുവഞ്ച്യില്‍ 18, ഫെബ്രുവരിയില്‍ അഞ്ച്, മാര്‍ച്ചില്‍ നാല്, ഏല്ല്രില്‍ മൂന്ന്, മെയ് മാസത്തില്‍ 23, ജൂണില്‍ ഇതുവരെ ഒന്‍പത് എന്നിങ്ങനെയാണ് ഡെങ്കി സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഡെങ്കിപ്പനി പടര്‍ത്തുന്ന കൊതുകുകളുടെ സാന്ദ്രത ജില്ലയില്‍ അപകടകരമായ രീതിയില്‍ വര്‍ധിക്കുകയാണ്.
വേനല്‍മഴ ഇടവിട്ടു പെയ്യുന്നതു കൊതുകുകള്‍ പെറ്റുപെരുകാനിടയാക്കുന്നുണ്ട്. ആരോഗ്യവകുപ്പ് കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വീടുകള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനാകുന്നില്ലെന്നു ജില്ലാ ആരോഗ്യ വിഭാഗം പറയുന്നു.
ഓടകള്‍, ഉപേക്ഷിക്കപ്പെട്ട ടയറുകള്‍, വെട്ടിയ മുളങ്കുറ്റികള്‍ എന്നിവയെല്ലാം ഡെങ്കി കൊതുകുകള്‍ പെരുകാന്‍ വഴിയൊരുക്കുന്നുണ്ട്. പല തദ്ദേശഭരണ സ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളിലും കൊതുകു നശീകരണത്തിലും വീഴ്ചവരുത്തിയതും പ്രതിസന്ധി സൃഷ്ടിച്ചു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ആരോഗ്യ ജാഗ്രതാ കാംപയിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിരോധ നടപടികള്‍ക്കു രൂപംനല്‍കിയിരുന്നു. മാലിന്യസംസ്‌കരണം, കൊതുകു നശീകരണം തുടങ്ങിയവ നടത്താനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, പലയിടങ്ങളിലും ഇതു കാര്യക്ഷമമായി നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."