ചൈനയില്‍ ദുരൂഹത? ആരോപണം ശക്തിപ്പെടുന്നു
ബെയ്ജിങ്: ലോകത്തെ സമ്പദ്‌വ്യവസ്ഥയും സൈ്വര്യജീവിതവും തകര്‍ത്ത കൊറോണ വൈറസ് ചൈനയില്‍ നിര്‍മിച്ചതാണെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയതിനു പിന്നാലെ, രാജ്യത്തെ മരണസംഖ്യയില്‍ വര്‍ധനവ് വരുത്തി ചൈന രംഗത്തുവന്നത് ദുരൂഹതയുണര്‍ത്തുന്നു. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നത്.
വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിലെ ലാബില്‍നിന്നു നിര്‍മിക്കപ്പെട്ടതാണ് കൊറോണ വൈറസെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനോട്, തങ്ങള്‍ അത് അന്വേഷിച്ച് കണ്ടെത്തുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ മറുപടി. നേരത്തെ, ചൈന തെറ്റായ വിവരങ്ങള്‍ പുറത്തുവിടുന്നെന്ന് ആരോപിച്ചിരുന്ന അമേരിക്ക, ചൈന പറയുന്നതു മാത്രം വിശ്വസിക്കുന്നുവെന്നാരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്കു നല്‍കുന്ന ഫണ്ട് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മരണസംഖ്യ, വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചൈന ഒളിച്ചുകളിക്കുന്നതായി ആരോപിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ രംഗത്തെത്തിയിരുന്നത്. ചൈന കാര്യങ്ങളുടെ വസ്തുത വ്യക്തമാക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ നിഷേധിച്ചിരുന്ന ചൈന, എന്നാല്‍ ഇതിനു പിന്നാലെ വുഹാനിലെ മരണസംഖ്യയില്‍ വര്‍ധനവ് വരുത്തി രംഗത്തെത്തുകയായിരുന്നു.
ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നു വിവരങ്ങള്‍ ലഭിക്കാന്‍ വൈകിയതു കാരണമാണ് നേരത്തെ ഇത്രയും മരണങ്ങള്‍ പുറത്തുവിടാതിരുന്നതെന്നാണ് ചൈന ഇപ്പോള്‍ അവകാശപ്പെടുന്നത്. ചിലര്‍ വീട്ടില്‍വച്ചു മരിച്ചതായും അവരുടെ കണക്കുകള്‍ നേരത്തെ അധികൃതര്‍ക്കു ലഭിച്ചില്ലെന്നും ചൈന വ്യക്തമാക്കുന്നു. വൈറസിന്റെ വ്യാപനം രൂക്ഷമായിരുന്ന സമയത്ത് ആശുപത്രികള്‍ ചികിത്സയില്‍ മാത്രം ശ്രദ്ധിച്ചതുകൊണ്ടാണ് ഈ വൈകലുണ്ടായതെന്നും ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. വുഹാനില്‍ 325 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വുഹാനില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50,333 ആയി ഉയര്‍ന്നു.
കൊവിഡ് വ്യാപനത്തില്‍നിന്നു കരകയറിയെന്നു വ്യക്തമാക്കി നേരത്തെ രംഗത്തെത്തിയിരുന്ന ചൈന, വുഹാനിലെയടക്കം ചില നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും ചെയ്തിരുന്നു. എന്നാല്‍, രാജ്യത്തു കൊവിഡിന്റെ രണ്ടാം വരവുണ്ടാകുമെന്നു വ്യക്തമാക്കി വിദഗ്ധര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതിനിടെ, വിദേശത്തുനിന്നെത്തിയ കൂടുതല്‍ പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചതായും ചൈന അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 26 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതായും ഇതില്‍ 15 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."